കോഴിക്കോട്: വാളയര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍.എം.പി നേതാവ് കെ.കെ രമ.
എട്ടും,പതിനൊന്നും വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊന്നുകെട്ടിത്തൂക്കിയ പ്രതികള്‍ നിയമത്തിന്റെ കൈകളില്‍ നിന്ന് അനായാസം രക്ഷപ്പെട്ട വിധിയുടെ ഞെട്ടലില്‍ നില്‍ക്കുകയാണ് കേരളമെന്നും പ്രതികളെ രക്ഷപ്പെടുത്താന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായെന്ന് ഒന്നാം പ്രതിയുടെ അഭിഭാഷകന്‍ തന്നെ തുറന്നുപറഞ്ഞതിന്റെ വാര്‍ത്തകള്‍ വെളിപ്പെട്ടിരിക്കെ ഈ ദളിത് ബാല പീഡനഹത്യയുടെ ചോരക്കറ സംസ്ഥാനത്ത് ആഭ്യന്തരം ഭരിക്കുന്നവരുടേയും പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് ഭരിക്കുന്നവരുടേയും കൈകളില്‍ പുരണ്ടിരിക്കുന്നുവെന്ന് പകല്‍ പോലെ തെളിഞ്ഞിരിക്കുന്നെന്നും കെ. കെ രമ പറഞ്ഞു.
കുരുന്നുകളെ പിച്ചിച്ചീന്തി കൊന്നുകെട്ടിത്തൂക്കുന്ന നരാധമന്‍മാര്‍ക്ക് വിടുവേല ചെയ്യുന്ന ഭരണക്കാര്‍ക്ക് ചങ്ക് പത്തുണ്ടായിട്ടും നാടിനും ജനങ്ങള്‍ക്കും കാര്യമൊന്നുമില്ലെന്നും ഈ ഭരണക്കാരില്‍ നിന്ന് ഇനി നീതി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥവുമില്ലെന്നും കെ.കെ രമ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
വാളയാര്‍ ബാലപീഡന കൊലപാതകക്കേസുകള്‍ സി.ബി.ഐ പോലെ മറ്റേതെങ്കിലും എജന്‍സികള്‍ക്ക് കൈമാറി ആഭ്യന്തര മന്ത്രി പിണറായി വിജയനും പട്ടികജാതി-പട്ടികവര്‍ഗ്ഗ മന്ത്രി എ കെ ബാലനും സ്ഥാനമൊഴിഞ്ഞ് കേരളത്തോട് മാപ്പ് പറയണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.
വാളയാറിലെ പെണ്‍കുട്ടികളുടെ കൊലപാതകത്തില്‍ പുനരന്വേഷണം നടത്തണമെന്ന് ഇടത് ചിന്തകനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ സുനില്‍ പി ഇളയിടം പറഞ്ഞു.
രണ്ടു പെണ്‍കുട്ടികളുടെ മരണം തെളിവുകളില്ലെന്ന പേരില്‍ ഇത്രമേല്‍ നിസ്സാരമായി കയ്യൊഴിയപ്പെടുന്ന സ്ഥിതി കേരളത്തിന്റെ നീതിബോധത്തെ തന്നെ വെല്ലുവിളിക്കുന്നതാണെന്നും ഒരു നിലയ്ക്കും അങ്ങനെ നടന്നുകൂടെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.