| Wednesday, 27th July 2022, 12:00 pm

സജീവന്റെ മരണം; കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിരമായി ധനസഹായം പ്രഖ്യാപിക്കണം: കെ.കെ. രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: പൊലിസ് കസ്റ്റഡിയില്‍ മരണമടഞ്ഞ കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവന്റെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിരമായി ധനസഹായം പ്രഖ്യാപിക്കണമെന്ന് വടകര എം.എല്‍.എ കെ.കെ. രമ.

പൊലീസിന്റെ കുറ്റകരമായ അനാസ്ഥ തന്നെയാണ് ഈ ചെറുപ്പക്കാരന്റെ ജീവനെടുക്കാന്‍ കാരണമായത്. നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞപ്പോഴും കുഴഞ്ഞു വീഴുമ്പോഴും തിരിഞ്ഞുനോക്കാതെ മനുഷ്യത്വരഹിതമായാണ് പൊലിസ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന് രമ പറഞ്ഞു.

വീടെന്ന സ്വപ്നത്തിനായി കുലിപ്പണി ചെയ്ത് പണം സ്വരുക്കൂട്ടി വന്നിരുന്ന ഒരു യുവാവിനെയും, അയാളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കുടുംബത്തിന്റെയും പ്രതീക്ഷകളെയാണ് ഉദ്യോഗസ്ഥ ധാര്‍ഷ്ട്യം ഇല്ലാതാക്കിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയാണ് ഈ കൊലപാതകത്തിലെ ഒന്നാം പ്രതി. നഷ്ടപരിഹാരത്തിനൊപ്പം ഇവര്‍ക്ക് വീടുവെച്ചു കൊടുക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ.കെ. രമ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു.

സ്റ്റേഷന്‍ ഡ്യൂട്ടിയിലില്ലാത്ത, ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത,നിരപരാധികളായ പോലീസുകാരെയെല്ലാം നടപടിയെന്ന പേരില്‍ കൂട്ടത്തോടെ സ്ഥലം മാറ്റി ആരുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരം അസ്വാഭാവിക നടപടി യഥാര്‍ത്ഥ കുറ്റക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

യഥാര്‍ത്ഥ കുറ്റവാളികളായവരെ വെളുപ്പിക്കാനും കുറ്റകൃത്യത്തെ ലഘൂകരിക്കുവാനും മാത്രമാണ് ഈ നടപടി സഹായകമാവുക. ഇത്തരം കണ്‍കെട്ടുവിദ്യകള്‍ കൊണ്ട് ഈ ക്രിമിനല്‍ കുറ്റം തേയ്ച്ചുമാച്ചുകളയാനുള്ള ശ്രമം ഒരു കാരണവശാലും അനുവദിക്കാവുന്നതല്ലെന്നും രമ വ്യക്തമാക്കി.

അതേസമയം, സജീവന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സജീവന്റെ രണ്ട് കൈമുട്ടുകളിലേയും തോല്‍ ഉരിഞ്ഞ് പോയിട്ടുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും ഇന്നലെ സ്ഥലം മാറ്റിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് 66 പൊലീസുകാരെ സ്ഥലം മാറ്റിയത്. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിക്കുകയായിരുന്നു.

മാനുഷിക പരിഗണന കാണിക്കാത്ത പൊലീസ് നടപടിയെ നിശിതമായി വിമര്‍ശിച്ച മുഖ്യമന്ത്രി, ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും നല്‍കി. ഇതോടെയാണ് 66 പൊലീസുകാരെയും സ്ഥലം മാറ്റാന്‍ തീരുമാനമായത്.

സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന സി.പി.ഒ പ്രജീഷിനെ കൂടി ഇന്ന് സസ്‌പെന്‍ഡ് ചെയ്തു. എസ്. ഐ എം. നിജേഷ്, എ.എസ്.ഐ അരുണ്‍കുമാര്‍, സി.പി.ഒ ഗിരീഷ് എന്നിവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വടകര പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുത വീഴ്ചയാണെന്ന് ഉത്തര മേഖല ഐ.ജി ടി. വിക്രം സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി അനില്‍കാന്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു

സജീവനെയും സുഹൃത്തിനെയും വാഹനാപകടത്തെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ചതിന്റെ പേരില്‍ പൊലീസ് മര്‍ദ്ദിച്ചെന്നാണ് ആരോപണം. രോഗിയാണെന്ന് പറഞ്ഞിട്ടും സജീവനെ പൊലീസ് മര്‍ദിച്ചെന്നും സ്റ്റേഷന് പുറത്ത് കുഴഞ്ഞ് വീണിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്നുമാണ് സുഹൃത്തുക്കള്‍ പരാതിയില്‍ പറയുന്നത്.

Content Highlight: K K Rema about vadakara Sajeevan’s custody death; Govt should urgently announce financial assistance to family

We use cookies to give you the best possible experience. Learn more