| Sunday, 12th March 2023, 5:21 pm

പിണറായിയോട് ഇതുവരെ സംസാരിച്ചിട്ടില്ല, ആ വൈറല്‍ ചിത്രം സംഭവിക്കുന്നത് അങ്ങനെ; കെ.കെ. രമ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും വടകര എം.എല്‍.എയും ആര്‍.എം.പി.ഐ നേതാവുമായ കെ.കെ. രമയും ഒരു പരിപാടിക്കിടെ മുഖത്തോട് മുഖം ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. പ്രതിപക്ഷത്തുള്ള കേരളത്തിലെ നേതാക്കള്‍ ഈ ചിത്രം തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അടുത്തിടെ ഈ പരിപാടിയില്‍ വേദി പങ്കിട്ടതല്ലാതെ താന്‍ എം.എല്‍.എ ആയത് മുതല്‍ മുഖ്യമന്ത്രിയുമായി പേഴ്‌സണലായി ഒരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ലെന്ന് പറയുകയാണ് കെ.കെ.രമ.

ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം. വൈറലായ ചിത്രം ജസ്റ്റ് കടന്നുപോയപ്പോള്‍ സംഭവിച്ച ഒരു നോട്ടം മാത്രമാണെന്നും(just had a passing glance) രമ പറഞ്ഞു.

‘സഭയിലിരിക്കുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് കാണുന്നതല്ലാതെ ഒരിക്കല്‍ പോലും നേരിട്ട് ഞങ്ങള്‍ സംസാരിച്ചിട്ടില്ല. അന്ന് ആ പരിപാടിയില്‍ എന്തോ പറഞ്ഞപ്പോള്‍ എന്നെ നോക്കിപ്പോയതാണ്. എന്നെ മാത്രമായി നോക്കിയതല്ല അത്. അതാണ് ചിത്രം,’ രമ പറഞ്ഞു.

സി.പി.ഐ.എമ്മിലെ നേതാക്കളും ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് എതിരാണെന്നും എം.എം. മണി ഉള്‍പ്പെടെ പാര്‍ട്ടിയിലെ പലരുമായും തനിക്ക് വളരെ അടുത്ത ബന്ധമുണ്ടെന്നും രമ പറഞ്ഞു.

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആര്‍.എം.പി.ഐ ആ മുന്നണണിയുടെ ഭാഗമാകില്ലെന്നും കമ്മ്യൂണിസ്റ്റായ താന്‍ കമ്മ്യൂണിസ്റ്റായി തന്നെ മരിക്കുമെന്നും രമ പറഞ്ഞു.

‘ഞങ്ങള്‍(ആര്‍.എം.പി.ഐ) ഒരിക്കലും യു.ഡി.എഫിന്റെ ഭാഗമാകില്ല. ഞാന്‍ കമ്മ്യൂണിസ്റ്റായി ജീവിച്ചു, കമ്മ്യൂണിസ്റ്റായി മരിക്കും. യു.ഡി.എഫിന് ഒരിക്കലും ആര്‍.എം.പി.ഐ മന്ത്രി ഉണ്ടാകില്ല.

ജനാധിപത്യ മതേതര മുന്നണിയായാണ് യു.ഡി.എഫിനെ ഞാന്‍ കാണുന്നത്. എന്നാല്‍ തെറ്റായ നയങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഞങ്ങള്‍ അവരെ എതിര്‍ക്കും. എതൊരു പാര്‍ട്ടിക്കും അതിജീവിക്കാന്‍ ചില പന്തുണ തേടേണ്ടിവരും. ആ പിന്തുണയാണ് രാഷ്ട്രീയത്തിനതീതമായി യു.ഡി.എഫ് ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.

ഞങ്ങളെ പിന്തുണക്കുന്നതില്‍ കോണ്‍ഗ്രസിന് അതിന്റേതായ ലക്ഷ്യമുണ്ടാകാം, പക്ഷേ ഇന്ന് നിലനില്‍ക്കാന്‍ ആ പിന്തുണ വളരെ പ്രധാനമാണ്,’ കെ.കെ. രമ പറഞ്ഞു.

Content Highlight: K.K. Rema says about viral pic with Pinaryi Vijayan about

We use cookies to give you the best possible experience. Learn more