'നെഞ്ചിലുണ്ടാവും, മരണം വരെ'; സ്പീക്കര്‍ക്ക് മറുപടിയുമായി കെ.കെ. രമ
Kerala News
'നെഞ്ചിലുണ്ടാവും, മരണം വരെ'; സ്പീക്കര്‍ക്ക് മറുപടിയുമായി കെ.കെ. രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th May 2021, 6:05 pm

കോഴിക്കോട്: സാരിയില്‍ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ നടപടി ചട്ടലംഘനമാണോയെന്ന് പരിശോധിക്കുമെന്ന സ്പീക്കറുടെ പ്രസ്താവനയ്‌ക്കെതിരെ മറുപടിയുമായി വടകര എം.എല്‍.എ കെ.കെ. രമ.

നെഞ്ചിലുണ്ടാവും, മരണം വരെ എന്ന അടിക്കുറിപ്പില്‍ ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചുള്ള ഫോട്ടോ കെ.കെ രമ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടി തെറിപ്പിച്ചത് സത്യപ്രതിജ്ഞാ ചട്ടത്തില്‍ ഉള്‍പ്പെട്ടതായിരുന്നോയെന്ന് നേരത്തേ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ കെ.കെ രമ ചോദിച്ചിരുന്നു.

ചട്ടലംഘനമൊന്നുമില്ല, എല്ലാം പരിശോധിച്ച് തന്നെയാണ് അങ്ങനെ ചെയ്തത്. തന്റെ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് ആ ബാഡ്ജ് ധരിച്ചെത്തിയത്. സ്പീക്കര്‍ പരിശോധിക്കട്ടെയെന്നും എന്നിട്ട് തൂക്കി കൊല്ലാന്‍ വിധിക്കുന്നെങ്കില്‍ അങ്ങനെ ചെയ്യട്ടേയെന്നും രമ പറഞ്ഞു.

കെ. കെ രമയുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണെന്ന് ആരോപിച്ച് പരാതി ലഭിച്ച സാഹചര്യത്തിലായിരുന്നു ചട്ടലംഘനം പരിശോധിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞത്.

‘നിയമസഭയുടെ പെരുമാറ്റച്ചട്ടത്തില്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.

ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചായിരുന്നു കെ. കെ രമ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്. എന്നാല്‍ ബാഡ്ജ് ധരിച്ച് എത്തിയത് ചട്ടലംഘനമാണെന്ന് ആരോപിച്ച് ജനതാദള്‍ എസ്. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടി.പി. പ്രേംകുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.

നിയമസഭയ്ക്കുള്ളില്‍ യാതൊരു വിധത്തിലുമുള്ള ബാഡ്ജുകള്‍ ധരിക്കുവാനോ പ്രദര്‍ശിപ്പിക്കുവാനോ പാടില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. മാതൃകാപരമായ തീരുമാനം സ്പീക്കര്‍ കൈക്കൊള്ളണമെന്ന് പരാതിയില്‍ ടി.പി. പ്രേംകുമാര്‍ ആവശ്യപ്പെടുന്നു.

ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥിയായ കെ.കെ. രമ യു.ഡി.എഫിന്റെ പിന്തുണയോടെയാണ് വടകരയില്‍ വിജയിക്കുന്നത്. കോണ്‍ഗ്രസ് നിരുപാധിക പിന്തുണയാണ് തനിക്ക് നല്‍കിയതെന്നും, നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും കെ.കെ. രമ പറഞ്ഞിരുന്നു.


Content Highlight: K K Rema facebook post against speaker