പാലക്കാട്: ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടെ നീങ്ങണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അങ്ങനെ പറയുമ്പോള്‍ മനുഷ്യാവകാശമൊക്കെ പൊക്കി ആളുകള്‍ വരുമെന്നും പക്ഷെ ജീവനാണ് വലുതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് കൊലപാതക സംഭവങ്ങള്‍ അറിഞ്ഞയുടന്‍ മുഖ്യമന്ത്രിയെ വിളിച്ചിരുന്നുവെന്നും ശക്തമായ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു.
‘രണ്ട് വിഭാഗവും വിചാരിച്ചാലേ സമാധാനം പുലരൂ. അണികളെ ഇത്തരത്തില്‍ വെട്ടികൊലപ്പെടുത്തുന്നത് ശരിയല്ലല്ലോ. പൊലീസ് ശക്തമായി അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടെ നീങ്ങണം. അങ്ങനെ പറയുമ്പോള്‍ മനുഷ്യാവകാശമൊക്കെ പൊക്കി നിങ്ങള്‍ വരും, പക്ഷെ ജീവനാണ് വലുത്. പൊലീസ് ബലപ്രയോഗം നടത്തേണ്ടി വരും. എന്നാല്‍ മാത്രമേ വേര് കണ്ടെത്താന്‍ കഴിയൂ.
തീവ്രവാദികളെപോലെയാണ് അവര്‍ പെരുമാറുന്നത്. വര്‍ഗീയ ലഹളകൊണ്ടുവരികയെന്നതാണ് ലക്ഷ്യം. രണ്ട് ചേരിയാക്കി സംസ്ഥാനത്തെ തിരിക്കുകയെന്നതാണ് ഇരുവിഭാഗവും ലക്ഷ്യം വെക്കുന്നത്,’ മന്ത്രി പറഞ്ഞു.
തുടര്‍ച്ചയായി നടത്തുന്ന കൊലപാതകങ്ങളിലൂടെ കേരളത്തെ പകുത്തെടുക്കാനാണ് രണ്ട് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നതെന്ന് സ്പീക്കര്‍ എം. ബി. രാജേഷ് നേരത്തെ പറഞ്ഞിരുന്നു. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ഈ രണ്ട് ശക്തികളും. ഇത്തരം വര്‍ഗീയ ശക്തികളെ സമൂഹത്തില്‍ നിന്നും പരിപൂര്‍ണ്ണമായും ഒറ്റപ്പെടുത്തണം. അതോടൊപ്പം സമാധാനകാംക്ഷികളെ ഒന്നിപ്പിക്കാനുളള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലയാളികള്‍ ഉപയോഗിച്ച ഒരു ബൈക്കിന്റെ ഉടമയെ കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളതെന്നാണ് വിവരം.
ഇവര്‍ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
സി.സി.ടി.വി ദൃശ്യങ്ങളും ബൈക്കുകളുടെ നമ്പരും പിന്തുടര്‍ന്നാണ് പ്രതികളിലേക്കെത്തിയതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Content Highlights: K Krishnankutty speaks about Palakkad murder