തിരുവനന്തപുരം: മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നുവെന്ന് കെ.കെ ശൈലജ. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല ഏതായാലും അംഗീകരിക്കുമെന്നും ശൈലജ പറഞ്ഞു. മറ്റു പ്രതികരണങ്ങളൊന്നും മന്ത്രി നടത്തിയിട്ടില്ല.
കോടിയേരി ബാലകൃഷ്ണനാണ് പുതുമുഖ പട്ടിക മുന്നോട്ടുവെച്ചത്. 88 പേരും പട്ടിക അംഗീകരിച്ചു. ശൈലജയ്ക്കായി വാദിച്ചത് ഏഴ് പേരാണെന്നാണ് വിവരം. ശൈലജയ്ക്ക് മാത്രമായി ഇളവുകള്‍ നല്‍കേണ്ടതില്ലെന്നാണ് യോഗത്തില്‍ തീരുമാനം വന്നത്. എം.വി ജയരാജന്‍ അടക്കം ശൈലജ ടീച്ചറെ പിന്തുണച്ചെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
മന്ത്രിമാരുടെ പട്ടികയില്‍ കെ.കെ ശൈലജയില്ലെന്ന് വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പാര്‍ട്ടി വിപ്പായാണ് കെ. കെ ശൈലജയെ തീരുമാനിച്ചിരിക്കുന്നത്.
പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതിന്റെ ഭാഗമായാണ് കെ.കെ ശൈലജയെയും ഒഴിവാക്കിയത്.
കഴിഞ്ഞ പിണറായി സര്‍ക്കാറില്‍ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയായിരുന്നു കെ.കെ ശൈലജ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി ലോകരാഷ്ട്രങ്ങളുടെ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
രണ്ടാം പിണറായി സര്‍ക്കാരിലും കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കുമെന്ന വിലയിരുത്തലുകള്‍ നിലനിന്നിരുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിത തീരുമാനം ഉണ്ടായിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക