| Thursday, 12th October 2023, 5:33 pm

ഹമാസ് ആക്രമണത്തെ അപലപിക്കുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റ്‌; വ്യക്തത വരുത്തി കെ.കെ. ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇസ്രഈൽ – ഫലസ്‌തീൻ യുദ്ധവുമായി ബന്ധപ്പെട്ട തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തത വരുത്തി മുൻ മന്ത്രി കെ.കെ. ശൈലജ.
1948 മുതൽ ഫലസ്‌തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണം ഇസ്രഈലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്നാണ് തന്റെ പോസ്റ്റിൽ പറഞ്ഞിരുന്നതെന്ന് പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ കെ.കെ. ശൈലജ വ്യക്തമാക്കി.

ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനസാക്ഷിയുള്ളവർ അപലപിക്കും എന്ന രീതിയിലായിരുന്നു മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ ശൈലജയുടെ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നത്.

ഫലസ്തീനികൾ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണെന്ന എം. സ്വരാജിന്റെ പ്രതികരണം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. ഇതിനിടയിലാണ് വിഷയത്തിൽ വ്യക്തതയുമായി കെ.കെ. ശൈലജ രംഗത്ത് വന്നത്.

ഇടതുപക്ഷം എപ്പോഴും ഫലസ്‌തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഇസ്രഈലിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു. അതേസമയം യുദ്ധതടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ലെന്ന് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നതായും അവർ വ്യക്തമാക്കി.

സമാന ക്രൂരത തന്നെയാണ് ഇസ്രഈലും ഫലസ്‌തീൻ ജനതയോട് ചെയ്യുന്നതെന്നും താൻ പഴയ പോസ്റ്റിൽ പറഞ്ഞിരുന്നതായി അവർ ചൂണ്ടിക്കാട്ടി.

യുദ്ധങ്ങൾ എപ്പോഴും നിരപരാധികളെയാണ് വേട്ടയാടുകയെന്നും ഇസ്രഈൽ പ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ ഇടപെടുന്നില്ലെങ്കിൽ ഇതിലും വലിയ ഭീകരതക്ക് നാം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അവർ പറഞ്ഞു.

Content Highlight: K.K. Shailaja clarifies her facebook post on Israel-Palestine war

Latest Stories

We use cookies to give you the best possible experience. Learn more