തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ട നാലുമാസം പ്രായമുള്ള കുഞ്ഞിന് ജന്മനാ ഹൃദയ-ശ്വാസകോശ പ്രശ്‌നമുണ്ടായിരുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുഞ്ഞിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തിയിരുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കുട്ടി എത്തുമ്പോള്‍ തന്നെ വളരെ ഗുരുതരമായിരുന്നു അവസ്ഥ. ജന്മനാ തന്നെ വൈകല്യങ്ങളുള്ള കുട്ടിയായിരുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ശ്വാസ കോശ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.
നേരത്തെ അവര്‍ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു കുഞ്ഞിനെ കാണിച്ചിരുന്നത്. അവിടെ നിന്നും അവര്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
വലിയ ശ്വാസതടസം ഉള്ളതുകൊണ്ട് കൊവിഡ് വാര്‍ഡിലേക്ക് മാറ്റുകയും കൊവിഡ് പരിശോധന നടത്തുകയുമായിരുന്നു. പോസിറ്റീവാണെന്നായിരുന്നു റിസള്‍ട്ട്. രണ്ടാമതൊരു റിസള്‍ട്ട് ലഭിക്കുന്നതിന് മുന്‍പ് തന്നെ കുഞ്ഞ് മരണപ്പെട്ടു.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞുശ്രമിച്ചു. ജനിച്ചപ്പോള്‍ തന്നെ വളര്‍ച്ചാ കുറവും ഉണ്ടായിരുന്നു. അത്തരം കുട്ടികള്‍ക്ക് കൊവിഡ് വന്നാല്‍ രക്ഷപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്.
ഇന്ന് രാവിലെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിക്കുന്നത്. ഖേദകരമായ സംഭവമാണ്. കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നു. കുട്ടിയുടെ വീട്ടിലാരും പുറത്ത് നിന്ന് വന്നവരില്ല. പുറത്തുനിന്ന് വന്നവരുള്ള ചിലയാളുകളുമായി ബന്ധമുണ്ടാകാനുള്ള സാധ്യത കണ്ടിട്ടുണ്ട്.
ഇത്തരത്തില്‍ അസുഖമുള്ള കുട്ടികള്‍ക്ക് ചെറിയ സാന്നിധ്യം ഉണ്ടായാല്‍ തന്നെ വൈറസ് ബാധ പെട്ടെന്ന് ഉണ്ടാകും. ഇതില്‍ അന്വേഷണം നടത്തുകയാണ്. ചില കോണ്‍ടാക്ട് ഉണ്ടായെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസിലായിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
60 വയസിന് മുകളിലുള്ളവരും മറ്റ് അസുഖങ്ങള്‍ ഉള്ളവരും വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത്തരം അസുഖമുള്ള ആളുകള്‍ക്ക് കൊവിഡ് പിടിപെട്ടാല്‍ ജീവന്‍ രക്ഷിക്കുക വലിയ ബുദ്ധിമുട്ടായി മാറും. അതുകൊണ്ട് തന്നെ എല്ലാവരും ശ്രദ്ധിക്കേണ്ടതായുണ്ട്. രോഗബാധ ഒഴിഞ്ഞുപോയി എന്ന് പറയാനായിട്ടില്ല. എങ്കിലും രോഗം ബാധിക്കുന്ന അളവ് കുഞ്ഞിട്ടുണ്ട്. സുഖപ്പെട്ട് പോകുന്ന ആളുകളുടെ എണ്ണം കൂടി.
മരണനിരക്കും കുറവാണ്. അത്രയധികം ശ്രമിച്ചാണ് ഇതെല്ലാം സാധിക്കുന്നത്.
രോഗത്തെ തടയാനാണ് കര്‍ശന നടപടി എടുക്കുന്നത് അത് മനസിലാക്കാന്‍ എല്ലാവരും തയ്യാറാകണം. നെഗറ്റീവ് ആകുന്നതുവരെ നമ്മള്‍ റിപ്പീറ്റ് ടെസ്റ്റ് നടത്തുന്നുണ്ട്. പത്തനംതിട്ടയിലെ കേസ് നെഗറ്റീവ് ആയിക്കിട്ടിയത് വളരെ ആശ്വാസകരമാണ്.
ഹൃദയസംബന്ധമായ അസുഖമുള്ള ചിലരെ രക്ഷിക്കാന്‍ സാധിച്ചു. എന്നാല്‍ ചിലത് നമ്മുടെ കൈകയില്‍ ഒതുങ്ങുന്നതല്ല. ഒരു ഡോക്ടറോ ഒരു വിദഗ്ധനോ അല്ല ഒരു സംഘം ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കുന്നത്. ഒരു ജീവന്‍ പോലും പൊലിയാതിരിക്കാനാണ് ശ്രമമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.