| Monday, 10th April 2023, 6:00 pm

കെ.കെ. രമ എം.എല്‍.എയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; എം.വി ഗോവിന്ദന്‍, സച്ചിന്‍ ദേവ് എം.എല്‍.എ, ദേശാഭിമാനി എന്നിവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭ സംഘര്‍ഷത്തില്‍ കയ്യില്‍ പരിക്കേറ്റ കെ.കെ രമ എം.എല്‍.എയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, സച്ചിന്‍ ദേവ് എം.എല്‍.എ, ദേശാഭിമാനി പത്രം എന്നിവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ്.

സമൂഹ മാധ്യമങ്ങളും മുഖ്യധാര മാധ്യമങ്ങളും വഴി നടത്തിയ പ്രചാരണത്തിലാണ് കെ.കെ. രമ എം.എല്‍.എ മാനനഷ്ട കേസ് നല്‍കാന്‍ തീരുമാനിച്ചെവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കില്‍ ഒരു കോടി രൂപയുടെ മാനനഷ്ടകേസും ക്രിമിനല്‍ കേസും ഫയല്‍ ചെയ്യുമെന്നാണ് അഡ്വ. പി.കുമാരന്‍കുട്ടി മുഖേന അയച്ച നോട്ടീസില്‍ പറയുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ രമയുടെതാണെന്ന് പറഞ്ഞുകൊണ്ട് വ്യാജ എക്‌സറെയും പ്ലാസ്റ്ററിട്ടത് വെറും നാടകമാണെന്നും പ്രചാരണം നടന്നിരുന്നു.

നേരത്തേ സച്ചിന്‍ദേവ് എം.എല്‍.എക്കെതിരെ കെ.കെ. രമ പരാതി നല്‍കിയിരുന്നു. സച്ചിന്‍ദേവ് പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് നിയമസഭാ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയത്.

നിയമസഭയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കെ.കെ. രമയുടെ പരിക്ക് വ്യാജമാണെന്ന രീതിയില്‍ സച്ചിന്‍ ദേവ് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഈ പ്രചരണം സി.പി.ഐ.എം സൈബര്‍ അണികളുടെ നിലവാരത്തിലുള്ളതാണെന്ന് കെ.കെ. രമ ആരോപിച്ചു.

‘ഇന്‍ ഹരിഹര്‍ നഗറിനും, ടു ഹരിഹര്‍ നഗറിനും ശേഷം ലാല്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍.

ഇതില്‍ ഇടത് കയ്യിലുണ്ടായിരുന്ന തിരുമുറിവ് വലത് കയ്യിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയില്‍ നടന്ന സംഭവങ്ങള്‍ക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം….തോമസൂട്ടി വിട്ടോടാ..’,എന്നാണ് സച്ചിന്‍ ദേവ്, രമയുടെ ചിത്രത്തോടൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

content highlight: K.K. The case of defamation of Rama MLA; Lawyer notice against MV Govindan, Sachin Dev MLA, Desabhimani

We use cookies to give you the best possible experience. Learn more