കോഴിക്കോട്: അട്ടപ്പാടി മധു വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ഡോ. കെ.പി. സതീശനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മധുവിന്റെ കുടുംബത്തിന് പ്രതിഷേധിക്കേണ്ടത് അനീതികേടാണെന്ന് കെ.കെ. രമ എം.എല്‍.എ. മധുവിനൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ സംവിധാനം എന്തുകൊണ്ടാണ് അവര്‍ക്ക് വേണ്ട എന്നുപറഞ്ഞ ഒരു പബ്ലിക് പ്രൊസിക്യൂട്ടറെ ഈ കേസില്‍ നിയമിച്ചിരിക്കുന്നതെന്നും കെ.കെ. രമ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
കെ.പി. സതീഷിനെ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറാക്കിയ നടപടി പിന്‍വലിച്ച് മധുവിന്റെ കുടുംബത്തിന് വിശ്വാസ്യതയുള്ളവരെ പ്രൊസിക്യൂട്ടറായി നിയമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
‘അരികുവല്‍ക്കരിക്കപ്പെട്ട ദളിതനോടും ആദിവാസികളോടുമൊപ്പം നിലകൊള്ളുക എന്നത് രാഷ്ട്രീയ പ്രതിബദ്ധത മാത്രമല്ല, കാലം ആവശ്യപ്പെടുന്ന ഒരു നീതികൂടിയാണ്. അത് ഭരണകൂടമായാലും രാഷ്ട്രീയ പാര്‍ട്ടികളായാലും ചെയ്തേ തീരു.
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട, കേരളത്തിന്റെ നൊമ്പരമായി മാറിയ മധുവിന്റെ അമ്മയും ഇന്ന് പാലക്കാട് സമരത്തിലിരിക്കേണ്ട ഗതികേട് വന്നത് കേരള സര്‍ക്കാര്‍ അവരോട് ചെയ്ത നീതികേടിന്റെ ഫലമായിട്ടാണ്. മധു കൊലക്കേസില്‍ നീതി ലഭിക്കാന്‍ ഒരമ്മയും സഹോദരിയും കേഴുമ്പോള്‍ അവരോടൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ സംവിധാനം എന്തുകൊണ്ടാണ് അവര്‍ക്ക് വേണ്ട എന്നുപറഞ്ഞ ഒരു പബ്ലിക് പ്രൊസിക്യൂട്ടറെ ഈ കേസില്‍ നിയമിച്ചിരിക്കുന്നത്?