| Friday, 29th March 2024, 8:45 pm

വീട്ടില്‍ പാകം ചെയ്ത ഭക്ഷണവും കിടക്കയും അനുവദിക്കണം; മദ്യനയക്കേസിൽ ജയിലിൽ തുടരുന്നതിനിടെ പരാതിയുമായി കെ. കവിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വീട്ടില്‍ പാകം ചെയ്ത ഭക്ഷണവും കിടക്കയും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാരത് രാഷ്ട്ര സമിതി നേതാവ് കെ. കവിത റൗസ് അവന്യൂ കോടതിയില്‍ പരാതി നല്‍കി. അപേക്ഷ പരിഗണിച്ച് തിഹാര്‍ ജയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ പറഞ്ഞു.

ദൽഹി മദ്യനയക്കേസിൽ തിഹാർ ജയിലിൽ തുടരുന്നതിനിടെയാണ് പരാതിയുമായി അവർ കോടതിയെ സമീപിച്ചത്. തന്റെ ആരോഗ്യത്തിന് വേണ്ടി വീട്ടില്‍ പാകം ചെയ്ത ഭക്ഷണം അനുവദിക്കുകയും കിടക്ക നല്‍കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കവിത പറഞ്ഞു.

ഇതിന് പുറമേ ചെരിപ്പ്, ബെഡ്ഷീറ്റ്, പുസ്തകങ്ങള്‍, പുതപ്പ്, പേന, പേപ്പറുകൾ, ആഭരണങ്ങള്‍, മരുന്ന് മുതലായവ നല്‍കാന്‍ അധികാരികളോട് നിര്‍ദേശിക്കണമെന്നും അവര്‍ അപേക്ഷയില്‍ പറഞ്ഞു.

ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിക്കൊണ്ടുള്ള കോടതി ഉത്തരവിനെ തുടര്‍ന്നാണ് പരാതിയുമായി കവിത റൗസ് അവന്യൂ കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഉത്തരവില്‍ കവിതക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ ഒഴിഞ്ഞ് മാറുകയായിരുന്നു.

കവിതയുടെ പരാതി പരിഗണിച്ച റൗസ് അവന്യു കോടതിയിലെ പ്രത്യേക ജഡ്ജി കാവേരി തിഹാര്‍ ജയില്‍ അധികൃതരുടെ വിശദീകരണം തേടിയിട്ടുണ്ട്. ഏപ്രില്‍ ഒമ്പത് വരെയാണ് മദ്യനയക്കേസില്‍ റൗസ് അവന്യു കോടതി കവിതയെ കസ്റ്റഡിയില്‍ വിട്ടത്. മാര്‍ച്ച് 15നാണ് ഇ.ഡി കവിതയെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ കവിതയുടെ വസതിയില്‍ നടന്ന റെയ്ഡിന് പിന്നാലെ ആിരുന്നു അറസ്റ്റ്.

ദല്‍ഹി മദ്യനയക്കേസ് നയരൂപീകരണത്തില്‍ ആനുകൂല്യം ലഭിക്കാന്‍ കവിത എ.എ.പി നേതാക്കളായ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള നേതാക്കളുമായി ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞെന്ന് ഇ.ഡി ആരോപിച്ചിരുന്നു.

ഇതിന്റെ ഭാഗമായി 100 കോടി രൂപ കവിതക്ക് നല്‍കിയെന്നുമാണ് ഇ.ഡിയുടെ വാദം. കേസിന്റെ ഭാഗമായി ദല്‍ഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ തുടങ്ങി രാജ്യത്തുടനീളമുള്ള 245 സ്ഥലങ്ങളിലാണ് ഇ.ഡി ഇതുവരെ പരിശോധന നടത്തിയത്. എ.എ.പിയുടെ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായര്‍ ഉള്‍പ്പടെ 15 പേരെ കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlight: K Kavitha moves court over no home-cooked food, mattress in Tihar Jail

We use cookies to give you the best possible experience. Learn more