കോഴിക്കോട്: വനിത സംവരണ ബില്ല് കേന്ദ്രസര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രമാണെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പില്‍ എഴുത്തോല വേദിയില്‍ വെച്ചുനടന്ന കെ.കെ. ശൈലജയുടെ ‘നിശ്ചയദാര്‍ഢ്യം കരുത്തായി’ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കെ.കെ. ഷാഹിനയുമായി സംസാരിക്കവെയായിരുന്നു പരാമര്‍ശം.
സി.പി.ഐ.എം കേന്ദ്ര പോളിറ്റ് ബ്യൂറോ അംഗമായ ബൃന്ദ കാരാട്ട് കെ.കെ. ശൈലജയുടെ പുസ്തകം പ്രകാശനം ചെയ്തു. പുസ്തകം പ്രകാശനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ ബൃന്ദ കാരാട്ട് സന്തോഷവും പങ്കുവെച്ചു.
കേരളത്തിലെ മാധ്യമങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് അനൂകൂലമായും പ്രതികൂലമായും എം.എല്‍.എ സംസാരിച്ചു. കൊവിഡ്, നിപ പ്രതിരോധത്തില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്നും എന്നാല്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിരുന്നുവെന്നും കെ.കെ. ശൈലജ സൂചിപ്പിച്ചു.
നിലവില്‍ എല്ലാ പൗരന്മാരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ ഏറ്റവും ശ്രദ്ധ ചെലുത്തുന്ന സംസ്ഥാനം കേരളമാണെന്നും പൊതുപ്രവര്‍ത്തന, രാഷ്ട്രീയ മേഖലകളിലേക്ക് സ്ത്രീകള്‍ കടന്നുവരണമെന്നും കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു.
വനിത മുഖ്യമന്ത്രി കേരളത്തിന് ആവശ്യമാണോ എന്ന കെ.കെ. ഷാഹിനയുടെ ചോദ്യത്തിന്, കേരളം ഭരിക്കുന്ന മുഖ്യമന്ത്രി നല്ല ആശയത്തോട് കൂടിയാണ് നാടിനെ മുന്നോട്ട് നയിക്കുന്നതെന്നാണ് എം.എല്‍.എ മറുപടി നല്‍കിയത്.
കേരളത്തില്‍ മതരാഷ്ട്രീയത്തെ ഇല്ലാതാക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും മതങ്ങളുടെ വേര്‍തിരിവില്ലാതെ കേരളം മുന്നോട്ട് പോകണമെന്നും സൂചിപ്പിച്ചിക്കൊണ്ട് മോഡറേറ്റര്‍ കെ.കെ. ഷാഹിന സെഷന്‍ ഉപസംഹരിച്ചു.
Content Highlight: K.K.Shailaja said that the Women’s Reservation Bill is an election goal of the central government