| Tuesday, 6th December 2022, 10:45 pm

സ്പീക്കര്‍ പാനലില്‍ മൂന്ന് വനിതകളെ തെരെഞ്ഞെടുത്തത് ഇക്കാലത്തും മഹാസംഭവമായി ആഘോഷിക്കേണ്ടിവരുന്നത് ദുഃഖകരം: കെ.കെ. രമ

സ്പോര്‍ട്സ് ഡെസ്‌ക്

തിരുവനന്തപുരം: സ്പീക്കര്‍ പാനലില്‍ മൂന്ന് വനിതകള്‍ തെരെഞ്ഞെടുക്കപ്പെട്ടത് ആഘോഷമാവുന്നത് ജനാധിപത്യ വ്യവസ്ഥിതിയുടെ ആഴത്തിലുള്ള പ്രതിസന്ധിയെയാണ് കാണിക്കുന്നതെന്ന് വടകര എം.എല്‍.എ കെ.കെ. രമ.

ചൊവ്വാഴ്ച നിയമസഭയില്‍ സ്പീക്കറുടെ ചെയറിലിരുന്ന് സഭാ നടപടികള്‍ നിയന്ത്രിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍. ഈ അഭിമാനനിമിഷം തന്റെ പങ്കാളിയായിരുന്ന ടി.പി. ചന്ദ്രശേഖരന് സമര്‍പ്പിക്കുന്നതായും രമ പറഞ്ഞു.

ഇന്ത്യ സ്വതന്ത്രയാവുകയും കേരളാ സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തിട്ട് ഇത്രയും വര്‍ഷമായിട്ടും സ്പീക്കര്‍ പദവിയില്‍ ഒരു സ്ത്രീ ഇരുന്നിട്ടില്ല എന്നത് ദുഃഖകരമായ വസ്തുതയാണെന്നും രമ വ്യക്തമാക്കി.

‘ഇന്ന് സ്പീക്കറുടെ ചെയറിലിരുന്ന് സഭാ നടപടികള്‍ നിയന്ത്രിച്ചു. ഒരു വനിതാ സാമാജിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും സന്തോഷവും ആത്മവിശ്വാസവും പകര്‍ന്ന ഒരു ദിനമാണ് കടന്നുപോയത്.

നല്ല നിലയില്‍ സഭാ നടപടികളുമായി സഹകരിച്ച ഭരണ, പ്രതിപക്ഷ നിരകളിലെ മുഴുവന്‍ സഹപ്രവര്‍ത്തകരേയും സ്‌നേഹമറിയിക്കുന്നു. എങ്കിലും സ്പീക്കര്‍ പാനലില്‍ മൂന്ന് വനിതകള്‍ തെരെഞ്ഞെടുക്കപ്പെട്ടത് ആഘോഷമാവുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ആഴത്തിലുള്ള പ്രതിസന്ധിയെയാണ് കാണിക്കുന്നത്.

ഇന്ത്യ സ്വതന്ത്രയാവുകയും കേരള സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തിട്ട് ഇത്രയും വര്‍ഷമായിട്ടും സ്പീക്കര്‍ പദവിയില്‍ ഒരു സ്ത്രീ ഇരുന്നിട്ടില്ല എന്നത് ദുഃഖകരമായ വസ്തുതയാണ്.

അതുകൊണ്ടാണ് ഇപ്പോഴത്തെ ഈ തെരെഞ്ഞടുപ്പ് മഹാ സംഭവമായി ആഘോഷിക്കപ്പെടുന്നത്. ആ ആത്മവിമര്‍ശനം കൂടി ആവശ്യപ്പെടുന്നുണ്ട് ഈ സന്ദര്‍ഭം. ഈ അഭിമാനനിമിഷം ടി.പിക്ക് സമര്‍പ്പിക്കുന്നു,’ കെ.ക. രമ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുഴുവന്‍ വനിതകള്‍ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കര്‍ പാനലിനെ തെരഞ്ഞെടുത്തിരുന്നത്. ഭരണപക്ഷത്തുനിന്നും യു.പ്രതിഭ, സി.കെ.ആശ എന്നിവര്‍ വന്നപ്പോള്‍ പ്രതിപക്ഷത്തുനിന്ന് കെ.കെ.രമയെയും പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നു. പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത് ആദ്യമായാണ്.

Content Highlight: K.K. Rema said Selection of three women on the speaker panel is sad to celebrate as a great event even today

We use cookies to give you the best possible experience. Learn more