തിരുവനന്തപുരം: അഡ്ജസ്റ്റ്‌മെന്റ് സമരമാണ് കേരളത്തില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന പ്രസ്താവനയില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സി.പി.ഐ എല്‍.ഡി.എഫ് വിടണമെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ. ടി.പി വധക്കേസ് ഇരു മുന്നണികളും കൂടെ ചേര്‍ന്ന് അട്ടിമറിച്ചെന്നും രമ പറഞ്ഞു.
കഴിഞ്ഞ ദിവസം സി.പി.ഐ ജനറല്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പരസ്യമായി സി.പി.എമ്മിനെതിരെ രംഗത്തെത്തിയിരുന്നു ബാര്‍ കോഴ കേസിലടക്കം യു.ഡി.എഫി നെതിരെ നടക്കുന്നത് ഒത്തു തീര്‍പ്പ് സമരമാണെന്നും മന്ത്രി കെ.എം മാണിക്കെതിരെ മൃദു സമീപനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഡ്ജസ്റ്റ്‌മെന്റ് സമരത്തിനു ഇനി സി.പി.ഐ യെ കിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.
ടി.പി വധക്കേസ് സി.ബി.ഐ അന്വേഷിക്കുന്നതിന് വേണ്ടി പ്രധാന മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കുമെന്നും രമ പറഞ്ഞു. നേരത്തെ സെക്രട്ടേറിയറ്റിന് മുന്‍പില്‍ രമ നടത്തിയിരുന്ന നിരാഹാര സമരം മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് രമ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ നിലവില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം, ടി.പി വധം എന്നീ കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപെട്ട സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍ .