ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ കര്‍ഷക നേതാവിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ സംഘപരിവാറിനെതിരെ രൂക്ഷപ്രതികരണവുമായി കെ.കെ രാഗേഷ് എം.പി. മഹാരാഷ്ട്രയില്‍ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍സഭ സംസ്ഥാന സെക്രട്ടറി ഡോ.അജിത്ത് നവാലയെ വധിക്കുമെന്നായിരുന്നു ഭീഷണി.
കര്‍ഷക സമരവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ വെടിവെച്ചുകൊല്ലുമെന്നാണ് സംഘപരിവാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിനെതിരെയാണ് കെ.കെ രാഗേഷ് എം.പി രംഗത്തെത്തിയിരിക്കുന്നത്.
‘മഹാരാഷ്ട്ര കിസാന്‍സഭ സെക്രട്ടറിയെ വധിക്കുമെന്ന് സംഘപരിവാര്‍. ഡോ. അജിത്ത് നര്‍വാലെയെ ജനങ്ങള്‍ സംരക്ഷിച്ചോളും. ഭീഷണി നാഗ്പൂരിലെ ആപ്പീസില്‍ വെച്ചാല്‍ മതി,’ കെ.കെ രാഗേഷ് ഫേസ്ബുക്കിലെഴുതി.
ഡോ.അജിത് നവാലെയ്ക്കെതിരെ ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കിസാന്‍ സഭ പ്രസിഡന്റ് അശോക് ധാവ്ളെ പറഞ്ഞു. സംഘപരിവാര്‍ ഭീഷണി മുഴക്കി കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനാന്‍ മൊള്ളയും അപലപിച്ചു.
കര്‍ഷക സമരം നടക്കുന്നിടങ്ങളില്‍ ബോധപൂര്‍വ്വം സംഘപരിവാര്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് യു.പി, ഹരിയാന പൊലീസ് ഒത്താശ ചെയ്യുകയാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം ദല്‍ഹിയിലെ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിംഗുവില്‍ കര്‍ഷകര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയിലെത്തിയ ഹിന്ദുത്വ പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു. കര്‍ഷകരെ തീവ്രവാദികള്‍ എന്ന് വിളിച്ച് കൊണ്ടായിരുന്നു ഈ സംഘത്തിന്റെ ആക്രമണം.
സംഘര്‍ഷം കനത്തതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് മാറ്റാനും ശ്രമം നടന്നിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പൊലീസ് തടഞ്ഞു.
അതേസമയം യു.പി അതിര്‍ത്തിയായ ഗാസിപ്പൂരില്‍ സമരം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ആയിരക്കണക്കിന് കര്‍ഷകര്‍ ശനിയാഴ്ച ഗാസിപ്പൂരിലേക്ക് എത്തുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ചന്ദ്രശേഖര്‍ ആസാദിന്റെ അനുയായികളും സമരത്തിന് പിന്തുണയുമായി എത്തും.
ഗാസിപ്പൂരില്‍ സമരം നടത്തുന്ന കര്‍ഷകരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞ ദിവസം രാത്രിയോടെ യു.പി പൊലീസ് എത്തിയിരുന്നു. വെടിയേറ്റ് മരിക്കേണ്ടി വന്നാലും സമരമുഖത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്.
പിന്തുണയുമായി കൂടുതല്‍ കര്‍ഷകര്‍ എത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷം കര്‍ഷക സമരത്തെ തകര്‍ക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കര്‍ഷകരുടെ പുതിയ നടപടി ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: K K Ragesh M P against Sangh Parivar in the death threats against farmers union leader in Maharashtra