| Tuesday, 25th May 2021, 9:25 am

യു.ഡി.എഫ് ഘടകകക്ഷിയല്ല ആര്‍.എം.പി.ഐ; പാര്‍ട്ടിക്ക് അതിന്റെ രാഷ്ട്രീയ നിലപാടുണ്ട്; നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതിനെക്കുറിച്ച് കെ. കെ രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിയമസഭയില്‍ എന്തുകൊണ്ട് പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന കാര്യത്തിന് മറുപടി നല്‍കി എം.എല്‍.എ കെ. കെ രമ. ഉപാധികളില്ലാതെയാണ് യു.ഡി.എഫ് പിന്തുണച്ചതെന്നും ആ സ്ഥിതിക്ക് ഒരു ദേശീയ പാര്‍ട്ടിയെന്ന നിലയ്ക്ക് ആര്‍.എം.പി.ഐക്ക് അവരുടെ രാഷ്ട്രീയ തീരുമാനമെടുക്കാം എന്നുമാണ് കെ. കെ രമ പറഞ്ഞത്.

പ്രതിപക്ഷത്തിനെ അനൂകൂലിക്കേണ്ട കാര്യങ്ങളെ അനുകൂലിച്ചു കൊണ്ട് മുന്നോട്ട് പോകുമെന്നും അതേസമയം ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയെന്ന നിലയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നുമാണ് രമ പറഞ്ഞത്. മാതൃഭൂമി ന്യൂസിനോടായിരുന്നു രമയുടെ പ്രതികരണം.

യു.ഡി.എഫിന്റെ നിരുപാധിക പിന്തുണയോടെയാണ് വിജയിച്ചതെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ ആര്‍.എം.പി.ഐ യു.ഡി.എഫ് മുന്നണിയുടെ ഭാഗമല്ലെന്നും കെ. കെ രമ കൂട്ടിച്ചേര്‍ത്തു.

‘തെരഞ്ഞെടുപ്പിന് മത്സരിക്കുമ്പോള്‍ ആര്‍.എം.പി.ഐയുടെ സ്ഥാനാര്‍ത്ഥിയായി തന്നെയാണ് മത്സരിച്ചത്. യു.ഡി.എഫിന്റെ നിരുപാധിക പിന്തുണയോടെ തന്നെയാണ് വിജയമെന്ന കാര്യത്തിലും തര്‍ക്കമില്ല. ഉപാധികളില്ലാത്ത പിന്തുണയാണ് നല്‍കുന്നതെന്ന് യു.ഡി.എഫ് നേതൃത്വം പറഞ്ഞിട്ടുണ്ട്.

അവരുടേത് പുറമേ നിന്നുള്ള പിന്തുണയാണ്. ഞങ്ങള്‍ യു.ഡി.എഫ് എന്ന മുന്നണിയുടെ ഭാഗമല്ല, അത് അറിഞ്ഞുകൊണ്ട് തന്നെയാണ് അവര്‍ പിന്തുണച്ചതും. വളരെ വിശാലമായ രാഷ്ട്രീയ മാതൃകയാണ് അവര്‍ മുന്നോട്ട് വെച്ചത്. ഉപാധികളില്ലാതെ മത്സരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ രാഷ്ട്രീയ തീരുമാനം എടുക്കാം. ആര്‍.എം.പി.ഐ എന്ന് പറയുന്നത് ഒരു ദേശീയ പാര്‍ട്ടി കൂടിയാണ്. ആ നിലയ്ക്ക് ആ പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയ്ക്ക് ഒരു പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നത് പാര്‍ട്ടി തീരുമാനമാണ്,’ കെ. കെ രമ പറഞ്ഞു.

ഒരു പ്രത്യേക ബ്ലോക്കായി ഇരിക്കുന്നു എന്ന് പറയുന്നതിനര്‍ത്ഥം യു.ഡി.എഫിന്റെ പിന്തുണയെ തള്ളിപ്പറയുകയോ അവരുടെ പിന്തുണയില്ലാതെ ജയിച്ചുവെന്നോ അല്ല എന്നും രമ പറഞ്ഞു.

പ്രതിപക്ഷത്തോടുകൂടി അനുകൂലിക്കേണ്ട കാര്യങ്ങളില്‍ അനുകൂലിച്ചുകൊണ്ടായിരിക്കും മുന്നോട്ട് പോവുക. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് ആ രാഷ്ട്രീയ പാര്‍ട്ടിയുടെ നയങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും രമ പറഞ്ഞു.

ഒരിക്കലും സര്‍ക്കാരിനെ അന്ധമായി അനുകൂലിച്ചു കൊണ്ട് മുന്നോട്ട് പോകില്ല. അതേസമയം ജനങ്ങള്‍ക്കനുകൂലമായ നിലപാട് വരുമ്പോള്‍ അതിനനുസരിച്ചുള്ള സമീപനം എടുക്കും. അത് ആ സമയത്ത് ഉണ്ടാവുന്ന പ്രശ്‌നങ്ങളുടെയും വിഷയങ്ങളുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിലപാട് എടുക്കുക. ക്രിയാത്മക പ്രതിപക്ഷമായി ആയിരിക്കും പ്രവര്‍ത്തിക്കുകയെന്നും രമ പറഞ്ഞു.

നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി ഇരിക്കാനാണ് തീരുമാനമെന്ന് കെ. കെ രമ നേരത്തെ പറഞ്ഞിരുന്നു. വടകരയില്‍ നിന്നും യു.ഡി.എഫിന്റെ പിന്തുണയോടെയാണ് ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥിയായ കെ. കെ രമ മത്സരിച്ച് വിജയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: K K Rama about sitting as a special block in legislative assembly

We use cookies to give you the best possible experience. Learn more