തിരുവനന്തപുരം: എറണാകുളം ലോ കോളേജില്‍ വെച്ച് നടന്ന പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ത്ഥി മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ കെ.കെ. ശൈലജ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശൈലജയുടെ പ്രതികരണം.
അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് കുറ്റമാണെന്ന് ബോധമുണ്ടാകണമെന്ന് പറഞ്ഞ കെ.കെ. ശൈലജ, പൊതുവേദിയില്‍ വെച്ച് മോശം പെരുമാറ്റം ഉണ്ടായപ്പോള്‍ തന്നെ പ്രതികരിച്ച അപര്‍ണയെ അഭിനന്ദിച്ചുകൊണ്ട് കൂടിയാണ് കുറിപ്പെഴുതിയിരിക്കുന്നത്.
”പ്രശസ്ത സിനിമാ താരം അപര്‍ണ ബാലമുരളിയോട് ഒരാള്‍ അപമര്യാദയായി പെരുമാറുന്ന വീഡിയോ കാണാനിടയായി. സമൂഹത്തില്‍ വളര്‍ന്നുവരുന്ന ഇത്തരം അപമര്യാദയോടെയുള്ള പെരുമാറ്റം കർശനമായി ഇടപെട്ട് പരിഹരിക്കാന്‍ നമുക്ക് കഴിയണം.
അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് കുറ്റമാണെന്ന് ബോധമുണ്ടാകണം. പെട്ടെന്നുതന്നെ പ്രതികരിക്കാന്‍ കഴിഞ്ഞ അപര്‍ണക്ക് അഭിവാദ്യങ്ങള്‍,” എന്നാണ് പോസ്റ്റില്‍ പറയുന്നത്.
സിനിമയില്‍ ഇനിയും നല്ല അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ചവെക്കാന്‍ കഴിയട്ടെ എന്ന് അപര്‍ണയെ ആശംസിച്ചുകൊണ്ടാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
നേരത്തെ എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയയും അപര്‍ണയെ പിന്തുണച്ചുകൊണ്ട് പ്രതികരിച്ചിരുന്നു. മറ്റുള്ളവരുടെ സ്വകാര്യതയെ വിവേകപൂര്‍വം തിരിച്ചറിയാനും ബഹുമാനിക്കാനുമാണ് പരിശീലനം കൊടുക്കേണ്ടെന്നായിരുന്നു തഹ്ലിയ പറഞ്ഞത്.
എറണാകുളം ലോ കോളേജില്‍ നടന്ന സംഭവത്തെ ന്യായീകരിക്കുന്നവരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ തഹ്‌ലിയ പറഞ്ഞിരുന്നു.
”എന്റെ ശരീരത്തിലേക്കെന്നല്ല എന്റെ മാനസിക പ്രതലത്തിലേക്കും ഇഷ്ടമില്ലാതെ ഒരാളേയും കയറാന്‍ ഞാന്‍ അനുവദിക്കാറില്ല. അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ പിടിച്ചുപുറത്തിടാനും അനിഷ്ടം തുറന്ന് പ്രകടിപ്പിക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്. അതിനര്‍ത്ഥം അതെളുപ്പമാണെന്നല്ല.
പൊതുവേ അങ്ങനെ ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്വയം പരിക്കേല്‍പ്പിക്കാതെ അങ്ങനെ പ്രവര്‍ത്തിക്കല്‍ പോലും അസാധ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയെ വിവേകപൂര്‍വം തിരിച്ചറിയുകയും ബഹുമാനിക്കാനുമാണ് നാം പരിശീലനം കൊടുക്കേണ്ടത്.
നമ്മുടെ പെണ്‍കുട്ടികളെ ശക്തരും പ്രതികരണ ശേഷിയുമുള്ളവരും ആക്കുന്നതിന്റെ പ്രസക്തിയും ഇവിടെയാണ്. അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റം ന്യായീകരിക്കുന്നവരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു,” എന്നായിരുന്നു തഹ്‌ലിയയുടെ വാക്കുകള്‍.
തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു അപര്‍ണ കോളേജില്‍ എത്തിയത്.
നടിക്ക് പൂവ് സമ്മാനിക്കുവാനായി വേദിയില്‍ കയറിയ വിദ്യാര്‍ത്ഥി അപര്‍ണയുടെ കയ്യില്‍ പിടിച്ചുവലിച്ച് എഴുന്നേല്‍പ്പിക്കുകയും തുടര്‍ന്ന് തോളില്‍ കയറി പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഉടന്‍തന്നെ അപര്‍ണ അതില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.
തുടര്‍ന്ന് ‘എന്തോന്നാടോ, ലോ കോളേജ് അല്ലെ’ എന്ന് അപര്‍ണ പറയുന്നുണ്ട്. അപര്‍ണക്കൊപ്പം നടന്‍ വിനീത് ശ്രീനിവാസന്‍, സംഗീത സംവിധായകന്‍ ബിജിബാല്‍ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Content Highlight: K.K. Shailaja fb post on male student’s inappropriate behaviour towards actress Aparna Balamurali