കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായ സി.പി.ഐ.എം സംസ്ഥാന സമിതിയംഗം കെ.കെ.രാഗേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. രണ്ട് ആള്‍ ജാമ്യത്തിലാണ് രാഗേഷിനെ വിട്ടയച്ചത്. ബുധനാഴ്ച രാവിലെയാണ് രാഗേഷ് തലശേരിയിലെ അഭിഭാഷകനായ കെ.വിശ്വനൊപ്പം വടകരയിലെ അന്വേഷണസംഘത്തിന്റെ ക്യാമ്പ് ഓഫീസിലെത്തിയത്.
ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ചോദ്യം ചെയ്യലിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് രാഗേഷ് പറഞ്ഞു . തനിക്കെതിരെ കേസെടുത്ത നടപടി അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കും. ഗൂഢാലോചന കേസ് എന്ന രീതിയില്‍ കള്ളക്കേസുണ്ടാക്കി പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കെ.കെ. രാഗേഷ് പറഞ്ഞു. []
ഇന്ന് രാവിലെയാണ് കേസില്‍ ചോദ്യം ചെയ്യലിനായി രാഗേഷ് വടകര ക്യാമ്പ് ഓഫീസിലെത്തിയത്. ചോദ്യം ചെയ്യലിനുശേഷം അന്വേഷണ സംഘം രാഗേഷിനെ അറസ്റ്റു രേഖപ്പെടുത്തി. എന്നാല്‍ പിന്നീട് രണ്ട് ആള്‍ ജാമ്യത്തില്‍ അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു.
അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകുന്നതിന് താന്‍ ഒരു വിഷമവും കാണിച്ചിരുന്നില്ലെന്നും കാല്‍മുട്ടിന് ചികിത്സയിലായിരുന്നതിനാലാണ് വൈകിയതെന്നും രാഗേഷ് പറഞ്ഞു.
ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചനയില്‍ മുഖ്യപങ്കു വഹിച്ച സി.പി.ഐ.എം പാനൂര്‍ ഏരിയാ കമ്മറ്റിയംഗം പി.കെ. കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിച്ചുവെന്നതാണ് രാഗേഷിനെതിരായ കുറ്റം. ഇതേ കുറ്റത്തിന് അറസ്റ്റിലായ എസ്. എഫ്.ഐ ജില്ലാ പ്രസിഡന്റ് സരിന്‍ ശശിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഗേഷിനെ പ്രതിചേര്‍ത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ചികിത്സയിലാണെന്ന കാരണം പറഞ്ഞ് രാഗേഷ് ഹാജരാവാന്‍ സമയം നീട്ടി ചോദിക്കുകയായിരുന്നു.