ബംഗലുരു: ജെ.ഡി.എസ്സില്‍ നിന്ന് കെ.കൃഷ്ണന്‍ കുട്ടി എം.എല്‍.എയെ പുതിയ മന്ത്രിയായി നിയമിക്കും. ജലവിഭവവകുപ്പ് മന്ത്രിയും ജെ.ഡി.എസ് എം.എല്‍.എയുമായ മാത്യു ടി.തോമസ് രാജിവെക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ജെ.ഡി.എസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബംഗലുരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
ചിറ്റൂരില്‍ നിന്നുള്ള എം.എല്‍.എയും ജെ.ഡി.എസ് സംസ്ഥാനപ്രസിഡന്റുമാണ് കെ.കൃഷ്ണന്‍കുട്ടി. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം.
ധാരണപ്രകാരം മാത്യു ടി. തോമസ് മന്ത്രിസ്ഥാനം ഒഴിഞ്ഞില്ലെന്ന് കാട്ടി ജെ.ഡി.എസ്സില്‍ ചേരിപ്പോര് ശക്തമായിരുന്നു. മാത്യു ടി. തോമസ്സിനെതിരെ പല തവണ എംഎല്‍എമാരായ കെ.കൃഷ്ണന്‍കുട്ടിയും സി.കെ.നാണുവും ദേശീയനേതൃത്വത്തിന് മുന്നില്‍ പരാതിയുമായെത്തി.
ഒടുവില്‍ ചേരിപ്പോര് രൂക്ഷമായതോടെയാണ് ജെ.ഡി.എസ് ദേശീയാധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡ പ്രശ്‌നത്തിലിടപെട്ടത്. ഇന്ന് മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ജനതാദള്‍ സംസ്ഥാനനേതാക്കള്‍ ദേവഗൗഡയുമായി നേരിട്ട് ചര്‍ച്ച നടത്തി. കെ.കൃഷ്ണന്‍കുട്ടി, സി.കെ.നാണു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയും ചര്‍ച്ചയിലുണ്ടായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ദേവഗൗഡ നിര്‍ദേശിച്ചെങ്കിലും മാത്യു ടി.തോമസ് എത്തിയില്ല. ഒടുവില്‍ മന്ത്രിയോട് സ്ഥാനമൊഴിയാന്‍ ദേവഗൗഡ തന്നെ നേരിട്ട് നിര്‍ദേശിച്ചു.
മാത്യു ടി.തോമസ് നേരത്തേയും പാര്‍ട്ടി പറയുന്നത് കേട്ടിട്ടുണ്ടെന്നും തീരുമാനം അദ്ദേഹം അംഗീകരിച്ചതായും ഡാനിഷ് അലി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മന്ത്രിയെ മാറ്റുകയാണെന്ന് മുഖ്യമന്ത്രിയെ ജെ.ഡി.എസ് രേഖാമൂലം അറിയിച്ചു.
മാത്യു. ടി തോമസിന്റെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടായിരിക്കും സ്ഥാനം ഏറ്റെടുക്കുന്നത് എന്ന് കെ.കൃഷ്ണന്‍ കുട്ടി പ്രതികരിച്ചു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ താന്‍ ഒപ്പമുണ്ടാകുമെന്നുമായിരുന്നു കൃഷ്ണല്‍കുട്ടി എം.എല്‍.എയുടെ പ്രതികരണം. മന്ത്രിയാക്കിയതില്‍ ദേശീയ നേതൃത്വത്തിനോട് താന്‍ നന്ദി പറയുന്നുവെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.