തിരുവനന്തപുരം: കര്‍ണാടകയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ തന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ പ്രതികരണവുമായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. എന്‍.ഡി.എയുമായുള്ള ബന്ധം പണ്ടേ ഉപേക്ഷിച്ചതാണെന്നും പരിശോധിച്ചതിന് ശേഷം നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ചിത്രം ഉള്‍പ്പെടുത്താന്‍ ബി.ജെ.പിക്ക് അനുവാദം നല്‍കിയിട്ടില്ല. നാടിനെ നശിപ്പിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ആ പാര്‍ട്ടിയുടെ കൂടെ പോകാന്‍ സാധിക്കാത്തതിനാലാണ് കേരളത്തില്‍ ജെ.ഡി.എസ് സ്വതന്ത്രമായി നില്‍ക്കാമെന്ന് തീരുമാനിച്ചത്. ആ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കും,’ കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
പോസ്റ്റര്‍ നിര്‍മിച്ചത് കേരളത്തിലാണോ കര്‍ണാടകയിലാണോ എന്ന് പരിശോധിച്ച് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഇടത് മുന്നണിയില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്ന് കേരളത്തിലെ ജെ.ഡി.എസ് നേതാവ് മാത്യൂ ടി. തോമസും പറഞ്ഞു.
‘ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കും ഞങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്റര്‍ അടിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. ഞങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ വോട്ട് കിട്ടുമെന്ന തോന്നല്‍ കര്‍ണാടകത്തിലെ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുമില്ല. അതിനാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നാണ് കരുതുന്നത്. ഇടതുപക്ഷ മുന്നണിയിലെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാണ് കേരളത്തിലെ എല്ലാ ജെ.ഡി.എസ് പ്രവര്‍ത്തകരും പരിശ്രമിക്കുന്നത്. പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പോസ്റ്ററുകള്‍ സൃഷ്ടിക്കുന്നത്,’ മാത്യു ടി. തോമസ് പറഞ്ഞു.
ജെ.ഡി.എസിന്റെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി. തോമസിന്റെയും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസമാണ് കർണാടകയിലെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ദേശീയ തലത്തിൽ ജെ.ഡി.എസ് ബി.ജെ.പിക്കൊപ്പമാണെങ്കിലും കേരളത്തിൽ എൽ.ഡി.എഫ് മുന്നണിക്കൊപ്പമാണ് പാർട്ടി.
ബെംഗളൂരു റൂറലിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ ദേവഗൗഡയുടെ മരുമകൻ ഡോ. മഞ്ജുനാഥയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററിലാണ് കേരളത്തിലെ നേതാക്കളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയത്. ജെ.ഡി.എസിന്റെ സേവാദൾ നേതാവ് ബസവരാജാണ് പോസ്റ്റർ പുറത്ത് വിട്ടത്.
എന്നാൽ പരിപാടി നടന്ന സ്റ്റേജിലുള്ള പോസ്റ്ററിൽ നേതാക്കളുടെ ചിത്രം ഉണ്ടായിരുന്നില്ല. ഇത് സേവാദൾ ഇറക്കിയ പോസ്റ്ററാണെന്നും പാർട്ടിക്ക് ഇതിൽ പങ്കില്ലെന്നുമാണ് ബി.ജെ.പി വിഷയത്തോട് പ്രതികരിച്ചത്.
Content Highlight: K Krishnankutty and Mathew T. and Thomas against poster with the BJP candidate in Karnataka