വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പിലും കോണ്‍ഗ്രസിന്റെ മീഡിയ വിങ്ങും വ്യക്തിഹത്യ ചെയ്യുകയാണെന്ന് കെ.കെ. ശൈലജ. വടകരയില്‍ ഇടതുപക്ഷ മുന്നണി വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും എല്‍.ഡി.എഫിനോടുള്ള വോട്ടര്‍മാരുടെ അനുകൂല നിലപാടില്‍ വിറളിപൂണ്ടിട്ടാണ് എതിര്‍പക്ഷം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കെ.കെ. ശൈലജ പറഞ്ഞു.
ഈ നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ കുറ്റമാണെന്ന് അറിഞ്ഞിട്ടും പുതിയ രീതികള്‍ അവലംബിച്ച് തനിക്കെതിരെ ഇപ്പോഴും യു.ഡി.എഫ് വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മുന്‍ ആരോഗ്യ മന്ത്രി കൂടിയായിരുന്ന കെ.കെ. ശൈലജ പറഞ്ഞു. സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍, വീഡിയോ ക്ലിപ്പിങ്ങുകള്‍ തുടങ്ങിയ രൂപത്തിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്.
ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും ഒരു സംഘം തന്നെ ഉണ്ടെന്ന് മനസിലാക്കുന്നു. ഒരു രീതിയിലും ധാര്‍മികതയില്ലാത്ത നീക്കങ്ങളാണ് യു.ഡി.ഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും കെ.കെ. ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫിലെ എല്ലാ പ്രവര്‍ത്തകരും ഇതിനുപിന്നില്‍ ഉണ്ടെന്ന് പറയുന്നില്ല. അതിലും ആത്മാഭിമാനം ഉള്ളവരുണ്ടല്ലോ. അവരും ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു.
എന്റെ വടകര കെ.എല്‍18 എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് നിരന്തരമായി വ്യാജമായതും മോശമായതുമായ സന്ദേശങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നതെന്ന് കെ.കെ. ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ മോശമായ ഒരു പ്രതിസന്ധി ഘട്ടത്തില്‍ അകപ്പെട്ടപ്പോള്‍ അവരോടൊപ്പം നിന്ന് ആരോഗ്യ മന്ത്രിയെന്ന നിലയില്‍ ആ വിഷയങ്ങളെ പ്രതിരോധിക്കുകയാണ് ചെയ്തത്. ഒരുപക്ഷെ അതുകൊണ്ടെല്ലാം തനിക്ക് കിട്ടിപ്പോരുന്ന ജനപിന്തുണയില്‍ ഭയന്നിട്ടാവാം യു.ഡി.എഫ് കുപ്രചരണങ്ങള്‍ നടത്തുന്നതെന്നും കെ.കെ. ഷൈലജ ചൂണ്ടിക്കാട്ടി.
തനിക്കെതിരെ കുടുംബ ഗ്രൂപ്പുകളിലും മറ്റും യു.ഡി.എഫ് അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ തന്റെ വേഷവിധാനത്തിനോടും പേരുമാറ്റത്തോടും പുലബന്ധം പോലും അവയ്ക്കില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു.
പാനൂരില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ തനിക്ക് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ നൗഫല്‍ എന്ന ഒരു യുവാവ് തന്നോടൊപ്പമെടുത്ത ഒരു ഫോട്ടോ, കേസിലെ പ്രതി അമല്‍ കൃഷണയോടൊപ്പം ശൈലജ ടീച്ചര്‍ എന്ന വ്യാജേന യു.ഡി.എഫ് പ്രചരിപ്പിച്ചെന്നും കെ.കെ. ഷൈലജ കൂട്ടിച്ചേര്‍ത്തു. നൗഫല്‍ ഇതിനെതിരെ പരാതി കൊടുക്കുമെന്ന് തന്നെ അറിയിച്ചിരുന്നെന്നും കെ.കെ. ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlight: K.K. Shailaja against UDF