| Saturday, 23rd April 2022, 3:27 pm

എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ സ്ഥാനമാറ്റം; പെണ്‍വേട്ടക്കാരെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.കെ. രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നടിയെ ആക്രമിച്ച കേസ് അന്വേഷണ സംഘത്തലവന്‍ എസ്. ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയത് പെണ്‍വേട്ടക്കാരെ സഹായിക്കാനാണെന്ന് കെ.കെ. രമ എം.എല്‍.എ. കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് കെ.കെ. രമ പറഞ്ഞു.

പ്രതിഭാഗത്തെ പ്രമുഖ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ സാക്ഷിയെ നേരിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ച അത്യന്തം ഗൗരവമേറിയ സംഭവം ഓഡിയോ തെളിവുസഹിതം പുറത്തുവന്നതിനെ കുറിച്ചുള്ള അന്വേഷണം കൂടി അട്ടിമറിക്കാന്‍, ആഭ്യന്തരവകുപ്പിന്റെ ഭരണനേതൃത്വം നടത്തുന്ന നഗ്നമായ ഇടപെടലിന്റെ കൃത്യമായ സാക്ഷ്യപത്രമാണ് അന്വേഷണ സംഘത്തലവനായിരുന്ന എ.ഡി.ജി.പിയുടെ സ്ഥാനമാറ്റമെന്നും കെ.കെ. രമ അഭിപ്രായപ്പെട്ടു.

‘അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കെ അന്വേഷണ സംഘത്തലവനെ അപ്രതീക്ഷിതമായി മാറ്റിയ സര്‍ക്കാര്‍ നടപടി തീര്‍ച്ചയായും പെണ്‍വേട്ടക്കാരെ സഹായിക്കാന്‍ മാത്രമുള്ളതാണ്. കേസന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമരപരിധി അവസാനിക്കാന്‍ ചുരുക്കം ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിടുക്കത്തില്‍ അന്വേഷണത്തലവനെ തന്നെ മാറ്റിയതിലൂടെ കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

സ്ത്രീപീഡനക്കേസുകളിലെ ഈ സര്‍ക്കാരിന്റെ കൊടിയ കാപട്യവും തനിനിറവുമാണ് ഈ തീരുമാനത്തിലൂടെ വെളിച്ചത്തുവന്നിരിക്കുന്നത്. അതിജീവിതയ്ക്കൊപ്പമാണെന്ന് അരങ്ങില്‍ അഭിനയിക്കുകയും, വേട്ടക്കാര്‍ക്ക് അണിയറയില്‍ വിരുന്നുനല്‍കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ നെറികെട്ട ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യാന്‍ നീതിബോധമുള്ള മനുഷ്യരാകെ രംഗത്തിറങ്ങേണ്ടതുണ്ട്,’ കെ.കെ രമ കൂട്ടിച്ചേര്‍ത്തു.

ശ്രീജിത്തിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാക്കിയാണ് മാറ്റം, ഷേഖ് ദര്‍വേസ് സാഹിബാണ് ഇനി ക്രൈംബ്രാഞ്ച് മേധാവി.

ഡി.ജി.പി സുദേഷ് കുമാറിനെ ജയില്‍ മേധാവിയാക്കി. നിലവില്‍ വിജിലന്‍സ് ഡയറക്ടറാണ് സുദേഷ് കുമാര്‍. എം.ആര്‍. അജിത്ത് കുമാറാണ് പുതിയ വിജിലന്‍സ് മേധാവി.

നടിയെ ആക്രമിച്ച കേസുമായും വധഗൂഢാലോചന കേസുമായും ബന്ധപ്പെട്ട അന്വേഷണം വഴിത്തിരിവില്‍ നില്‍ക്കെയാണ് എസ്. ശ്രീജിത്തിന്റെ പദവി മാറ്റം എന്നതും ശ്രദ്ധേയമാണ്. നടിയെ ആക്രമിച്ച കേസില്‍ ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു.

അഡ്വക്കേറ്റ് ഫിലിപ്പ് ടി. വര്‍ഗീസാണ് സര്‍ക്കാരിന് പരാതി നല്‍കിയിരുന്നത്. അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ശ്രീജിത്ത് ഉള്‍പ്പെട്ട അന്വേഷണ സംഘത്തിനെതിരെ ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരിക്കുന്നത്.

അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി പരാതിയില്‍ ആരോപിക്കുന്നുണ്ട്. കേസിലെ പ്രതികളേയും ബന്ധുക്കളേയും ക്രൈംബ്രാഞ്ച് അപമാനിക്കാന്‍ ശ്രമിക്കുന്നു.

ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ അന്വേഷണ സംഘം അപവാദ പ്രചാരണം നടത്തുകയാണ്. ഇതിനുവേണ്ടി അന്വേഷണ സംഘം സായ് ശങ്കറിനെ കൂട്ടുപിടിച്ചു. സായ് ശങ്കറിന് മാധ്യമങ്ങളെ കാണാന്‍ അവസരമൊരുക്കിയത് എ.ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിനെതിരെ ഡി.ജി.പി ടോമിന്‍ തച്ചങ്കരി നേരത്തെ പരാതി നല്‍കിയിരുന്നു. പ്രമുഖ സ്വര്‍ണാഭരണ ശാലയില്‍ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ തുക നല്‍കിയെന്ന പരാതിയും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയുണ്ടായിരുന്നു. ആഭ്യന്തര സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് പദവി മാറ്റം.

Content Highlights: K K Rama MLA Criticize kerala government in S Sreejitth’s position transfer

We use cookies to give you the best possible experience. Learn more