കോഴിക്കോട്: അമ്മയുടെ വനിതാദിന പരിപാടിയില്‍ മുന്‍ മന്ത്രി കെ.കെ. ശൈലജ നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി കെ.കെ. രമ എം.എല്‍.എ. കെ.കെ. ശൈലജ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹവും നിരാശ ജനകവുമാണെന്ന് രമ പറഞ്ഞു.
‘എന്തിനാണ് വര്‍ഷങ്ങളോളം സഹിച്ചിരിക്കുന്നത്? ഒരു തവണ അഹിതമായി ഒരു നോട്ടമോ ഒരു വാക്കോ ഒരു സ്പര്‍ശമോ ഉണ്ടായാല്‍ അപ്പോ പറയണം ഇവിടെ നിര്‍ത്തണമെന്ന്. ആ ആര്‍ജ്ജവം സ്ത്രീകള്‍ കാണിക്കണം’ എന്നായിരുന്നു ശൈലജ ടീച്ചര്‍ പറഞ്ഞത്. ഞെട്ടലോടെയല്ലാതെ സാമൂഹ്യ നീതിയെപ്പറ്റി സാമാന്യ ബോധമുള്ള ഒരാള്‍ക്കും ഈ വാചകങ്ങള്‍ കേട്ടുനില്‍ക്കാനാവില്ലെന്നും കെ.കെ. രമ ഫേസ്ബുക്കില്‍ കുറിച്ചു.
കടന്നാക്രമണങ്ങള്‍ക്ക് വിധേയരാവുന്ന സ്ത്രീകള്‍ തന്നെയാണ് തങ്ങളനുഭവിക്കുന്ന ദുരന്തങ്ങളുടെയും ദുരിതങ്ങളുടേയും ഉത്തരവാദികള്‍ എന്നതാണ് ഈ വാക്കുകളുടെ ശരിയായ അര്‍ത്ഥം. എത്രയോ കാലമായി ആണധികാര പൊതുബോധം ഇതുതന്നെ ഇവിടെ പലതരത്തില്‍ പറഞ്ഞു കൊണ്ടിരിക്കുന്നു.
വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് എം.സി. ജോസഫൈന്‍ തന്നെ വിളിച്ച സ്ത്രീയോട് പരുഷമായി പറഞ്ഞ സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ആശയങ്ങള്‍ തന്നെയാണ് ഫലിതമെന്ന ഭാവേന ശൈലജ ടീച്ചറും ഉന്നയിച്ചതെന്ന് കെ.കെ. രമ പറഞ്ഞു.
പരാതി ഉന്നയിക്കാനും നിയമ പോരാട്ടം നടത്താനുമുള്ള സാമ്പത്തിക, സാമൂഹ്യ പിന്‍ബലവും അവബോധവും ആര്‍ജിക്കാന്‍ സാധിച്ചിട്ടില്ലാത്തവരുടെ എണ്ണം തന്നെയാണ് ലോകത്താകെയും കൂടുതല്‍. സ്ത്രീ പീഡകരെ കമ്മിറ്റികളില്‍ അരിയിട്ടു വാഴിക്കുന്ന, പരാതി ഉന്നയിച്ച വനിതാ സഖാക്കളെ നിശ്ശബ്ദരാക്കി പുറം തള്ളുന്ന, കൂടുതല്‍ സ്ത്രീകള്‍ കമ്മിറ്റിയില്‍ വന്നാല്‍ സംഘടന പൊളിയുമെന്ന് ഫലിതം പറയുന്ന ഒരു സംഘടനാ സംവിധാനത്തില്‍ തിരുത്തല്‍ ശക്തിയാവാന്‍ കഴിയില്ല എന്ന് മാത്രമല്ല, ആ ആണഹന്തയെ പിന്തുണക്കുന്നവര്‍ക്കേ നിലനില്പുളളൂ എന്നാണ് ഇത്തരം പ്രസ്താവനകള്‍ തെളിയിക്കുന്നതെന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.
കെ.കെ. രമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എ.എം.എം.എ യുടെ വേദിയില്‍ കെ.കെ.ശൈലജ ടീച്ചര്‍ എം.എല്‍.എ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹവും നിരാശ ജനകവുമാണ്.
‘എന്തിനാണ് വര്‍ഷങ്ങളോളം സഹിച്ചിരിക്കുന്നത്? ഒരു തവണ അഹിതമായി ഒരു നോട്ടമോ ഒരു വാക്കോ ഒരു സ്പര്‍ശമോ ഉണ്ടായാല്‍ അപ്പോ പറയണം ഇവിടെ നിര്‍ത്തണമെന്ന്. ആ ആര്‍ജ്ജവം സ്ത്രീകള്‍ കാണിക്കണം. ‘
ഞെട്ടലോടെയല്ലാതെ സാമൂഹ്യ നീതിയെപ്പറ്റി സാമാന്യ ബോധമുള്ള ഒരാള്‍ക്കും ഈ വാചകങ്ങള്‍ കേട്ടു നില്‍ക്കാനാവില്ല. തങ്ങള്‍ക്ക് നേരെ നടക്കുന്ന നീതി നിഷേധങ്ങളും കടന്നാക്രമണങ്ങളും ഇങ്ങനെ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും പറ്റുമായിരുന്നെങ്കില്‍ എന്തിനാണ് മനുഷ്യര്‍ സംഘടിക്കുകയും സമരങ്ങള്‍ നടത്തുകയും ചെയ്യുന്നത്? എന്തിനാണ് നമുക്ക് നിയമങ്ങളും നീതി നിര്‍വഹണ സംവിധാനങ്ങളും?
കടന്നാക്രമണങ്ങള്‍ക്ക് വിധേയരാവുന്ന സ്ത്രീകള്‍ തന്നെയാണ് തങ്ങളനുഭവിക്കുന്ന ദുരന്തങ്ങളുടെയും ദുരിതങ്ങളുടേയും ഉത്തരവാദികള്‍ എന്നതാണ് ഈ വാക്കുകളുടെ ശരിയായ അര്‍ത്ഥം. എത്രയോ കാലമായി ആണധികാര പൊതുബോധം ഇതുതന്നെ ഇവിടെ പലതരത്തില്‍ പറഞ്ഞു കൊണ്ടിരിക്കുന്നു.