തെരഞ്ഞെടുപ്പില്‍ ദയനീയമായ തോല്‍വി നേരിട്ടിട്ടും അതില്‍ നിന്ന് ഒന്നും സി.പി.ഐ.എം പഠിക്കാന്‍ തയ്യാറാവുന്നില്ലെന്നും കെ.കെ. രമ ഫേസ്ബുക്കില്‍ കുറിച്ചു. സ്വന്തം അണികളുടെ ഹൃദയ വികാരത്തിന് അല്പമെങ്കിലും മാന്യത കല്‍പ്പിക്കുന്നുണ്ടായിരുന്നെങ്കില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കയറൂരി വിടാന്‍ നോക്കില്ലായിരുന്നെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടി.
സി.പി.ഐ.എമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ പാര്‍ട്ടിക്കുവേണ്ടി വീടുകയറി പ്രചരണം നടത്തുകയും ചുവരെഴുതുകയും ചെയ്ത സഖാക്കള്‍ പലരും സി.പി.ഐ.എമ്മിനെതിരെ പ്രതിഷേധ വോട്ട് രേഖപ്പെടുത്തിയെന്നും കെ.കെ. രമ പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്റെ മണ്ണായതുകൊണ്ട് കൂടിയാണ് വടകര യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പിലിന് അത്യുജ്ജ്വലവിജയം സമ്മാനിച്ചതെന്നും കെ.കെ. രമ കുറിച്ചു.
എല്ലാ കാലവും ഒരു പോലെയാവില്ല. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയുടെ സത്യങ്ങള്‍ രാഷ്ട്രീയ അധികാരത്തിന്റെ അന്ധകാരം നീക്കി പുറത്ത് വരിക തന്നെ ചെയ്യുമെന്നും കെ.കെ. രമ ഊന്നിപ്പറഞ്ഞു. വഴിവിട്ട ആനുകൂല്യങ്ങള്‍ കൊണ്ട് താഴിട്ടു പൂട്ടാന്‍ നോക്കുന്ന ടി.പി. കേസ് പ്രതികളുടെ നാവിന്‍ തുമ്പിലെ രഹസ്യങ്ങള്‍ നേതൃനിരയില്‍ പലരുടെയും ഉറക്കം നഷ്ടപ്പെടുത്തുന്നുണ്ടെന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.
അതേസമയം ടി.പി. കേസിലെ പ്രതികളായ ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന് സര്‍ക്കാരില്‍ നിന്ന് ലഭിച്ച കത്താണ് പുറത്തുവന്നത്. അടുത്തിടെയാണ് ഹൈക്കോടതി ടി.പി. കേസ് പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി വിധി പുറപ്പെടുവിച്ചത്. അന്ന് ഹൈക്കോടതി ഉത്തരവില്‍ പ്രതികള്‍ക്ക് യാതൊരുവിധ ഇളവും നല്‍കരുതെന്ന് പറഞ്ഞിരുന്നു.
Content Highlight: K.K. Rama respond to the move to release the accused in the T.P.Chandrasekaran murder case