| Friday, 10th August 2012, 9:14 pm

ഇനി ഞാന്‍ ഈ പാര്‍ട്ടിയിലില്ല; കെ.കെ.മാധവന്‍

വി.കെ. സുരേഷ്

കെ.കെ. മാധവന്‍

ഒരു തലമുറയുടെ കമ്മ്യൂണിസത്തിന്റെ കഥ പറയാനുണ്ട് മാധവേട്ടന്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമര ചരിത്രത്തിന്റെ ചുവരില്‍ കുറിച്ചിട്ട തീക്ഷ്ണാനുഭവങ്ങളുടെ കഥ. വിയര്‍പ്പിന്റെ ഉപ്പും കഷ്ടപ്പെടുന്നവന്റെ യാതനകളോടുള്ള കണ്ണീരും അവനുവേണ്ടിയിട്ടുള്ള വിമോചന പ്രവര്‍ത്തനങ്ങളോടുള്ള അടങ്ങാത്ത ആവേശവും സിരകളില്‍ ആര്‍ത്തിരമ്പിയ യൗവ്വനം ഒരു പ്രസ്ഥാനത്തിന് സന്തോഷത്തോടെ സമ്മാനിച്ച ഒരുപാട് കമ്മ്യൂണിസ്റ്റുകാരില്‍ ഈ വൃദ്ധനും പെടും.

ഈ കമ്മ്യൂണിസ്റ്റുകള്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ ലക്ഷ്യവും സ്വപ്നങ്ങളും നന്മയും തൊഴിലാളിവര്‍ഗത്തോടും പണിയെടുക്കുന്നവരോടും അടിച്ചമര്‍ത്തപ്പെടുന്നവരോടും തങ്ങള്‍ക്കുള്ള അടങ്ങാത്ത സ്നേഹവും കാരണമാണ് ആ പ്രസ്ഥാനത്തിന് തങ്ങളുടെ യൗവ്വനം വെച്ചുനീട്ടിയത്. അവര്‍ ഇന്ന് ഈ പ്രസ്ഥാനത്തില്‍ നിന്ന് പടിയിറങ്ങുകയാണ്.

അതില്‍ സന്തോഷിക്കാന്‍ ഒരു മനുഷ്യസ്നേഹിക്കും കഴിയില്ല. എന്നാല്‍ ഈ പടിയിറക്കം ചരിത്രം അനിവാര്യമാക്കിത്തീര്‍ത്തതാണെന്നും നന്മയുടെ പുതിയ പ്രതീക്ഷകളിലേയ്ക്ക്, കൂടുതലുയര്‍ന്ന കമ്മ്യൂണിസ്റ്റ് ദൗത്യങ്ങള്‍ക്കുള്ള എണ്ണ പകരലായിരിക്കുമിതെന്നും വിശ്വസിക്കുന്നവരും ഏറെയാണ്.

കെ.കെ.മാധവന്‍ എന്ന കമ്മ്യൂണിസ്റ്റ് പോരാളി സി.പി.എമ്മിന്റെ പടിയിറങ്ങുകയാണ്. കമ്മ്യൂണിസ്റ്റ് വിശുദ്ധിയില്‍ നഞ്ഞുകലര്‍ത്തിയ  പുത്തന്‍ നേതൃത്വപ്രമാണിമാരുടെ ചെയ്തികളില്‍ പ്രതിഷേധിച്ച്. ടി.പി.ചന്ദ്രശേഖരന്റെ ഭാര്യാപിതാവാണ് കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ സ്വദേശി കണ്ണച്ച് കണ്ടി മാധവന്‍. മകളുടെ ഭര്‍ത്താവിനെ മെയ് 4ന് വള്ളിക്കാട് ടൗണില്‍വെച്ച് 51 വെട്ടിനാല്‍ തീര്‍ത്തവരോട് മാധവേട്ടന്‍ പറയുന്നു, ഇത് കമ്മ്യൂണിസ്റ്റ് വിശുദ്ധിയുടെ വഴിയല്ലെന്ന്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച സൗമ്യസാന്നിധ്യമാണ് നടുവണ്ണൂരുകാര്‍ക്ക് മാധവേട്ടന്‍. വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റ് തലയില്‍ ദേശാഭിമാനി കെട്ടുമായി നാട്ടിടവഴികളും നാട്ടുപാതകളും താണ്ടി അന്തിമയങ്ങിയിട്ടും വീടെത്താതെ പാര്‍ട്ടി യോഗങ്ങളിലേക്ക് പോകുന്ന മാധവേട്ടനെ വര്‍ഷങ്ങളായി നടുവണ്ണൂരുകാര്‍ക്കറിയാം.

താന്‍ മാത്രമല്ല എല്ലാ മക്കളും കമ്മ്യൂണിസ്റ്റ് വഴിയിലേക്ക് പോകണമെന്ന  നിശ്ചയദാര്‍ഢ്യം അദ്ദേഹത്തിനുമുണ്ടായിരുന്നു. മക്കളൊന്നും വഴിതെറ്റി പാര്‍ട്ടിക്കാരായി പോവരുതെന്ന് നിശ്ചയിച്ചുറപ്പിച്ച വഴിയല്ല മാധവട്ടന്റേത്. അതുകൊണ്ടുതന്നെ എസ്.എഫ്.ഐ. മുന്‍ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.രമയെ ചന്ദ്രശേഖരന്റെ കൈകളില്‍ ഏല്‍പ്പിക്കുമ്പോള്‍ മാധവേട്ടന് ശങ്ക തെല്ലുമുണ്ടായിരുന്നില്ല.

എന്നാല്‍ തന്റെ എഴുപത്തി അഞ്ചാം വയസ്സില്‍ പാര്‍ട്ടി ചെയ്ത കൊടുംക്രൂരതയില്‍ മനംനൊന്ത് അദ്ദേഹം പടിയിറങ്ങുന്നു. പൊതുപ്രവര്‍ത്തനത്തിന്റെ വിശുദ്ധിയില്‍ സംതൃപ്തമായിരുന്ന ആ മാതൃകാ കമ്മ്യൂണിസ്റ്റ് ചങ്കിലെ വേദനയും നടന്നു തീര്‍ത്ത വഴികളിലെ അനുഭവങ്ങളും തുറന്നു പറയുന്നു.

കെ.കെ. മാധവന്‍

  • കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ജനകീയ അനുഭവത്തിന്റെ കരുത്താണല്ലോ പഴയകാല പ്രവര്‍ത്തകരുടേത്. എങ്ങിനെയായിരുന്നു മാധവേട്ടന്റെ രാഷ്ട്രീയ ജീവിതം മുന്നേറിയത്? ചരിത്രവും പശ്ചാത്തലവും വിശദമാക്കാമോ?

1956ലാണ് ഞാന്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വത്തിലേക്ക് വരുന്നത്. 1954ലെ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പോടെയാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. ബാലുശ്ശേരി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍.എന്‍.കക്കാടായിരുന്നു. കക്കാടിനെതിരെ മത്സരിച്ചത് കോണ്‍ഗ്രസ്സിലെ ഡോ. ഒ.കെ.ഗോവിന്ദന്‍, പി.എസ്.പി.യിലെ കുഞ്ഞികൃഷ്ണ മേനോക്കി എന്നിവരാണ്. ബാലുശ്ശേരി ഫര്‍ക്ക അടിസ്ഥാനത്തിലാണ് അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം.19 വില്ലേജുകള്‍ ചേര്‍ന്നാതാണ് ഫര്‍ക്ക.  ഇന്നത്തെ അരിക്കുളം പഞ്ചായത്തിലെ കാരയാട് വില്ലേജും ബാലുശ്ശേരി മണ്ഡലവും അടങ്ങിയതാണ് ബാലുശ്ശേരി ഫര്‍ക്ക. എന്‍.എന്‍.കക്കാട് ആ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു. ഡോ. ഒ.കെ.ഗോവിന്ദനാണ് വിജയിച്ചത്. കുഞ്ഞികൃഷ്ണ മോനോക്കി രണ്ടാമനായി.

1955 ആകുമ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ സജീവമായി. കര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തനമാണ് ആദ്യം ആരംഭിക്കുന്നത്.

1955 ആകുമ്പോഴേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ സജീവമായി. കര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തനമാണ് ആദ്യം ആരംഭിക്കുന്നത്. നടുവണ്ണൂര്‍ ഭാഗത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം അത്ര സജീവമായിരുന്നില്ല. നടുവണ്ണൂര്‍ പഞ്ചായത്തിലെ കാവുംതറ, കരുവണ്ണൂര്‍, മന്ദംകാവ് എന്നിവിടങ്ങളിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അക്കാലത്ത് സജീവം. ആ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ വടകരയില്‍ നിന്നെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായിരുന്നു എം.കെ.കേളുവേട്ടനും യു.കുഞ്ഞിരമാനും എം.കുമാരന്‍ മാസ്റ്ററും. യു.കുഞ്ഞിരാമനാണ് നടുവണ്ണൂര്‍ പഞ്ചായത്തിലെ വീടുകളുമായി ഏറെ ബന്ധം സ്ഥാപിച്ച് പ്രവര്‍ത്തിച്ചത്.

1956 നവംബര്‍ 1ന് കേരള സംസ്ഥാനം രൂപീകരിച്ചതോടെ നടുവണ്ണൂരില്‍ പുതിയ ഉണര്‍വ്വും ആവേശവും പ്രകടമായി. കേരളപ്പിറവി ദിനത്തില്‍ നടുവണ്ണൂര്‍ ടൗണില്‍ ഞങ്ങള്‍ പായസം ഉണ്ടാക്കി വിതരണം ചെയ്തു. പുതിയ കേരളപ്പിറവി ആഘോഷിച്ചു. അന്നെനിക്ക് പതിനെട്ട് വയസ്സാണ്. 1956ലാണ് പാര്‍ട്ടിയുടെ കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പിലേക്ക് വരുന്നത്. കരുവണ്ണൂര്‍ ബ്രാഞ്ചിലായിരുന്നു അംഗത്വം. 1957ലെ ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പാണ് ഞങ്ങള്‍ക്ക് ഏറ്റവും ആവേശകരം. ബാലുശ്ശേരിയില്‍ അന്ന് അഡ്വ.കെ.ആലിക്കോയ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി. പി.എസ്.പിയുടെ സ്ഥാനാര്‍ത്ഥി എം.നാരായണക്കുറുപ്പും. പതിനായിരം വോട്ടാണ് ആലിക്കോയയ്ക്ക് ലഭിച്ചത്. നാരായണക്കുറുപ്പ് വിജയിച്ചു.

ഏപ്രില്‍ 5നാണ് പുതിയ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത്. അതാണ് വലിയ ആവേശമായത്. ഒഴിപ്പിക്കല്‍ നിരോധനം ഓര്‍ഡിനന്‍സ് വന്നു ഏപ്രില്‍ 11ന് സാധാരണ ജനങ്ങളിലത് പുതിയ അവബോധമുണ്ടാക്കി. വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു അന്ന് ഞങ്ങളുടെ പ്രദേശം. ആകെ ഉണ്ടായിരുന്നത് വാകയാട് ഒരു ഹൈസ്‌കൂളാണ്. പിന്നെ പേരാമ്പ്രയിലും ബാലുശ്ശേരിയിലും കൊയിലാണ്ടിയിലുമാണ് ഹൈസ്‌കൂളുകള്‍ സ്ഥിതിചെയ്തിരുന്നത്. വടക്കുമ്പാട്, അത്തോളി, ബാലുശ്ശേരി എന്നിവിടങ്ങളില്‍ ഹൈസ്‌കൂളുകള്‍ ആരംഭിച്ചത് 1957ലെ ഒന്നാമത്തെ ഗവണ്‍മെന്റാണ്. ഇതിന് മുന്‍കൈ എടുത്തത് പേരാമ്പ്ര എം.എല്‍.എ. എം.കുമാരന്‍ മാസ്റ്ററാണ്.

വടക്കുമ്പാട് ഹൈസ്‌കൂള്‍ മാനേജ്‌മെന്റിന് കീഴിലും മറ്റുള്ളവ ഗവണ്‍മെന്റിന് കീഴിലുമായിരുന്നു. വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റമാണിക്കാലം ദര്‍ശിച്ചത്. ഒന്നാംതരം മുതല്‍ അഞ്ചാം തരംവരെയുള്ള കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിയുടെ പദ്ധതി വന്നു. പാവപ്പെട്ടവരുടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കാത്ത കാലമാണത്. ഉച്ചയ്ക്ക് കഞ്ഞികിട്ടുമെന്നായതോടെ കുട്ടികള്‍ സ്‌കൂളിലേക്ക് പോകാന്‍ തുടങ്ങി. പത്താംതരം വരെ ഫീസില്ലാതെ പഠിക്കാനവസരമുണ്ടായി.

1957 വരെ ആറാം തരത്തിലും ഏഴാം തരത്തിലും എട്ടാംതരത്തിലും ഫീസ് കൊടുത്തേ പഠിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എട്ട് അണയാണ് ഫീസ്. ഏഴാം തരത്തില്‍ പത്ത് അണയും എട്ടാം തരത്തില്‍ പന്ത്രണ്ട് അണയുമാണ് ഫീസ്. അന്ന് കര്‍ഷകതൊഴിലാളികള്‍ക്ക് കൂലി രണ്ട് അണയാണെന്ന് ഓര്‍മ്മവേണം. അതിനാല്‍ കര്‍ഷകതൊഴിലാളികളടക്കമുള്ള സാധാരണക്കാരന്റെ മക്കള്‍ക്ക് പഠിക്കാന്‍ സാഹചര്യമുണ്ടായിരുന്നില്ല. ഹൈസ്‌കൂളില്‍ ഫസ്റ്റ് ഫോറത്തില്‍ നാലുറുപ്പിക ഫീസ് നല്‍കണം. 1957ലെ ഗവണ്‍മെന്റ് വന്നതോടെ പത്താംതരം വരെ ഫീസില്ലാതെ പഠിപ്പിക്കണമെന്നായി.

മാനേജ്‌മെന്റ്  സമ്പ്രദായം അവസാനിപ്പിക്കുന്നതിന് ബില്ല് കൊണ്ടുവന്നതാണ് ആ സര്‍ക്കാറിന്റെ മറ്റൊരു നേട്ടം. അധ്യാപകര്‍ക്ക് സുരക്ഷിതത്വം നല്‍കിയ ബില്ലായിരുന്നു അത്. ശമ്പള സ്‌കെയിലില്‍ തന്നെ വലിയ മാറ്റം വന്നു. പ്രൈമറി സ്‌കൂളിലെ അധ്യാപകര്‍ക്ക് മുപ്പത്+മുപ്പത്തിമൂന്നായിരുന്നു ശമ്പള സ്‌കെയില്‍. മാനേജ്‌മെന്റ് സ്‌കൂള്‍ അധ്യാപകരും ബോര്‍ഡ് സ്‌കൂള്‍ അധ്യാപകരുമാണ് അന്നുണ്ടായിരുന്നത്. 1956 വരെ ഡിസ്ട്രിക്ക് ബോര്‍ഡിന് കീഴിലുള്ള സ്‌കൂളിലെ അധ്യാപകര്‍ക്ക് ട്രഷറി മുഖേന ശമ്പളം ലഭിക്കും. മാനേജ്‌മെന്റ് സ്‌കൂളിലുള്ളവര്‍ക്ക് മാനേജ്‌മെന്റ് ഗ്രാന്റില്‍ നിന്ന് ലഭിക്കുന്ന കാശ് കൊണ്ടാണ് ശമ്പളം നല്‍കിയത്. ഈ രണ്ട് വിഭാഗം അധ്യാപകര്‍ തമ്മില്‍ വിവേചനം നിലനിന്നിരുന്നു. മാനേജ്‌മെന്റ് സ്‌കൂളിലെ അധ്യാപകര്‍ എപ്പോഴും താഴ്ന്ന നിലവാരക്കാരാണെന്ന് മുദ്രകുത്തപ്പെട്ടു. അതിനൊരു മാറ്റം വന്നത് 1957ലെ ഗവണ്‍മെന്റോടെയാണ്. നാല്‍പ്പതേ നൂറ്റിരുപത് ശമ്പള സ്‌കെയില്‍ വന്നു അധ്യാപകര്‍ക്ക്.

പാവപ്പെട്ടവരുടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കാത്ത കാലമാണത്. ഉച്ചയ്ക്ക് കഞ്ഞി കിട്ടുമെന്നായതോടെ കുട്ടികള്‍ സ്‌കൂളിലേക്ക് പോകാന്‍ തുടങ്ങി. പത്താംതരം വരെ ഫീസില്ലാതെ പഠിക്കാന വസരമുണ്ടായി

1954ലെ മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പി.ടി. ഭാസ്‌കരപണിക്കര്‍ പ്രസിഡണ്ടായി വന്നത് ഒരിക്കലും മറക്കാനാവില്ല. നാല്‍പ്പത്തെട്ട് മണ്ഡലങ്ങളാണ് അന്ന് മലബാറിലുണ്ടായിരുന്നത്. ഇന്നത്തെ കണ്ണൂര്‍, കാസര്‍ക്കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂരിന്റെ ഒരു ഭാഗവും വരുന്ന ജില്ലകള്‍ കൂടിച്ചേര്‍ന്നതാണ് അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട്. നാല്‍പ്പത്തെട്ട് മണ്ഡലങ്ങളില്‍ ഇരുപത്തിനാല് എണ്ണത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സ്വതന്ത്രരും ചേര്‍ന്ന് വിജയിച്ചത്.  കോണ്‍ഗ്രസ്സിനും ലീഗിനും പി.എസ്.പിക്കും കിട്ടയത് 24 സീറ്റാണ്.

കൂത്തുപറമ്പില്‍ നിന്ന് ജയിച്ചത് പി.ദാമുവായിരുന്നു. പി.എസ്.പിക്കാരന്‍. ടിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ദാമു നിഷ്പക്ഷത പാലിച്ചതുകൊണ്ടാണ് ഭാസ്‌കരന്‍ പണിക്കര്‍ ജയിച്ചതും പ്രസിഡണ്ടായതും. കെ.വി.മൂസ്സാന്‍ കുട്ടിയായിരുന്നു വൈസ് പ്രസിഡണ്ട്. ഭാസ്‌കരപ്പണിക്കരുടെ ഭരണം വന്നപ്പോഴാണ് ബോര്‍ഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മാന്യതയും പദവിയും കൈവന്നത്. അതുവരെ ബോര്‍ഡ്  സ്‌കൂള്‍  അധ്യാപകര്‍ക്ക് പഞ്ജപുച്ചമടക്കി നില്‍ക്കണമെന്നായിരുന്നു. എന്നാല്‍ ഭാസ്‌കരപ്പണിക്കര്‍ വന്നതോടെ പ്രസിഡണ്ടിന്റെ മുന്നില്‍ ഇരുന്ന് സംസാരിക്കാന്‍ കഴിഞ്ഞു. അത് വിലയ അംഗീകാരമായി.

1954ല്‍ മറ്റൊരു പ്രധാന മാറ്റവും വിദ്യാഭ്യാസരംഗത്ത് വന്നു. താഴെ നിലവാരത്തിലുള്ളവരുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ചെറുവാളൂര്‍, കോക്കല്ലൂര്‍ തുടങ്ങിയ പലസ്ഥലങ്ങളിലും ഇത്തരം വിദ്യാലയങ്ങള്‍ വന്നു. അധ്യാപകരിലധികവും കമ്മ്യൂണിസ്റ്റുകാരായിരുന്നു. വി.വി.ദക്ഷിണാമൂര്‍ത്തി പനായിനിലെ ഏകാധ്യാപക വിദ്യാലയത്തില്‍ അധ്യാപകനായി വന്നയാളാണ്. പഴയ കമ്മ്യൂണിസ്റ്റുകാരനായ മേയന കുഞ്ഞിക്കണാരന്‍ മാസ്റ്റര്‍ തുടങ്ങിയ പലരും അങ്ങനെ അധ്യാപകരായി വന്നവരാണ്.

ലക്ഷം രൂപ തന്നാലും ശിങ്കിടി പാടാന്‍ കിട്ടില്ല, മുണ്ടശ്ശേരിയുടെ മണ്ടേലെന്തേ ചകിരിച്ചോറോ ചാരോയോ

വിദ്യാഭ്യാസരംഗത്തെ സമഗ്ര പരിഷ്‌കാരമാണ് വിമോചന സമരത്തിനിടയാക്കിയത്. ഒരു ഭാഗത്ത് വിദ്യാഭ്യാസ ബില്ലും മറുഭാഗത്ത് കാര്‍ഷിക ബന്ധബില്ലും 1957ലെ സര്‍ക്കാര്‍ കൊണ്ടുവന്നു.

പാട്ടബാക്കിക്ക് ഒഴിപ്പിക്കല്‍ സമ്പ്രദായം ശക്തമായിരുന്നു അതുവരെ. കാര്‍ഷിക ബന്ധബില്ല് വന്നതോടെ ഒരു ഏക്കര്‍ മുതല്‍ അഞ്ച് ഏക്കര്‍ വരെ കൈവശമുള്ളവര്‍ എത്ര കൊല്ലത്തെ പാട്ടമുണ്ടായാലും രണ്ട് കൊല്ലത്തേത് മാത്രം കൊടുത്താല്‍ മതിയെന്ന് നിഷ്‌കര്‍ഷിക്കപ്പെട്ടു. അഞ്ച് മുതല്‍ പത്തേക്കര്‍ വരെയുള്ളവര്‍ ആറ് കൊല്ലത്തെ പാട്ടം നല്‍കിയാല്‍ മതിയെന്നും നിയമം വന്നു. മലബാറില്‍ മര്യാദാപാട്ടം നിശ്ചയിച്ചു കിട്ടുന്നതിന് വേണ്ടി ഒരു സമരം അന്ന് കിസാന്‍ സംഘം നടത്തിയിരുന്നു. അതിനെത്തുടര്‍ന്നാണ് 1955ല്‍ പാട്ടക്കോടതികള്‍ മലബാറില്‍ നിലവില്‍ വന്നത്. നടുവണ്ണൂരിലും അതിന്റെ ഭാഗമായി പാട്ടക്കോടതി വന്നു.

വിമോചന സമരത്തിന് മുന്നില്‍ നിന്നത് ഇവിടുത്തെ അധ്യാപകാണെന്നതാണ് ഏറെ വിചിത്രം. നാല്‍പ്പതേ നൂറ്റിരുപത് ശമ്പള സ്‌കെയില്‍ കിട്ടിയ അധ്യാപകര്‍ വിളിച്ച മുദ്രാവാക്യം “”ലക്ഷം രൂപ തന്നാലും ശിങ്കിടി പാടാന്‍ കിട്ടില്ല, മുണ്ടശ്ശേരിയുടെ മണ്ടേലെന്തേ ചകിരിച്ചോറോ ചാരോയോ”” എന്നാണ്.

വിമോചന സമരത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കൃഷ്ണയ്യരും ഗൗരിയമ്മയും സി.എച്ച്. കണാരനും അടക്കം പ്രമുഖരെല്ലാം തോറ്റു. കോഴിക്കോട് ജില്ലയില്‍ പി.സി.രാഘവന്‍ നായര്‍ മാത്രമാണ് ജയിച്ചത്. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഞങ്ങളുടെ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി.

മത്തായി ചാക്കോയ്‌ക്കൊപ്പം

  • മാധവേട്ടന്‍ ദീര്‍ഘകാലം ദേശാഭിമാനി ഏജന്റായിരുന്നല്ലോ?

1958ലാണ് ഞാന്‍ ദേശാഭിമാനി ഏജന്റാകുന്നത്. 1953-ല്‍ ഏഴാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തി. കോട്ടൂര്‍ എ.യു.പി.സ്‌കൂളിലാണ് പഠിച്ചത്. തുടര്‍ പഠനത്തിന് ഫീസ് പത്തണയാണ്. ഫീസ് നല്‍കാന്‍ പറ്റുന്ന സാമ്പത്തിക ചുറ്റുപാടായിരുന്നില്ല വീട്ടിലേത്. അങ്ങനെയാണ് പഠനം നിര്‍ത്തിയത്. ഒരു ആയൂര്‍വേദ ഷോപ്പില്‍ ജോലിക്ക് നിന്നു. 1953 മുതലേ രാഷ്ട്രീയ സ്പിരിട്ട് എനിക്കുണ്ടായിരുന്നു. കലാസമിതിയുടേയും നാടകത്തിന്റെയും പ്രവര്‍ത്തനങ്ങളിലും ഇക്കാലത്ത് സജീവമായിരുന്നു. എന്റെ പ്രദേശത്തെ ദേശാഭിമാനി ഏജന്റായിരുന്ന ദാമോധരന് ബോംബെയില്‍ ജോലികിട്ടിപ്പോയി. അതോടെ ദേശാഭിമാനി ഏജന്റ് ഞാനായി. ഏജന്റ് മാത്രമല്ല വിതരണക്കാരനും.[]

പുലര്‍ച്ചെ നാല് നാലരമണിക്ക് എഴുന്നേറ്റ് തെരുവത്ത് കടവിലേക്കാണ് ദേശാഭിമാനിക്കെട്ട് എടുക്കാന്‍ കാല്‍നടയായി പോകുക. അവിടെ നിന്ന് ഉള്ളിയേരി, കക്കഞ്ചേരി, കാവുംതറ, നടുവണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടന്നു ദേശാഭിമാനി വിതരണം ചെയ്യും. ഏതാണ്ട് വൈകുന്നേരം നാല് അഞ്ച് മണിയാകും പിന്നെ വീട്ടിലേക്ക് തിരിച്ചെത്താന്‍. ഒരു പത്രത്തിന്റെ വില അന്ന് ഒരണയാണ്. പത്തോ അറുപതോ എഴുപതോ പത്രമേ അന്ന് ഉള്ളൂ. ദേശാഭിമാനി പത്രത്തെ അവജ്ഞയോടെ കാണുന്നവരാണന്ന് ഭൂരിപക്ഷവും. മാസവരിക്കാര്‍ ചുരുക്കമാണ്. അധ്യാപകരാണ് മാസവരിക്കാര്‍. ഒരുറുപ്പിക പതിമൂന്ന് അണയാണ് പത്രത്തിന്റെ മാസവരിസംഖ്യ. അധ്യാപകര്‍ രണ്ട് രൂപ തരും. മൂന്നണ മടക്കിനല്‍കേണ്ടതില്ല. അതെന്നോട് എടുത്തോളാന്‍ പറയും. അതെനിക്ക് ഒരു സഹായമായി. ഇരുപത് കൊല്ലമാണ് ദേശാഭിമാനി ഏജന്റായി പ്രവര്‍ത്തിച്ചത്. 15 കൊല്ലത്തിലധികം ബാലുശ്ശേരി ഏരിയാ ലേഖകനും.

വിമോചന സമരകാലത്തും തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സമയത്തും ദേശാഭിമാനി വിതരണം സാഹസികമായിരുന്നു. തെരുവത്ത് കടവില്‍ നിന്ന് പത്രവും കൊണ്ടുവരുമ്പോള്‍ പലരും കൂക്കിവിളിച്ച് കളിയാക്കി. 1962ല്‍ ഞാന്‍ കരുവണ്ണൂരില്‍ ഒരു സ്റ്റേഷനറി കട തുടങ്ങി. അപ്പോഴാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എ.വി.രാഘവന്‍ സ്ഥാനാര്‍ത്ഥി. എം.കെ.കുഞ്ഞിരാമനായിരുന്നു പ്രചാരണ ചുമതല. ഒരു ദിവസം കടയ്ക്ക് മുന്നില്‍ എം.കെ. കുഞ്ഞിരാമന്‍ ജീപ്പുമായി വന്നുനിന്നു. കയറാന്‍ പറഞ്ഞു. അനൗണ്‍സ് ചെയ്യാന്‍. എനിക്കത് വലിയ സന്തോഷം നല്‍കി.

മണ്ഡലത്തിന്റെ എല്ലാഭാഗത്തും സഞ്ചരിച്ചു. ഒരാഴ്ച കഴിഞ്ഞാണ് തിരിച്ചു വന്നത്. അതോടെ കടപൂട്ടിപ്പോയി വീണ്ടും ദേശാഭിമാനി വിതരണം സജീവമായി. 1962ല്‍ വടകര പാര്‍ലമെന്റ് സീറ്റ് ജയിച്ചത് ലീഗിന്റെ സഹായം കൊണ്ടാണ്. ഇക്കാലമാകുമ്പോഴേക്കും പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായി. 1963ല്‍ കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അഞ്ച് പ്രചരണജാഥ നടത്താന്‍ തീരുമാനിച്ചു. ഇന്നത്തെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്‍ ചേര്‍ന്നതാണ് അന്നത്തെ കോഴിക്കോട് ജില്ല. ഇ.കെ.നായനാരായിരുന്നു സെക്രട്ടറി. ഒരു ജാഥ അഴിയൂരില്‍ നിന്ന് എം.കെ. കുഞ്ഞിരാമന്‍ ക്യാപ്റ്റനായും, മറ്റൊന്ന് എടച്ചേരിയില്‍ നിന്ന് പി.വി.കുഞ്ഞിക്കണ്ണന്‍ ക്യാപ്റ്റനായും ആരംഭിച്ചു. നിലമ്പൂരിലെ ജാഥയുടെ ക്യാപ്റ്റന്‍ പി.സി. രാഘവന്‍ നായരായിരുന്നു. ബത്തേരിയില്‍ നിന്നും ജാഥ നയിച്ചത് ചാത്തുണ്ണിമാഷാണ്. വേങ്ങരയില്‍ നിന്ന് സഖാവ് നായനാരും.

സി.എച്ച്.കണാരന്‍ ഞങ്ങളുടെ പ്രദേശത്ത് യോഗത്തിന് വന്നപ്പോള്‍ “എടോ മാധവാ നീ വരുന്നോ ജാഥയില്‍” എന്ന് എന്നോട് ചോദിച്ചു. എന്റെ പേര് വിളിച്ചാണ് സി.എച്ച്.സംസാരിക്കുന്നത്. എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അങ്ങനെ എടച്ചേരി ജാഥയില്‍ 12 ദിവസവും ഞാന്‍ പങ്കെടുത്തു. 1962 ഒക്‌ടോബര്‍ മൂന്നിനായിരുന്നു എന്റെ കല്യാണം. നവംബര്‍ അഞ്ചിനായിരുന്നു ജാഥ. കല്ല്യാണം കഴിഞ്ഞ് ആറാം ദിവസമാണ് ജാഥയില്‍ പോയത്. സത്യന്‍ മൊകേരിയുടെ അച്ചന്‍ കേളപ്പന്‍ നായരായിരുന്നു വൈസ് ക്യാപ്റ്റന്‍. സി.എച്ച്.ആയിരുന്നു ജാഥകളുടെ ഓര്‍ഗനൈസര്‍.

  • കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എങ്ങിനെയാണ് ബാധിച്ചത്?

പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഞങ്ങളുടെ പ്രദേശത്തെ നേതാക്കളിലധികവും സി.പി.ഐയോടൊപ്പമാണ് നിലയുറപ്പിച്ചത്. എനിക്ക് പാര്‍ട്ടി അംഗത്വം നല്‍കിയ ടി. കുഞ്ഞിരാമന്‍ മാസ്റ്റര്‍, രാഘവന്‍ നമ്പ്യാര്‍ തുടങ്ങിയവരെല്ലാം. എന്നാല്‍ ഏ.കെ.ജിയും ഇ.എം.എസും സി.പി.ഐ.എമ്മില്‍ ആയതിനാല്‍ സാധാരണ ജനങ്ങള്‍ സി.പി.ഐ.എമ്മിനൊപ്പം ചേര്‍ന്നു. സ്വാഭാവികമായും ഞങ്ങളുടെ പ്രദേശത്തെ ഏതാണ്ടെല്ലാ അനുഭാവി സഖാക്കളും ഇതേ നിലപാട് സ്വീകരിച്ചു.

  • കൂത്താളി സമരാനുഭവം എപ്രകാരമായിരുന്നു?

പാട്ടം പറ്റിത്തിന്നിട്ടും
ശീട്ടുതരാത്തൊരു വഞ്ചകരേ
നിങ്ങള്‍ക്കെതിരായ് ഉയരുന്നുണ്ടൊരു
വിപ്ലവബഹുജന മുന്നേറ്റം

കൂത്താളി സമരം ആ കാലത്തെ കര്‍ഷക പോരാട്ടങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. ഒഴിപ്പിക്കലിനും പാട്ടത്തിനുമെതിരെ ജനത നടത്തിയ ശക്തമായ മുന്നേറ്റം.””പാട്ടം പറ്റിത്തിന്നിട്ടും/ ശീട്ടുതരാത്തൊരു വഞ്ചകരേ/ നിങ്ങള്‍ക്കെതിരായ് ഉയരുന്നുണ്ടൊരു/വിപ്ലവബഹുജന മുന്നേറ്റം””- ഈ മുദ്രാവാക്യം ജനങ്ങളില്‍ ആവേശത്തിന്റെ അലയുണ്ടാക്കി.

1946-ല്‍ ഏ.വി.കുഞ്ഞമ്പുവിന്റേയും എം.കെ. കേളുവേട്ടന്റെയും നേതൃത്വത്തിലാണ് കൂത്താളിയില്‍ സമരം നടന്നത്. “ചത്താലും ചെത്തും കൂത്താളി എസ്റ്റേറ്റ്” എന്ന മുദ്രാവാക്യം വിളിച്ചാണ് സമരരംഗത്ത് സഖാക്കള്‍ അണിനിരന്നത്. തരിശ്ശുഭൂമി പുനം കൃഷി ചെയ്യാന്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ധാരാളംപേര്‍ സമരത്തില്‍ അണിനിരന്നു. തുടര്‍ച്ചയായി പത്തുനാല്‍പ്പത്തിയഞ്ചു ദിവസം അതു തുടര്‍ന്നു. വി.ആര്‍.കൃഷ്ണയ്യര്‍, ഡബ്ല്യൂ.ആര്‍.സത്യനാഥനുമായി സംസാരിച്ച് ഒരു കമ്മീഷനെ നിശ്ചയിച്ചതിന്‍ പ്രകാരം സമരം താല്ക്കാലികമായി നിര്‍ത്തി. 1957-ലെ ഗവണ്‍മെന്റ് ഭൂമി വിതരണം ചെയ്യുന്നതിന് തീരുമാനമെടുത്തു. സഖാവ് അഴീക്കോടന്‍ രാഘവന്‍ കൂത്താളി സമരത്തിന് എത്തിയത് വലിയ ആവേശമായിരുന്നു.


  • മാധവേട്ടന്‍ പാര്‍ട്ടിയുടെ നേതൃത്വ രംഗത്തേക്ക് എത്തിയത് എപ്പോഴാണ്?

1964-ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷം ഞാന്‍ നടുവണ്ണൂരില്‍ സി.പി.ഐ.എം. പഞ്ചായത്ത്  കമ്മിറ്റി സെക്രട്ടറിയായി.  പിന്നീട് ഉള്ള്യേരി, നടുവണ്ണൂര്‍, കോട്ടൂര്‍ പഞ്ചായത്തുകള്‍ ചേര്‍ത്ത് ഒരു ലോക്കല്‍ കമ്മിറ്റി രൂപീകരിച്ചപ്പോഴും ഞാനായി സെക്രട്ടറി. 1967നു ശേഷം പേരാമ്പ്ര ഏരിയാകമ്മിറ്റി അംഗമായി. ബാലുശ്ശേരി ഏരിയാ കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ അതിന്റെ സെക്രട്ടറിയായി മൂന്നു തവണ പ്രവര്‍ത്തിച്ചു. എട്ട് വര്‍ഷം. കൂടാതെ കര്‍ഷക സംഘത്തിന്റെ ജില്ലാ കമ്മിറ്റി അംഗമായും ജില്ലാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

1979 മുതല്‍ 5 കൊല്ലം നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും പിന്നീട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. കൂടാതെ ആദ്യത്തെ ജില്ലാ കൗണ്‍സില്‍ നിലവില്‍ വന്നപ്പോള്‍ അതില്‍ അംഗവുമായി.

  • ഇത്രയേറെ സമരസംഘടനാ അനുഭവങ്ങളിലൂടെ കടന്നുവന്ന താങ്കള്‍ പഴയകാലത്തെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തന രീതികളെയും പുതിയകാലത്തെ പ്രവര്‍ത്തനങ്ങളെയും എങ്ങിനെ വിലയിരുത്തുന്നു?

പഴയകാലത്തെ പാര്‍ട്ടി സഖാക്കളും ജനങ്ങളുമായുള്ള ബന്ധവും, പുതിയകാലത്തെ പ്രവര്‍ത്തന രീതികളും വ്യത്യസ്തമാണ്. അന്നൊരു കമ്മിറ്റിക്ക് പോകുന്നത് നടന്നാണ്. കിലോമീറ്ററുകള്‍ താണ്ടി. കമ്മിറ്റി കഴിഞ്ഞാല്‍ വീട്ടിലേക്ക് തിരിച്ചുപോകാനാവില്ല. എവിടെയാണോ കമ്മിറ്റി ചേരുന്നത് അവിടെ ഉറങ്ങും. മിക്കവാറും വീടുകളില്‍. അവിടെയുള്ള തലയണ വീട്ടുകാര്‍ നമുക്ക് തന്നാല്‍ അവര്‍ക്ക് പിന്നെ ഉണ്ടാവില്ല. ഭക്ഷണം തരുന്നത് തന്നെ ബുദ്ധിമുട്ടായവും. നേരം പുലരുന്നതിനു മുമ്പേ എഴുന്നേല്‍ക്കണം. ചൂലുമായി തൂത്തുവാരാന്‍ സ്ത്രീകള്‍ വരുന്നതിനു മുമ്പേ. പുലര്‍കാലത്ത് എഴുന്നേറ്റ് വീണ്ടും നടക്കും സ്വന്തം വീട്ടിലേക്ക്.

ഇന്ന് പാര്‍ട്ടി യോഗം 10 മണിക്ക് അപ്പുറം പോകുന്ന പതിവില്ല. എത്ര ദൂരെയായാലും വാഹനം വിളിച്ച് സഖാക്കളെ എത്തിക്കും. യോഗത്തിനു വരുന്ന സഖാവ് മേല്‍ക്കമ്മിറ്റി തീരുമാനം റിപ്പോര്‍ട്ട് ചെയ്ത് പോകുമെന്നല്ലാതെ ചര്‍ച്ചയ്‌ക്കൊന്നും സമയമുണ്ടാകില്ല. കമ്മിറ്റികളില്‍ പരിശോധനയും ഇല്ല. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ പഴയകാലത്ത് ഇഴപിരിച്ച് പരിശോധിക്കുന്ന പതിവുണ്ട്. സി.പി.ഐ.എമ്മില്‍ മേല്‍ക്കമ്മിറ്റികളുടെ തീരുമാനം ചര്‍ച്ചകൂടാതെ പലപ്പോഴും അടിച്ചേല്‍പ്പിക്കുകയാണ് പതിവ്. നിശിതമായ പരസ്പര വിമര്‍ശനം മുമ്പുണ്ടാകാറുണ്ട്. കേന്ദ്രകമ്മിറ്റി സഖാക്കളെ വരെ വിമര്‍ശനപരിധിയില്‍ നിന്ന് ഒഴിവാക്കില്ല.

ഇന്നോ, വിമര്‍ശിക്കുന്നവനെ വിഭാഗീയതയുടെ ഭാഗമാണെന്ന് മുദ്രകുത്തും. പഴയകാലത്തെ നേതാക്കള്‍ ചര്‍ച്ചകളും അഭിപ്രായങ്ങളും ശാന്തതയോടെ കേള്‍ക്കും. സൗമ്യശീലരായ അവരുടെ മറുപടിയാകട്ടെ ലളിതവും എല്ലാവര്‍ക്കും തൃപ്തിവരുന്നതുമായിരിക്കും. രൂക്ഷമായ വിമര്‍ശനത്തിനും മറുപടി സ്‌നേഹപൂര്‍വ്വം. ഇന്ന് വിമര്‍ശനമേറ്റുവാങ്ങുന്നവന്റെ മുഖം ചുളിയും. വിമര്‍ശിക്കുന്നവനെ ആജന്മ ശത്രുവായിക്കാണും. തെറ്റുണ്ടായാല്‍ അത് ചൂണ്ടിക്കാണിക്കാന്‍ ഇന്ന് വിമുഖരാണെല്ലാവരും. അതുകൊണ്ടാണ് മൂല്യച്യുതി വന്നത്.

ഇന്ന് നഷ്ടപ്പെടാന്‍ സ്ഥാനമാനങ്ങളുണ്ട്. അനുഭവിക്കാനും. പഞ്ചായത്ത് മെമ്പറും പ്രസിഡണ്ടുമാകാം. ബ്ലോക്ക് ജില്ലാ ഭരണാധികാരികളാവാം, ബാങ്ക് പ്രസിഡണ്ടാകാം, എം.എല്‍.എ. ആകാം, എം.പി. ആകാം, പദവികള്‍ എത്ര കാത്തിരിക്കുന്നു. പിന്നെ ആരാണ് വിമര്‍ശിക്കുക. ആരാണ് സ്വയം വിമര്‍ശനം നടത്തുക. പാര്‍ട്ടി അധികാര കേന്ദ്രങ്ങളായി അധപതിച്ചുപോയി. വിമര്‍ശിക്കുന്നവന്‍ ശല്യക്കാരനായി മുദ്രകുത്തപ്പെടുന്നു.

  • സി.പി.എമ്മിനകത്തെ വിഭാഗീയതയെ ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലക്ക് മാധവേട്ടന്‍ എങ്ങിനെയാണ് കാണുന്നത്?

ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സി.പി.ഐ.എമ്മില്‍ നടക്കുന്നത്. എനിക്കു തന്നെ നേരിട്ട അനുഭവങ്ങളുണ്ട്. വടകരയില്‍ ജില്ലാ സമ്മേളനം നടക്കുകയായിരുന്നു. അതില്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം. കേളപ്പനും എം. ദാസനും തമ്മിലാണ് മത്സരിച്ചത്. ദാസന്‍ സെക്രട്ടറിയായി. ജില്ലാ കമ്മിറ്റിയിലേക്ക് ഞങ്ങളില്‍ ചിലരെ മത്സരിപ്പിച്ചു.

സഖാക്കളുടെ അനുഭവങ്ങളെയും പ്രവര്‍ത്തന രീതികളെയും വിലയിരുത്തിയാവണം കമ്മിറ്റികളിലേക്ക് എടുക്കാന്‍. അതിന് പകരം സ്വന്തം താല്പര്യം സംരക്ഷിക്കാനും കൂടെ നില്‍ക്കാനും പലരും വേണം എന്ന നിലവന്നപ്പോള്‍ ഞങ്ങള്‍ അതിനെതിരെ നിലപാടെടുത്തു. ഗ്രൂപ്പ് ചര്‍ച്ചകളിലെല്ലാം വിഭാഗീയതയാണ് കാണിച്ചത്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഞങ്ങളെയൊന്നും സമ്മതിച്ചില്ല. ഒരു ഗ്രൂപ്പിന് പ്രാമുഖ്യമുളളതിനാല്‍ അവരെ മാത്രം പങ്കെടുപ്പിച്ചു. ആ സമ്മേളനത്തിന് ശേഷം ഞങ്ങളെയൊക്കെ പാര്‍ട്ടി നേതൃത്വം ഒറ്റപ്പെടുത്തുകയായിരുന്നു.

മെഹബൂബ് ഞങ്ങളുടെ ഏരിയയില്‍ വിഭാഗീയതയുടെ മുഖ്യ സൂത്രധാരനായി. ജില്ലയില്‍ എം. ദാസനും കരീമും മൂര്‍ത്തിമാഷും ഔദ്യോഗികപക്ഷമെന്ന നിലയില്‍ വിഭാഗീയതയുടെ കേന്ദ്രമായി. ഇപ്പോള്‍ പലരും അങ്ങോട്ടുമിങ്ങോട്ടും സ്ഥാനത്തിനുവേണ്ടി നിലപാടുമാറ്റി പോരടിക്കുന്നവരായി മാറിയില്ലേ.

  • ടി.പി.ചന്ദ്രശേഖരന്‍ മാധവേട്ടന്റെ കുടുംബജീവിതത്തിലേക്ക് എങ്ങിനെയാണ് വരുന്നത്?

ടി.പി.ചന്ദ്രശേഖരന്‍

കര്‍ഷകസംഘത്തിന്റെ കോഴിക്കോട് ജില്ലാകമ്മിറ്റിയോഗം കഴിഞ്ഞതിനു ശേഷം ഒഞ്ചിയത്തെ രാഘവന്‍ മാഷാണ് ചന്ദ്രശേഖരനും എന്റെ മകള്‍ രമയും തമ്മിലുള്ള വിവാഹകാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. പിന്നീട് ഒരു ദിവസം ആര്‍. ഗോപാലനും രണ്ട് സഖാക്കളും വീട്ടില്‍ വന്ന് സംസാരിച്ചു. ചന്ദ്രശേഖരനെ അറിയാമെന്നെല്ലാതെ ഞങ്ങള്‍ അടുത്ത് പരിചയപ്പെട്ടിട്ടുണ്ടായിരുന്നില്ല. എന്നാല്‍ എന്റെ മകള്‍ പ്രേമക്ക് ചന്ദ്രശേഖരനെ സംഘടനാ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് നേരത്തെ അറിയാമായിരുന്നു.

മാനസികമായി ഞാന്‍ ചന്ദ്രശേഖരന്‍ സ്വീകരിച്ച നിലപാടിനെ പിന്തുണച്ചിരുന്നു. ശരിയായ വഴിയിലൂടെയാണ് ടി.പിയുടെ സഞ്ചാരമെന്നും എനിക്കറിയാമായിരുന്നു. എന്നാല്‍ ഞാനാവഴിയിലൂടെ പോയില്ലെന്ന് മാത്രം.

ചന്ദ്രശേഖരനുമായി വിവാഹം ആലോചിക്കുന്ന സമയത്ത് രമയ്ക്ക് പുതുപ്പാടിയില്‍ ഒരു മരുന്നു കമ്പനിയില്‍ ജോലി ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം പറഞ്ഞതനുസരിച്ച് ആ ജോലി ഒഴിവാക്കി. രമയക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞാണെങ്കിലും ബാങ്കില്‍ ജോലി നല്‍കി. ചന്ദ്രശേഖരന്‍ പാര്‍ട്ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനുമായി.

  • ചന്ദ്രശേഖരന്റെ വ്യക്തിജീവിതത്തെക്കുറിച്ച്?

ഞങ്ങള്‍ തമ്മില്‍ മാനസികമായി നല്ല അടുപ്പമായിരുന്നു. എനിക്ക് എന്തു പ്രശ്‌നമുണ്ടായാലും ഓടിയെത്തുമായിരുന്നു ചന്ദ്രശേഖരന്‍. ഇത്രയും സ്‌നേഹമുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല. ടി.പി. കൊല്ലപ്പെടുന്നതിന് 2 മാസം മുമ്പാണ് എനിക്ക് ഒരു വീഴ്ച സംഭവിച്ചത്. നടുവിന് പരിക്കേറ്റ് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തി. ആ ദിവസങ്ങളിലെല്ലാം മറ്റാരെയും കൂടെ നിര്‍ത്താന്‍ സമ്മതിക്കാതെ എന്റെ കൂടെനിന്ന് എല്ലാ ശുശ്രൂഷയും നടത്തിയത് ചന്ദ്രശേഖരനാണ്. ഒരു കാര്യമേറ്റെടുത്താല്‍ അത് കൃത്യതയോടെ ചെയ്യുന്ന ഒരാളാണ് ചന്ദ്രശേഖരന്‍. എന്റെ വീട്ടിലെ കല്ല്യാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും  ചെയ്തത് ടി.പി. തന്നെയാണ്. ഒന്നിനും എനിക്ക് വെപ്രാളപ്പെടേണ്ടി വന്നിട്ടില്ല. ഒഞ്ചിയത്ത് റവല്യൂഷണറിക്ക് രൂപം നല്‍കിയതിനെക്കുറിച്ചൊന്നും ഞങ്ങള്‍ സംസാരിച്ചിട്ടില്ല. മാനസികമായി ഞാന്‍ ചന്ദ്രശേഖരന്‍ സ്വീകരിച്ച നിലപാടിനെ പിന്തുണച്ചിരുന്നു. ശരിയായ വഴിയിലൂടെയാണ് ടി.പിയുടെ സഞ്ചാരമെന്നും എനിക്കറിയാമായിരുന്നു. എന്നാല്‍ ഞാനാവഴിയിലൂടെ പോയില്ലെന്ന് മാത്രം.

ടി.പി. രാമകൃഷ്ണനോടൊപ്പം

  • മാധവേട്ടന്‍ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച സി.പി.ഐ.എമ്മിനോട് ഇനിയെന്ത് നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നത്?

സി.പി.ഐ.എമ്മുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്നില്ലെന്ന് ഞാന്‍ ഉറപ്പിച്ച് തീരുമാനിച്ച് കഴിഞ്ഞു. ഇത് ആദ്യമായാണ് ഞാന്‍ പരസ്യമായി പ്രകടിപ്പിക്കുന്നത്. എന്റെ തിക്താനുഭവങ്ങളാണ് ഈ തീരുമാനമെടുപ്പിച്ചത്. കേന്ദ്രനേതൃത്വമെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ടി.പി. കൊല്ലപ്പെട്ടതിനു ശേഷം 3 തവണ പ്രകാശ് കാരാട്ടിന് കത്തെഴുതി. മലയാളത്തിലും ഇംഗ്ലീഷിലും. ഫാക്‌സ് അയച്ചു. എന്റെ കത്ത് നിസ്സാരമായിരിക്കാം. എങ്കിലും ഞാന്‍ ഉന്നയിച്ച വിഷയം നിസ്സാരമല്ല.

ഒരു ദിവസം പ്രകാശ് കാരാട്ടുമായി 15 മിനുട്ടോളം ഫോണില്‍ സംസാരിച്ചു. സി.പി.ഐ.എം. വടകര എസ്.പി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിന്റെ തലേദിവസമാണ് അത്. ടി.പിയെ കൊന്ന പാര്‍ട്ടി തന്നെ മാര്‍ച്ച് നടത്തി സംഘര്‍ഷം സൃഷ്ടിച്ച് പ്രശ്‌നം വഷളാക്കുന്നതിനെതിരെയാണ് പ്രകാശിനോട് സംസാരിച്ചത്. കൊലപാതകം നടത്തി അതിനെ ന്യായീകരിക്കുന്ന പാര്‍ട്ടി സമീപനം തിരുത്തണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. എല്ലാം അയാള്‍ കേട്ടു. പാര്‍ട്ടിയെ തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ടു. വിശദമായി കത്തെഴുതുന്നുണ്ടെന്നും പറഞ്ഞു.

സി.പി.ഐ.എം. ഇന്നു നിലനില്‍ക്കുന്നത് ആയിരക്കണക്കിന് സഹകരണ സ്ഥാപനങ്ങളുടെ ബലത്തിലാണ്. അവിടങ്ങളില്‍ ജോലിചെയ്യുന്നവരും അവരുടെ കുടുംബങ്ങളും സി.പി.ഐ.എം. വിടാനാഗ്രഹിക്കില്ല.

ഉള്ള്യേരിയില്‍ പ്രകാശ് കാരാട്ട് വന്നപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടിരുന്നു. അക്കാര്യവും ഓര്‍മ്മിപ്പിച്ചു. കൊലപാതകത്തെ അപലപിച്ചുകൊണ്ട് പരസ്യമായി ഒരു പ്രസ്താവന ഉണ്ടാകുമെന്ന് സ്വാഭാവികമായും ഞാന്‍ കരുതി. എന്നാല്‍ അപലപിച്ചില്ലെന്നു മാത്രമല്ല, തെറ്റു ചെയ്തവരെ ന്യായീകരിക്കുകയാണ് കാരാട്ടടക്കമുള്ളവര്‍.

പാര്‍ട്ടി കമ്മിറ്റി അന്വേഷണം നടത്തിയിട്ട് എന്തു കാര്യമാണുള്ളത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടിച്ചത്. ആര്‍.എം.പിക്കാരുടെ ലിസ്റ്റ് അനുസരിച്ചല്ല; മുല്ലപ്പള്ളിയുടെ താല്പര്യപ്രകാരവുമല്ല. സി.പി.ഐ.എം. എന്തുപറഞ്ഞാലും ശരി അവര്‍ പറയുന്നത് എനിക്ക് അംഗീകരിക്കാനാവില്ല. ആരുടേയും പ്രേരണയ്ക്കനുസരിച്ചല്ല അറസ്റ്റ് നടന്നത്. വളരെ ബോധപൂര്‍വ്വം ഗൂഢാലോചന നടത്തി  നേതൃത്വം നടപ്പിലാക്കിയതാണ് ചന്ദ്രശേഖരന്റെ വധം. ടി.പി.ഇല്ലാതായാല്‍ അദ്ദേഹം നേതൃത്വം കൊടുത്തുണ്ടാക്കിയ പ്രസ്ഥാനം തകരുമെന്നാണ് അവര്‍ കരുതിയത്. പക്ഷെ, വധത്തോടെ ആര്‍.എം.പിയുടെ സ്വീകാര്യത കേരളം മുഴുവന്‍ വ്യാപിക്കുകയാണ്.

സി.പി.ഐ.എം. ഇന്നു നിലനില്‍ക്കുന്നത് ആയിരക്കണക്കിന് സഹകരണ സ്ഥാപനങ്ങളുടെ ബലത്തിലാണ്. അവിടങ്ങളില്‍ ജോലിചെയ്യുന്നവരും അവരുടെ കുടുംബങ്ങളും സി.പി.ഐ.എം. വിടാനാഗ്രഹിക്കില്ല. സ്ഥാനമാനങ്ങള്‍ ആരു വലിച്ചെറിയും? പഴയ ലോക്കല്‍ സെക്രട്ടറിയാണോ ഇപ്പോള്‍. ഇന്നയാള്‍ ഉദ്യോഗസ്ഥ പദവിയിലാണ്. സാമ്പത്തിക സ്രോതസ്സ്, ജനകീയ അംഗീകാരം എല്ലാം വര്‍ദ്ധിച്ചില്ലേ. ലോക്കല്‍ സെക്രട്ടറിമാരില്‍ പലര്‍ക്കും ജോലി രാഷ്ട്രീയമാണ്. സ്വന്തമായി ജോലി ഉള്ള ഒരാള്‍ക്ക് പാര്‍ട്ടി തെറ്റായ കാര്യം ചെയ്യുമ്പോള്‍ അതിനെ തുറന്നെതിര്‍ക്കാന്‍ പറ്റും. അല്ലാത്തവര്‍ക്ക് പറ്റില്ല. നാളത്തെ തന്റെ ഭാവി അപകടത്തിലാവുമെന്ന് കരുതുന്നവര്‍ സി.പി.ഐ.എമ്മിന്റെ തെറ്റ് ചൂണ്ടിക്കാട്ടില്ല. അവര്‍ ആ പാര്‍ട്ടിക്കകത്ത് നില്‍ക്കും.

ടി.പി.യുടെയും കെ.കെ. രമയുടെയും വിവാഹവേളയില്‍

  • സി.പി.ഐ.എം.വിട്ടു എന്ന് ഔദ്യോഗികമായി താങ്കള്‍ അവരെ അറിയിച്ചോ? അതോ ആരെങ്കിലും ബന്ധപ്പെട്ടോ?

പലരും വിളിച്ചിരുന്നു. സി.പി.ഐ.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളടക്കം. എന്നെ പരിപാടിക്ക് വിളിക്കാന്‍ അവര്‍ക്ക് പേടിയാണ്. ഇന്നത്തെ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകള്‍ ഒരു സാധാരണ പ്രവര്‍ത്തകന് അംഗീകരിക്കാന്‍ കഴിയില്ല. പ്രതീക്ഷയ്ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുമായി യോജിച്ച് പോകാനുമാവില്ല.

  • ചന്ദ്രേശേഖരന്‍ രൂപംനല്‍കിയ പ്രസ്ഥാനത്തോട് മാധവേട്ടന്റെ ബന്ധം ഇനിയെങ്ങിനെയായിരിക്കും?

അവരുടെ നിലപാടിനോട് എനിക്ക് യോജിപ്പാണ്. എന്നാല്‍ അതിന്റെ നേതൃത്വത്തിലേക്ക് വരാന്‍ എനിക്കാവില്ല. പ്രത്യേകിച്ച് ജീവിതത്തിന്റെ ഈ സായാഹ്നകാലത്ത്. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഞാന്‍ തുടരും. സി.പി.ഐ.എമ്മുമായോ, അതിന്റെ വര്‍ഗബഹുജന സംഘടനകളുമായോ ഇനി ഒരിക്കലും സഹകരിക്കില്ല. ഒഞ്ചിയത്തെ റവല്യൂഷണറിക്ക് വലിയ സാധ്യതകളാണുള്ളത്. അതിനെ പ്രതീക്ഷയോടെ ഞാന്‍ കാണുന്നു.

  • വി.എസ്. – ടി.പിയുടെ വീട്ടില്‍ വന്നപ്പോള്‍ മാധവേട്ടനുമായി സംസാരിച്ചോ?

വി.എസ്. സി.പി.ഐ.എമ്മിനെപ്പറ്റി പറഞ്ഞത് മദര്‍ പാര്‍ട്ടി എന്നാണ്. എന്നാല്‍ വി.എസ്സിന് ഇനി ആ പാര്‍ട്ടിയില്‍ എത്രകാലം നില്‍ക്കാനാവും.

  • സി.പി.ഐ.എമ്മിനകത്തെ നേതാക്കളുമായി പഴയകാലത്തും പുതിയകാലത്തും മാധവേട്ടന്റെ ബന്ധം എങ്ങിനെയായിരുന്നു?

സി.പി.ഐ.എമ്മിന്റെ ഉന്നത നേതാക്കളുമായി വളരെ മുമ്പേ സൗഹൃദമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണു ഞാന്‍ എം.എം. ബേബിയും ഞാനും തമ്മില്‍ ദീര്‍ഘകാലത്തെ സൗഹൃദമുണ്ട്. എന്റെ ഭാര്യയ്ക്കും മക്കള്‍ക്കും എല്ലാം ബേബിയെ അറിയാം. പിണറായി എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. കോടിയേരിയെ അടുത്തറിയാം. മുന്‍ സ്പീക്കര്‍ വിജയകുമാറുമായി ബന്ധമുണ്ട്. എസ്.ശര്‍മ, പി.ജയരാജന്‍, സുകന്യ, സി.പി .ജോണ്‍ തുടങ്ങിയവരുമായൊക്കെ. കോഴിക്കോട് ജില്ലയില്‍ നിന്ന് സതീദേവിയുടെ കല്ല്യാണത്തിനു പോയ അപൂര്‍വ്വം ചിലരില്‍ ഞാനുമുണ്ടായിരുന്നു.  അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് “കക്കയം കഥപറയുന്നു” എഴുതിയത് ദിവസങ്ങളോളം എന്റെ വീട്ടില്‍ താമസിച്ചാണ്. പഴയകാല പാര്‍ട്ടി നേതാക്കളായ എം.പി. നാരായണന്‍ നമ്പ്യാര്‍, പാച്ചേനി കുഞ്ഞിരാമന്‍, ടി.കെ. രാമകൃഷ്ണന്‍, പാലോളി മുഹമ്മദ് കുട്ടി ഇവരുമായെല്ലാം ഈടുറ്റ സൗഹൃദമായിരുന്നു. എന്നാല്‍ ഇവരോടൊന്നും ഒരു ശിപാര്‍ശയ്ക്കും ഞാനിതുവരെ പോയിട്ടില്ല. പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് ഇതുവരെ ഒന്നും നേടിയിട്ടുമില്ല.

  • ചന്ദ്രശേഖരന്റെ വധാന്വേഷണം തൃപ്തികരമാണോ?

അന്വേഷണം ഇതുവരെയും തൃപ്തികരമായാണ് മുന്നേറിയത്. സത്യസന്ധമായാണ് അതെല്ലാം നടന്നത്. ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സമീപനം ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തി.

  • സംസ്ഥാന നേതൃത്വം ആലോചിച്ചാണോ കൊലപാതകം ആസൂത്രണം ചെയ്തത് എന്ന് മാധവേട്ടന്‍ വിശ്വസിക്കുന്നുണ്ടോ?

നേതൃത്വം എല്ലാവരും ആലോചിച്ചാണ് ചെയ്തത് എന്ന് വിശ്വസിക്കുന്നില്ലെങ്കിലും പാര്‍ട്ടിയിലെ ഒരുപറ്റം നേതാക്കള്‍ അറിഞ്ഞാണ് കൊലപ്പെടുത്തിയത് എന്നതില്‍ എനിക്ക് ഒരു സംശയവും ഇല്ല.

പ്രകാശ് കാരാട്ട്

  • പാര്‍ട്ടിയെ എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കുന്നു എന്നാണല്ലോ സി.പി.എം.നേതൃത്വം പറയുന്നത്?

അതില്‍ യാതൊരു അര്‍ത്ഥവും ഇല്ല. അങ്ങിനെയാണെങ്കില്‍ പാര്‍ട്ടി നേതാക്കള്‍ എന്തിനാണ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചത്; സന്ദര്‍ശിക്കുന്നത്, അത് ഒഴിവാക്കേണ്ടേ? സതീദേവി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൊടുംപാതകം ചെയ്ത പ്രതികളുമായി നേരിട്ട് സംസാരിക്കുന്നത് കണ്ടവര്‍ ജയിലിനകത്ത് ഉണ്ടായിരുന്നല്ലോ? നിഷേധിക്കുമോ അവരിത്. അതിനാല്‍ സി.പി.ഐ.എമ്മിന് ബന്ധമുണ്ട് എന്നതില്‍ ഒരു തര്‍ക്കവുമില്ല. ചന്ദ്രശേഖരന്റെ പേര് ഇനി പറയേണ്ടെന്നാണ് സി.പി.എം.തീരുമാനിച്ചിരിക്കുന്നത്. വിലക്കയറ്റ വിഷയത്തില്‍ കേന്ദ്രീകരിക്കണം പോലും! വി.എസ്സിന്റെ ചിറകൊടിക്കലിലാണ് അവരുടെ ശ്രദ്ധ.

എന്നാല്‍ സി.പി.ഐ.എമ്മിനകത്ത് ചിന്തിക്കുന്ന വലിയൊരു വിഭാഗമുണ്ട്. വധത്തിനുശേഷം ചന്ദ്രശേഖരന്റെ വീട്ടില്‍ ഞാന്‍ രണ്ടുമാസം ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്നും കാസര്‍ഗോഡു നിന്നും ഇതര ജില്ലകളില്‍ നിന്നും വന്നവരില്‍ അധികംപേരും പാര്‍ട്ടി കേന്ദ്രങ്ങളിലുള്ളവരായിരുന്നു. സി.പി.ഐ.എമ്മിന്റെ ഏരിയാ, ലോക്കല്‍, ബ്രാഞ്ചുതലത്തിലുള്ള ആയിരങ്ങള്‍. അവരൊന്നും ബോധ്യപ്പെടുത്താന്‍ വന്നവരല്ല. ആത്മാര്‍ത്ഥമായി വന്നവരാണ്. ചന്ദ്രശേഖരനെയോ, രമയേയോ, നന്ദുവിനോയോ ജീവിതത്തിലവര്‍ കണ്ടിട്ടില്ല. അറിഞ്ഞിട്ടില്ല. എന്നിട്ടും അവര്‍ വന്നു. സി.പി.ഐ.എമ്മിന്റെ കൊടുംക്രൂരതയ്‌ക്കെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം ചിന്തിക്കുന്നുണ്ട് എന്നാണ് ഇതെല്ലാം കാണിക്കുന്നത്. സി.പി.ഐ.എം. ഈ നിലക്ക് പോയാല്‍ വലിയ ഭാവിയില്ല.

കടപ്പാട് : സമകാലിക മലയാളം വാരിക

content highlights:  Interview with K.K. Rama’s father KK Madhavan

വി.കെ. സുരേഷ്

Latest Stories

We use cookies to give you the best possible experience. Learn more