പോരാട്ടങ്ങള്‍ക്കൊപ്പം നടന്ന ഒരു മനുഷ്യായുസ്സിന്റെ ചുരുക്കപ്പേര്: വി.എസിന് പിറന്നാള്‍ ആശംസകളുമായി കെ.കെ രമ
Kerala News
പോരാട്ടങ്ങള്‍ക്കൊപ്പം നടന്ന ഒരു മനുഷ്യായുസ്സിന്റെ ചുരുക്കപ്പേര്: വി.എസിന് പിറന്നാള്‍ ആശംസകളുമായി കെ.കെ രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th October 2023, 1:24 pm

വടകര: നൂറിന്റെ നിറവില്‍ നില്‍ക്കുന്ന കേരളത്തിന്റെ സമരനായകന്‍ വി.എസ് അച്യുതാനന്ദന് പിറന്നാള്‍ ആശംസകളുമായി ആര്‍.എം.പി (റെവല്യൂഷനറി മാര്‍ക്‌സിസ്‌റ് പാര്‍ട്ടി) നേതാവും വടകര എം.എല്‍.എയുമായ കെ.കെ രമ. കഠിന ജീവിതപരീക്ഷണങ്ങളുടെ ബാല്യവും ഒരു ദേശത്തിന്റെ ഭാവി നിര്‍ണയിച്ച പോരാട്ടങ്ങള്‍ക്കൊപ്പം നടന്ന കൗമാര യൗവ്വനങ്ങളും രൂപപ്പെടുത്തിയ ഒരു മനുഷ്യായുസ്സിന്റെ ചുരുക്കപ്പേരാണ് വി. എസ് എന്ന് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് കെ.കെ രമ പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.

മലയോരങ്ങളിലെയും തീരദേശങ്ങളിലെയും ദുര്‍ഘടമായ സമര പാതകള്‍ താണ്ടി ഒരു നൂറ്റാണ്ടിന്റെ നിറവില്‍ എത്തുന്ന വി.എസ് കേരളം നെഞ്ചിലേറ്റിയ കമ്മ്യൂണിസ്റ്റ്ക്കാരന്‍ ആണെന്നും രമ പറഞ്ഞു. ടി.പി ചന്ദ്രശേഖരന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭൗതികശരീരം സന്ദര്‍ശിക്കാനും ധീരനായ കമ്മ്യൂണിസ്റ്റാണ് ടി.പി എന്ന് ഈ ലോകത്തോട് വിളിച്ചു പറയാനും അദ്ദേഹം ഒരു നേതൃ പാടവങ്ങളെയും ഭയന്നില്ലെന്നും രമ പോസ്റ്റില്‍ കുറിച്ചു.

ടി.പിയുടെ മരണശേഷം ഒരു നാടാകെ വിറങ്ങലിച്ചു നിന്നു പോയ കാലത്ത് ഒഞ്ചിയത്തെത്തുകയും പിതൃതുല്യമായ സ്‌നേഹത്തോടെയും ഒരു വിപ്ലവകാരിയുടെ സമചിത്തതയോടെയും ചേര്‍ത്ത് പിടിച്ചത് ജീവിതത്തിലെ ദീപ്ത സ്മൃതികളിലൊന്നാണെന്നും അന്ന് പകര്‍ന്ന സമശ്വാസത്തിന്റെ കൂടി ബലത്തിലാണ് ചിതറിപ്പോയ പലതും ഈ നാട് വീണ്ടെടുത്തതെന്നും കെ.കെ രമ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കഠിന ജീവിതപരീക്ഷണങ്ങളുടെ ബാല്യവും ഒരു ദേശത്തിന്റെ ഭാവി നിര്‍ണയിച്ച പോരാട്ടങ്ങള്‍ക്കൊപ്പം നടന്ന കൗമാര യൗവ്വനങ്ങളും രൂപപ്പെടുത്തിയ ഒരു മനുഷ്യായുസ്സിന്റെ ചുരുക്കപ്പേരാണ് വി.എസ്. അതുകൊണ്ടാണ് കേരളം ആ പേര് ഇത്രമേല്‍ നെഞ്ചിലേറ്റുന്നത്.

സമൂഹത്തിലെ ജനവിരുദ്ധര്‍ക്കും ചൂഷക ശക്തികള്‍ക്കുമെതിരെ ഒത്തുതീര്‍പ്പില്ലാതെ അദ്ദേഹം പോരടിച്ചു. ഒപ്പം പാര്‍ട്ടിക്കകത്തെ ജനവഞ്ചകര്‍ക്കെതിരെയും നയവ്യതിയാനങ്ങള്‍ക്കെതിരെയുമുള്ള ആന്തരിക സമരമെന്ന കമ്മ്യൂണിസ്റ്റ് ബാധ്യത കൂടി നിര്‍ഭയം അദ്ദേഹം ഏറ്റെടുത്തു.

കോര്‍പ്പറേറ്റ് വികസന നയങ്ങള്‍ പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളാകുന്ന മനുഷ്യര്‍ തുടങ്ങിവച്ച നവസാമൂഹ്യ സമരങ്ങളും പാരിസ്ഥിതിക മുന്നേറ്റങ്ങളും കൂടിച്ചേര്‍ന്നതാണ് പുതിയ കാലത്തിന്റെ ഇടതുപക്ഷം എന്ന ബോധ്യത്തോടെ കേരളത്തിലെ നിരവധിയായ സമരഭൂമികളില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു.

ദുര്‍ഘടമായ പാതകള്‍ താണ്ടി മലയോരങ്ങളിലും തീരദേശത്തും അദ്ദേഹമെത്തി. അധികാര രാഷ്ട്രീയം കണ്ടില്ലെന്ന് നടിച്ച പോര്‍മുഖങ്ങള്‍ക്ക് ഇന്ധനമായി. അതുതന്നെയാണ് വി. എസിനെ ജനതയുടെ ഉള്ളില്‍ സമരങ്ങളുടെ ഇതിഹാസമായി മാറ്റിയത്.

ടി.പി രക്തസാക്ഷിയായ നാള്‍ ആ ഭൗതികശരീരം സന്ദര്‍ശിക്കാനും ധീരനായ കമ്മ്യൂണിസ്റ്റാണ് ടി.പി എന്ന് ഈ ലോകത്തോട് വിളിച്ചു പറയാനും ഒരു നേതൃ തീട്ടൂരങ്ങളെയും അദ്ദേഹം ഭയന്നില്ല. ഒരു നാടാകെ വിറങ്ങലിച്ചു നിന്നു പോയ അക്കാലത്ത് ഒഞ്ചിയത്തെത്തുകയും പിതൃതുല്യമായ സ്‌നേഹത്തോടെയും ഒരു വിപ്ലവകാരിയുടെ സമചിത്തതയോടെയും ചേര്‍ത്ത് പിടിച്ചത് ജീവിതത്തിലെ ദീപ്ത സ്മൃതികളിലൊന്നാണ്. അന്ന് പകര്‍ന്ന സമശ്വാസത്തിന്റെ കൂടി ബലത്തിലാണ് ചിതറിപ്പോയ പലതും ഈ നാട് വീണ്ടെടുത്തത്.
വിപ്ലവോജ്വലവും ആവേശകരവുമായ ആ സമരധന്യജീവിതം ഒരു നൂറ്റാണ്ടിന്റെ പൂര്‍ണ്ണതയെ തൊടുമ്പോള്‍ സ്‌നേഹത്തോടെ,
ആദരവോടെ,
വിപ്ലവാഭിവാദ്യങ്ങളോടെ
പിറന്നാള്‍ ആശംസകള്‍
കെ.കെ.രമ

 

Content Highlight: K.K Rema wishes V.S on his birthday