| Saturday, 7th January 2023, 5:02 pm

'രാഷ്ട്രീയ വിമര്‍ശനങ്ങള്‍ സ്ത്രീകള്‍ക്കെതിരാകുമ്പോള്‍ സഭ്യതയുടെ സീമ ലംഘിക്കുന്നു'; ചിന്ത ജെറോമിനെതിരായ പ്രചരണം വാസ്തവ വിരുദ്ധം: കെ.കെ. ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്ത ജെറോമിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രതികരണങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ സ്ത്രീകള്‍ക്കെതിരാകുമ്പോള്‍ കൂടുതല്‍ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകള്‍ ലംഘിക്കുന്നതുമാവുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.

വാസ്തവ വിരുദ്ധമായ കാര്യത്തെ മുന്‍നിര്‍ത്തി സഖാവ് ചിന്ത ജെറോമിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍ നടക്കുന്നതെന്നും കെ.കെ. ശൈലജല പറഞ്ഞു.

‘രാജ്യത്ത് വിവിധങ്ങളായ സ്റ്റാറ്റിയൂട്ടറി കമ്മീഷനുകള്‍ ഇന്ന് നിലവിലുണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനമെന്ന നിലയില്‍ കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നത്. അതിന്റെ പേരില്‍ ഒരാളെ മാത്രം ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്,’ കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചിന്ത ജെറോമിനെതിരെ വലതുപക്ഷ മാധ്യമങ്ങളുടെ ഒത്താശയോടെ നടക്കുന്ന സൈബര്‍ ആക്രമണം പ്രതിരോധിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

വ്യാജ വാര്‍ത്തയെ മുന്‍നിര്‍ത്തി ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകയാണ് എന്ന ഒറ്റ കാരണത്താലാണ് ഈ സൈബര്‍ ആക്രമണം നടക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

‘യുവജന കമ്മീഷന്‍ അധ്യക്ഷ ചുമതല വഹിക്കുന്ന ചിന്ത ജെറോമിനെതിരെ ഒരു വിഭാഗം മുഖ്യധാരാ മാധ്യമങ്ങളുടെ കാര്‍മികത്വത്തില്‍ വലതുപക്ഷ രാഷ്ട്രീയ അണികള്‍ നടത്തുന്ന സൈബര്‍ ആക്രമണം മര്യാദയുടെ സകല സീമകളും ലംഘിച്ച് കൊണ്ട് ക്രൂരവും നിന്ദ്യവുമായ നിലവാരത്തിലേക്ക് മാറിയിരിക്കുകയാണ്.

ചില മാധ്യമങ്ങളുടെ നേതൃത്വത്തിലാണ് കള്ളം ഉല്‍പ്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. വലതുപക്ഷ രാഷ്ട്രീയ അണികളിലെ സംസ്‌കാര ശൂന്യരായ ക്രിമിനല്‍ അണികള്‍ക്ക് ഇത് പ്രോത്സാഹനം നല്‍കുകയും ചെയ്തു,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight:  K.K. Shailaja Says reactions on social media against Chinta Jerome are objectionable

We use cookies to give you the best possible experience. Learn more