| Thursday, 3rd June 2021, 10:05 pm

യു.എ.പി.എ ചുമത്തപ്പെട്ട് ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഇബ്രാഹിമിന് ജാമ്യം അനുവദിക്കാനുള്ള നടപടി സ്വീകരിക്കണം: കെ. കെ രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: യു.എ.പി.എ ചുമത്തി ആറ് വര്‍ഷമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇബ്രാഹിമിന് ജാമ്യം നല്‍കാനും വിദഗ്ധ ചികിത്സ ഉറപ്പാക്കാനും സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് എം.എല്‍.എ കെ. കെ. രമ. 67 കാരനായ ഇബ്രാഹിമിന് രണ്ട് തവണ ഹൃദയാഘാതമുണ്ടായ, കടുത്ത പ്രമേഹരോഗബാധ നേരിടുകയും ചെയ്ത അദ്ദേഹത്തിന് ഫലപ്രദമായ ചികിത്സാ സൗകര്യമൊരുക്കണമെന്നും രമ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു രമയുടെ പ്രതികരണം.

കൊവിഡിന്റെ രൂക്ഷ വ്യാപനാവസ്ഥ പരിഗണിച്ച് കൊടും ക്രിമിനലുകള്‍ക്ക് പോലും യഥേഷ്ടം ജാമ്യമനുവദിക്കുമ്പോഴാണ് ഇളവ് അനുവദിക്കാതെ സര്‍ക്കാര്‍ യു.എ.പി.എ തടവുകാരോട് മനുഷ്യത്വരഹിതമായ ഈ ക്രൂരത കാണിച്ചുകൊണ്ടിരിക്കുന്നതെന്നും രമ പറഞ്ഞു.

വിയ്യൂര്‍ ഉള്‍പ്പെടെയുള്ള നിരവധി ജയിലുകളില്‍ തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാമിടയില്‍ വ്യാപകമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആശങ്കാജനകമായ സാഹചര്യത്തില്‍ ഗൗരവമേറിയ ശാരീരിക അവശതയും ഗുരുതരമായ രോഗാവസ്ഥയുമെല്ലാം നേരിട്ടുകൊണ്ടിരിക്കുന്ന ഇബ്രാഹിമിനെ ഇനിയും ജാമ്യം നല്‍കാതെ തടവിലിടുന്നത് തീര്‍ച്ചയായും അദ്ദേഹത്തിന്റെ ജീവന്‍ കൊണ്ട് പന്താടുന്നതിന് തുല്യമാണെന്നും രമ പറഞ്ഞു.

ആറ് വര്‍ഷമായി ഇബ്രാഹിമിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഭാര്യ കെ ജമീല കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഇബ്രാഹിമിന്റെ കാര്യത്തില്‍ അനുഭാവ പൂര്‍ണമായ പരിഗണന ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ച് 13 സാസ്‌കാരിക പ്രമുഖരും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

2015 ജൂലൈ 13 കോഴിക്കോട് പയ്യോളിയില്‍ നിന്നാണ് മാവോവാദി മുദ്ര കുത്തപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇബ്രാഹിം അവശനിലയിലാണെന്നും ഭാര്യ കത്തില്‍ പറഞ്ഞിരുന്നു.

കേരളത്തിലടക്കം കൊവിഡ് സാഹചര്യം പരിഗണിച്ച് തടവുകാരെ മോചിപ്പിക്കുമ്പോഴും യു.എ.പി.എ കേസിലെ തടവുകാരെ ഈ ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ ഇബ്രാഹിമിന് പുറത്ത് വരാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

യു.എ.പി.എ ഭീകരനിയമം ചുമത്തി കഴിഞ്ഞ ആറുവര്‍ഷക്കാലമായി വിചാരണ കൂടാതെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലടച്ചിരിക്കുന്ന ഇബ്രാഹിമിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ലഭ്യമാവുന്ന വിവരങ്ങള്‍ ആശങ്കാജനകമാണ്.

അദ്ദേഹത്തിന് അടിയന്തിരമായി ജാമ്യവും വിദഗ്ധ ചികിത്സയും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സത്വരനടപടി കൈക്കൊള്ളണം.
രണ്ടു തവണ ഹൃദയാഘാതമുണ്ടാവുകയും കടുത്ത പ്രമേഹരോഗബാധ നേരിടുകയും ചെയ്യുന്ന അദ്ദേഹത്തിന് ഫലപ്രദമായ ചികിത്സാ സൗകര്യമൊരുക്കാതിരിക്കുന്നത് ഗൗരവമേറിയ മനുഷ്യാവകാശ ലംഘനമാണ്. കൊവിഡിന്റെ രൂക്ഷ വ്യാപനാവസ്ഥ പരിഗണിച്ച് കൊടും ക്രിമിനലുകള്‍ക്ക് പോലും യഥേഷ്ടം ജാമ്യമനുവദിക്കുമ്പോഴാണ് ഇളവ് അനുവദിക്കാതെ സര്‍ക്കാര്‍ യുഎപിഎ തടവുകാരോട് മനുഷ്യത്വരഹിതമായ ഈ ക്രൂരത കാണിച്ചുകൊണ്ടിരിക്കുന്നത്.

വിയ്യൂര്‍ ഉള്‍പ്പെടെയുള്ള നിരവധി ജയിലുകളില്‍ തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാമിടയില്‍ വ്യാപകമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആശങ്കാജനകമായ സാഹചര്യത്തില്‍ ഗൗരവമേറിയ ശാരീരിക അവശതയും ഗുരുതരമായ രോഗാവസ്ഥയുമെല്ലാം നേരിട്ടുകൊണ്ടിരിക്കുന്ന അറുപത്തിയേഴുകാരനായ ഇബ്രാഹിമിനെ ഇനിയും ജാമ്യം നല്‍കാതെ തടവിലിടുന്നത് തീര്‍ച്ചയായും അദ്ദേഹത്തിന്റെ ജീവന്‍ കൊണ്ട് പന്താടുന്നതിന് തുല്യമാണ്.

മനുഷ്യത്വവിരുദ്ധമായ ഈ സമീപനം ഉടന്‍ തിരുത്താനും ഇബ്രാഹിമിന് ജാമ്യവും ചികിത്സയും ഉറപ്പുവരുത്താനും സര്‍ക്കാര്‍ അടിയന്തിര നടപടി കൈക്കൊള്ളണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K K Rema asks release of Ibrahim who arrested of UAPA

We use cookies to give you the best possible experience. Learn more