തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്‍പിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റത്തിനിടെ തന്റെ കൈക്ക് പറ്റിയ പരിക്ക് നാടകമാണെന്ന പ്രചരണത്തിനെതിരെ കെ.കെ. രമ എം.എല്‍.എ. നിയമസഭാ സംവിധാനത്തിന്റെയും വകുപ്പ് മന്ത്രിയുടെയും കീഴിലുള്ള ആശുപത്രിയിലാണ് താന്‍ ചികിത്സ നടത്തിയതെന്നും തന്റേത് നാടകമാണെങ്കില്‍ അവര്‍ക്കെതിരെ നടപെടിയെടുക്കണമെന്നും രമ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു രമയുടെ പ്രതികരണം.
‘വളരെ മോശമായ പ്രചരണം എനിക്കെതിരെ നടക്കുന്നുണ്ട്. ഈ പ്രചരണങ്ങള്‍ക്ക് മുന്നിലുള്ളത് സച്ചിന്‍ ദേവ് എം.എല്‍.എയാണ്. അതിലെനിക്ക് പ്രയാസമുണ്ട്. ഞങ്ങള്‍ ബഹുമാനത്തോടെ കാണുന്ന നേതാവാണ് സച്ചിന്‍ ദേവ്. നാടകം കളിക്കുന്നു, ഓസ്‌കാര്‍ അവാര്‍ഡ് വരെ നേടും എന്നൊക്കെയാണ് ഇവര്‍ എഴുതിവിടുന്നത്.
സൈബര്‍ സഖാക്കളോട്.. എനിക്ക് ഒറ്റകാര്യമേ പറയാനുള്ളു. നിങ്ങളുടെ അധിക്ഷേപങ്ങള്‍ക്ക് മുമ്പില്‍ തളരുന്നതല്ല ഞങ്ങളുടെ പോരാട്ടവീര്യം, തോല്‍വി നിങ്ങള്‍ക്കുതന്നെയായിരിക്കും.
എന്താണ് നടന്നതെന്ന് നിങ്ങള്‍ക്ക് അന്വേഷിക്കാം. നിയമസഭാ സംവിധാനത്തിന്റെയും വകുപ്പ് മന്ത്രിയുടെയും കീഴിലുള്ള ആശുപത്രി, അവിടുത്തെ എക്‌സറേ സംവിധാനം, അവിടുത്തെ ഓര്‍ത്തോ ഡോക്ടര്‍. ഇത് നാടകമാണെങ്കില്‍, വ്യാജമായിട്ട് പ്ലാസ്റ്റര്‍ ഇട്ടുകൊടുക്കുന്ന ആളുകളാണ് അവിടെയുള്ളതെങ്കില്‍ അവര്‍ക്കെതിരെ നടപെടിയെടുക്കണം,’ രമ പറഞ്ഞു.
അതേസമയം, വാച്ച് ആന്‍ഡ് വാര്‍ഡ് തന്നെ വലിച്ചിഴച്ചെന്നും ഭരണപക്ഷ എം.എല്‍.എമാര്‍ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നും കെ.കെ. രമ നേരത്തെ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് അവരുടെ കൈക്ക് പരിക്കേല്‍ക്കുകയും പ്ലാസ്റ്റര്‍ ഇടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് നാടകമാണെന്നും പ്ലാസ്റ്റര്‍ ഇടാന്‍ പാകത്തിനുള്ള പരിക്ക് രമക്ക് ഉണ്ടായിട്ടില്ലെന്നുമാണ് സച്ചിന്‍ ദേവ് ഉള്‍പ്പെടയുള്ള ഇടത് പ്രൊഫൈലുകള്‍ പ്രചരിപ്പിച്ചിരുന്നത്.