തിരുവനന്തപുരം: 15ാം നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത വടകര എം.എല്‍.എ കെ. കെ രമ നിയമസഭയില്‍ എത്തിയത് ടി. പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്. സഗൗരവമാണ് കെ കെ രമ സത്യപ്രതിജ്ഞ ചെയ്തത്.
നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്നും ഏറ്റവും ശക്തമായ ക്രിയാത്മകമായ പ്രതിപക്ഷമായി നിലകൊള്ളുമെന്നും കെ. കെ രമ സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പറഞ്ഞിരുന്നു.
‘തെരുവില്‍ വീണ ചോരയുടെയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെയും അഭിമാന നിമിഷമാണിത്. വളരെ സന്തോഷമുണ്ട്. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം. അതോടൊപ്പം ചില വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കും. ഏറ്റവും ശക്തമായ ക്രിയാത്മകമായ പ്രതിപക്ഷമായി നിലകൊള്ളും. യു.ഡി.എഫ് എന്ന വലിയ മുന്നണിയുടെ പിന്തുണയിലാണ് മത്സരിച്ച് ജയിച്ചിരിക്കുന്നത്,’ രമ പറഞ്ഞു.
ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥിയായിരുന്ന കെ. കെ രമ യു.ഡി.എഫിന്റെ പിന്തുണയോടെയാണ് നിയമസഭയിലെത്തിയത്.
മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയതത് കന്നടയിലാണ്. ഇടുക്കി ദേവികുളം എം.എല്‍.എ എ. രാജ സത്യപ്രതിജ്ഞ ചെയ്തത് തമിഴിലിലാണ്.
മാണി സി. കാപ്പനും മാത്യു കുഴല്‍നാടനും ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്.