സോഷ്യലിസ്റ്റ് ജനതയെ യു.ഡി.എഫിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത് കെ. കൃഷ്ണന്‍ കുട്ടി: വിരേന്ദ്ര കുമാര്‍
Kerala
സോഷ്യലിസ്റ്റ് ജനതയെ യു.ഡി.എഫിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത് കെ. കൃഷ്ണന്‍ കുട്ടി: വിരേന്ദ്ര കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st July 2013, 2:39 pm

[]കോഴിക്കോട്: ##സോഷ്യലിസ്റ്റ്ജനത യു.ഡി.എഫിലേക്ക് മാറാന്‍ കാരണം മുന്‍ സെക്രട്ടറി ജനറല്‍ ##കെ.കൃഷ്ണന്‍കുട്ടിയായിരുന്നെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് ##എം.പിവിരേന്ദ്രകുമാര്‍.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇതിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. കെ. കൃഷ്ണന്‍ കുട്ടി ഇതുസംബന്ധിച്ച് തിരുവഞ്ചൂരുമായി ചര്‍ച്ച നടത്തിയതായി തിരുവഞ്ചൂര്‍ തന്നോട് പറഞ്ഞിരുന്നെന്നും വിരേന്ദ്ര കുമാര്‍ പറഞ്ഞു.[]

കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന പാര്‍ട്ടി ജില്ലാ സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിരേന്ദ്ര കുമാര്‍. ലോകസഭാ മത്സരത്തില്‍ തനിക്ക് കോഴിക്കോട് സീറ്റ് കിട്ടാത്തതിന്റെ പേരിലാണ് ഇടത് മുന്നണി വിടുന്നതെന്നായിരുന്നു കൃഷ്ണന്‍ കുട്ടി പറഞ്ഞിരുന്നത്.

എന്നാല്‍ ഇത് ശരിയല്ല. തന്റെ സീറ്റ് അനുയോജ്യരായ മറ്റാര്‍ക്കെങ്കിലും കൊടുക്കണമെന്ന് താന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനോടും കെ. കൃഷ്ണന്‍ കുട്ടിയോടും പറഞ്ഞിരുന്നു.

സാഷ്യലിസ്റ്റ് ജനത വ്യക്തി താത്പര്യത്തില്‍ അധിഷ്ഠിതമായ പാര്‍ട്ടിയല്ല. പക്ഷേ, ഇങ്ങനെയാണ് കൃഷ്ണന്‍ കുട്ടിയും എം.കെ പ്രേം നാഥും പ്രസംഗിക്കുന്നത്. കൃഷ്ണന്‍ കുട്ടി സ്വന്തം താത്പര്യത്തിനനുസരിച്ച് പാര്‍ട്ടിയെ ഉപയോഗിക്കുകയായിരുന്നു.

യു.ഡി.എഫ് ടിക്കറ്റില്‍ ചിറ്റൂര്‍ സീറ്റില്‍ മത്സരിച്ച് മന്ത്രിയാകാനായിരുന്നു കൃഷ്ണന്‍കുട്ടിയുടെ നീക്കം. അതിനാല്‍ തന്നെ അദ്ദേഹത്തിന് വേണ്ടിയാണ് പാര്‍ട്ടി ഇടത് മുന്നണി വിട്ടത്.

യു.ഡി.എഫുമായി കൃഷ്ണന്‍ കുട്ടി ചര്‍ച്ച നടത്തിയത് താന്‍ അറിയാതെയാണ്. യുഡിഎഫ് വിട്ട് വീണ്ടും ഇടതുമുന്നണിയിലേക്ക് പോകണമെന്നാണ് പിന്നീട് കൃഷ്ണന്‍കുട്ടി പറഞ്ഞത്. ഒരു മുന്നണിയില്‍ നിന്നും കാരണമില്ലാതെ മറ്റൊരു മുന്നണിയിലേക്ക് പോകുന്നത് രാഷ്ട്രീയ മര്യാദയല്ലെന്നും വിരേന്ദ്ര കുമാര്‍ പറഞ്ഞു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്താതിരുന്നത് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ക്ഷീണം സംഭവിക്കാന്‍ ഇടയാക്കി. ഇതിനെല്ലാം കാരണക്കാരാണ് പാര്‍ട്ടിയില്‍ നിന്നും ഇപ്പോള്‍ പുറത്തുപോയിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സോഷ്യലിസ്റ്റ് ജനതക്ക് നാല് സീറ്റാണ് നല്‍കിയിരുന്നത്. ജയിക്കാവുന്ന നെന്മാറ സീറ്റ് ലഭിച്ചിട്ടും ചിറ്റൂര്‍ സീറ്റിന് വേണ്ടി നിര്‍ബന്ധം പിടിച്ചത് കൃഷ്ണന്‍ കുട്ടിയാണ്.

കൃഷ്ണന്‍ കുട്ടിയുടെ നിര്‍ബന്ധം മൂലമാണ് നെന്മാറ സീറ്റ് വേണ്ടെന്ന് വെച്ചത്. പാര്‍ട്ടി സ്ഥാനാര്‍ഥി മത്സരിച്ച എലത്തൂര്‍ സീറ്റില്‍ പരാജയപ്പെടാന്‍ കാരണം കൃഷ്ണന്‍കുട്ടിയുടെ നിലപാടായിരുന്നു.

കൃഷ്്ണന്‍ കുട്ടിയുടെ ഇതേ  നിലപാട് തന്നെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയ എം.കെ പ്രേം നാഥും സ്വീകരിച്ചിരുന്നത്. തുടര്‍ച്ചയായി ഇത്തരം പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതിനാണ് ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.