| Saturday, 20th April 2024, 5:32 pm

മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല, പോസ്റ്റര്‍ പ്രചരിക്കുന്നു എന്നാണ് പറഞ്ഞത്; കെ.കെ. ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വടകരയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുന്നു എന്ന ആരോപണത്തില്‍ വിശദീകരണവുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ. മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് കെ.കെ. ശൈലജ മാധ്യമങ്ങളോട് പറഞ്ഞത്.

പത്രസമ്മേളനം മുഴുവന്‍ കേട്ടുനോക്കണമെന്നും താന്‍ പറഞ്ഞത് പോസ്റ്റര്‍ പ്രചരിക്കുന്നു എന്നാണെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. ഞാന്‍ പറഞ്ഞത് പോസ്റ്റര്‍ എന്നാണ്. ഒരുപാട് നുണപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഒരു പോസ്റ്ററില്‍ അതിന്റെ തലവെട്ടി എന്റെ മുഖം കൊടുത്ത് അതിനെ വികൃതമാക്കിയെന്നാണ് ഞാന്‍ പറഞ്ഞത്.

ഇതിന്റെ പിന്നിലൊക്കെ പ്രവര്‍ത്തിക്കുന്ന മനോരോഗികള്‍ ആരാണെന്ന് ആളുകള്‍ മനസ്സിലാക്കണമെന്നും കെ.കെ. ശൈലജ പറഞ്ഞു. കേരളത്തിലെ അറിയപ്പെടുന്ന ഒരു ആചാര്യന്റെ ലെറ്റര്‍പാഡ് വെച്ചാണ് എനിക്കെതിരെ വ്യാജപ്രചരണം നടന്നത്. അത് കണ്ട് അവിടെ വിളിച്ച് അന്വേഷിച്ചപ്പോള്‍ അതിനെ പറ്റി അറിഞ്ഞിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്.

മുസ്‌ലിം പേര് ഉപയോഗിച്ച് വ്യാജ ഐ.ഡി ക്രിയേറ്റ് ചെയ്ത് തെറിവിളിച്ചതിന് ശേഷം ഐ.ഡി ഡിലീറ്റ് ചെയ്യുകയാണ്. ഇതിന് വേണ്ടി മാത്രം ഒരു സംഘം ഇറങ്ങിയിട്ടുണ്ട്. എല്ലാവരെയും കൂടെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കണമെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. ഇവരെ പറ്റിയൊക്കെ പൊതുസമൂഹം അറിയണമെന്നും കെ.കെ. ശൈലജ പറഞ്ഞു.

വടകരയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തനിക്കെതിരെ അശ്ലീല ചിത്രങ്ങളും വ്യാജ വീഡിയോകളും പ്രചരിപ്പിക്കുന്നു എന്നാണ് കെ.കെ. ശൈലജ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ സി.പി.ഐ.എം രാഷ്ട്രീയ ആയുധമാക്കിയിരുന്നു.

ഷാഫി പറമ്പിലിന്റെ കൂടെ അറിവോടെയാണ് തന്നെ വ്യക്തിഹത്യ ചെയ്തതെന്ന് ആരോപിച്ച് ശൈലജ ടീച്ചര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു. കേസില്‍ മുസ്‌ലിം ലീ​ഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

Content Highlight:  K.K. Shailaja about morphed video in vadakara

We use cookies to give you the best possible experience. Learn more