തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്ത ജെറോമിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രതികരണങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ സ്ത്രീകള്‍ക്കെതിരാകുമ്പോള്‍ കൂടുതല്‍ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകള്‍ ലംഘിക്കുന്നതുമാവുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.
വാസ്തവ വിരുദ്ധമായ കാര്യത്തെ മുന്‍നിര്‍ത്തി സഖാവ് ചിന്ത ജെറോമിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍ നടക്കുന്നതെന്നും കെ.കെ. ശൈലജല പറഞ്ഞു.
‘രാജ്യത്ത് വിവിധങ്ങളായ സ്റ്റാറ്റിയൂട്ടറി കമ്മീഷനുകള്‍ ഇന്ന് നിലവിലുണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനമെന്ന നിലയില്‍ കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നത്. അതിന്റെ പേരില്‍ ഒരാളെ മാത്രം ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്,’ കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ചിന്ത ജെറോമിനെതിരെ വലതുപക്ഷ മാധ്യമങ്ങളുടെ ഒത്താശയോടെ നടക്കുന്ന സൈബര്‍ ആക്രമണം പ്രതിരോധിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.