കല്ലറ സുകുമാരന്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വെളിച്ചം; ദലിതരെ മുസ്‌ലീം യജമാനന്മാരുടെ വാലാക്കാനുള്ള ശ്രമമാണ് പ്രഭാകരന്‍ വാരപ്രത്തിന്റേത്: കെ.കെ കൊച്ച്
Kerala News
കല്ലറ സുകുമാരന്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വെളിച്ചം; ദലിതരെ മുസ്‌ലീം യജമാനന്മാരുടെ വാലാക്കാനുള്ള ശ്രമമാണ് പ്രഭാകരന്‍ വാരപ്രത്തിന്റേത്: കെ.കെ കൊച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th May 2019, 9:11 pm

കോഴിക്കോട്: ദളിത് നേതാവ് കല്ലറ സുകുമാരനെതിരെ പ്രഭാകരന്‍ വാരപ്രത്ത് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ.കെ കൊച്ച്.  കേരളത്തില്‍ നിലച്ചുപോയ ദളിത് പ്രത്യയശാസ്ത്ര- സംഘടനാ പ്രവര്‍ത്തനങ്ങളെ വീണ്ടെടുത്തവരിലൊരാളാണ് കല്ലറ സുകുമാരനെന്ന് കെ.കെ കൊച്ച് പറഞ്ഞു.

കേരളത്തിലെ ദലിതര്‍ക്കു മാത്രമല്ല പിന്നാക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വഴിവെളിച്ചമായി മാറിയ കല്ലറ സുകുമാരനെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് ദലിതരുടെ സ്വതന്ത്ര സമുദായാസ്തിത്വം നിഷേധിച്ച് ഒരു സംഘം മുസ്ലീം യജമാനന്മാരുടെ വാലാക്കുന്നതിന് വേണ്ടിയാണെന്നും കെ.കെ കൊച്ച് പറയുന്നു. ഈ കപട ദലിത് സ്‌നേഹിയെ സമുദായം ഒറ്റക്കെട്ടായി എതിര്‍ക്കുക തന്നെ വേണം. അല്ലെങ്കില്‍ നവോത്ഥാനാനന്തര കേരളത്തില്‍ നമ്മളെ നമ്മളാക്കിയ കല്ലറ സുകുമാരന്റെ മഹാത്യാഗങ്ങളെ വിലമതിക്കാത്തവരായി ചരിത്രം നമ്മെ വിധിയെഴുതുമെന്നും കെ.കെ കൊച്ച് പറയുന്നു.

കല്ലറ സുകുമാരന്‍ കെ.എം മാണിയുടെ ഉപകരണമായിരുന്നുവെന്നും മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങള്‍ ബി.എസ്.പി യില്‍ കടന്നുവരാതിരിക്കുവാന്‍ കല്ലറ സുകുമാരന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് പ്രഭാകരന്‍ വാരപ്രത്ത് ഉന്നയിച്ചിരുന്നത്. ഈ ആരോപണങ്ങള്‍ക്കാണ് കെ.കെ കൊച്ചിന്റെ മറുപടി.

”കല്ലറ സുകുമാരന്റെയും പോള്‍ ചിറക്കരോടിന്റെയും പ്രതാപകാലത്താണ് ഞാന്‍ സീഡിയന്‍ പ്രവര്‍ത്തകനാകുന്നത്. ആ സംഘടന മവോയിസം വരെയുള്ള മാര്‍ക്‌സിസം അംഗീകരിച്ചിരുന്നതിനാല്‍ കല്ലറ സുകുമാരനെ മാര്‍ക്‌സിസ്റ്റ് വിരുദ്ധനായി വിമര്‍ശിച്ചിരുന്നു. മാത്രവുമല്ല അദ്ദേഹത്തിന്റെ മുന്‍കാല കോണ്‍ഗ്രസ്സ് ബന്ധം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ഒരിക്കല്‍ പോലും കേരളാ കോണ്‍ഗ്രസ്സ് -കെ.എം.മാണി ബന്ധം ആരോപിച്ചിരുന്നില്ല. അതിനര്‍ഹതയുള്ള ഏക പ്രസ്ഥാനം സീഡിയ നായിരുന്നിട്ടും. കൂടാതെ പരസ്പരം നിരവധി വേദികള്‍ പങ്കിടുകയും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിറുത്തിക്കൊണ്ട് ആദരവ് പുലര്‍ത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുഖ്യ പ്രവര്‍ത്തനങ്ങളായിരുന്ന, കേരളാ കോണ്‍ഗ്രസ്സിനും കെ.എം.മാണിയ്ക്കും സ്വീകാര്യമല്ലാതിരുന്ന ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കു വേണ്ടിയുള്ള കാല്‍നട ജാഥയിലോ ഗുരുവായൂര്‍ ബ്രാഹ്മണസദ്യക്കെതിരായ 100 പേരുടെ കാല്‍ നടജാഥയിലോ ഏതെങ്കിലും സമ്മേളനങ്ങളിലോ കേരളാ കോണ്‍ഗ്രസ്സുകാര്‍ സഹകരിച്ചിരുന്നില്ല. അതേ സമയം ദലിതരോട് അനുഭാവമുണ്ടായിരുന്ന ചരിത്രകാരനായ എന്‍.കെ.ജോസിനെയും വൈദികരടക്കമുള്ള ക്രൈസ്തവരോടുമദ്ദേഹം സൗഹൃദം പുലര്‍ത്തിയിരുന്നു. ദലിതരെയും ദലിത് ക്രൈസ്തവരെയും അണിനിരത്തി കേരളത്തിലെ ഏറ്റവും വലിയ ദലിത് പ്രസ്ഥാനം രൂപീകരിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ്സിന്റെയോ അരമനകളുടെയോ സഹായം തേടിയിരുന്നില്ല. ഇപ്രകാരം ദലിത് പ്രത്യയശാസ്ത്ര സംഘടനാ പ്രവര്‍ത്തനത്തിന്റെ വാതില്‍ തുറന്നിട്ട് ചരിത്ര പുരുഷനായി മാറിയ കല്ലറ സുകുമാരന്‍ ദലിത്-പിന്നാക്ക ന്യൂനപക്ഷ ഐക്യവും അംഗീകരിച്ചിരുന്നു. അതുകൊണ്ടാണ് ഗ്രോ വാസു, എം.കെ.രാഘവന്‍, വിശ്വകര്‍മ്മ മഹാസഭാ നേതാവ് (പേരോര്‍ക്കുന്നില്ല), മദനി എന്നിവരുള്‍ക്കൊള്ളുന്ന മൂന്നാം മുന്നണിക്കുവേണ്ടി ശ്രമിച്ചിരുന്നത്.” കെ.കെ കൊച്ച് പറയുന്നു.

കെ.കെ കൊച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ്

 

കല്ലറ സുകുമാരനോട് ദളിത് സമുദായം നീതി പുലര്‍ത്തണം. – കെ.കെ. കൊച്ച്.

 

കേരളത്തില്‍ നവോത്ഥാന കാലത്തു തന്നെ നിലച്ചുപോയ ദളിത് പ്രത്യയശാസ്ത്ര- സംഘടനാ പ്രവര്‍ത്തനങ്ങളെ വീണ്ടെടുക്കുന്നത് കല്ലറ സുകുമാരനും പോള്‍ ചിറക്കരോടുമാണ്. ഇതിന്നാധാരമാക്കിയത് ഒരു കാലത്ത് ലഭ്യമല്ലാതിരുന്ന ചരിത്രാനുഭവങ്ങളോ അംബേദ്കര്‍ ചിന്തകളോ ആയിരുന്നില്ല, മറിച്ച് സ്വന്തം അനുഭവങ്ങളെയാണ്. ആദ്യകാലത്ത് കോണ്‍ഗ്രസ്സിനോട് അനുഭാവം പുലര്‍ത്തിയ അദ്ദേഹം ആ സംഘടയുടെ പോഷക സംഘടനയായ അധഃകൃത വര്‍ഗലീഗില്‍ ചേരാതെ പീരുമേട് ഹരിജന്‍ ഫെഡറേഷന്‍ രൂപീകരിച്ചു. 70- കളില്‍ തന്നെ ‘ദലിത് ‘ കേരളത്തിന് സുപരിചിതമായിരുന്നെങ്കിലും 80- കളില്‍ ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ രൂപീകരിച്ച് ആ പദത്തെ സാര്‍വ്വത്രികമാക്കിയത് കല്ലറ സുകുമാരനാണ്. ഇതോടെ ഐ.ഡി.എഫ്. ദലിത് സമുദായത്തെ അടിത്തറയാക്കി ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടിയും പാര്‍ട്ടിയുടെ ട്രേഡ് യൂണിയനായ സി.കെ.റ്റി.യുവും രൂപീകരിക്കുമ്പോള്‍ അടിത്തട്ടു ജനതകളുടെ രാഷ്ട്രീയ പ്രസ്ഥാനമാണദ്ദേഹം വിഭാവന ചെയ്തത്. തന്മൂലം തൊഴിലാളി – കാര്‍ഷിക ജനതകളോട് നീതി പുലര്‍ത്തുന്നില്ലായെന്ന അടിസ്ഥാനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിമര്‍ശകനായി മാറി. ഇതോടൊപ്പം മാര്‍ക്‌സ് എതിര്‍ത്ത പ്രൂദോണിന്റെ പ്രതിനിധാനത്തെ മുന്‍നിര്‍ത്തിയൊരു സിദ്ധാന്തം ആവിഷ്‌കരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനം, ദലിതരില്‍ ഒരു സമ്പന്ന വര്‍ഗ്ഗമില്ലാത്തതിനാല്‍ അവരുടെ സഹായത്തോടെ ഒരു രാഷ്ട്രീയ പ്രസ്ഥാനം അസാദ്ധ്യമായതിനാല്‍ ദലിതരിലെ ഉദ്യോഗസ്ഥരായ മധ്യവര്‍ഗ്ഗത്തെ ആശ്രയിക്കണമെന്നതാണ്. ഈ ആശയം ‘കെ.എച്ച്.എഫ് – എന്ത്? എന്തിന് ?’ എന്ന പുസ്തകത്തിലുണ്ട്. ബി.എസ്.പി.ക്ക് മുമ്പ് ബാംസെഫ് രൂപീകരിച്ച കാന്‍ഷിറാമും ഇതേ കാര്യമാണ് ചെയ്തത്. പില്‍ക്കാലത്ത് ഐ.എല്‍. പി പിരിച്ചുവിട്ട് ബി.എസ്.പി.യില്‍ ചേര്‍ന്നതിന് കാരണവും മറ്റൊന്നല്ല.

കല്ലറ സുകുമാരന്റെയും പോള്‍ ചിറക്കരോടിന്റെയും പ്രതാപകാലത്താണ് ഞാന്‍ സീഡിയന്‍ പ്രവര്‍ത്തകനാകുന്നത്. ആ സംഘടന മവോയിസം വരെയുള്ള മാര്‍ക്‌സിസം അംഗീകരിച്ചിരുന്നതിനാല്‍ കല്ലറ സുകുമാരനെ മാര്‍ക്‌സിസ്റ്റ് വിരുദ്ധനായി വിമര്‍ശിച്ചിരുന്നു. മാത്രവുമല്ല അദ്ദേഹത്തിന്റെ മുന്‍കാല കോണ്‍ഗ്രസ്സ് ബന്ധം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ഒരിക്കല്‍ പോലും കേരളാ കോണ്‍ഗ്രസ്സ് -കെ.എം.മാണി ബന്ധം ആരോപിച്ചിരുന്നില്ല. അതിനര്‍ഹതയുള്ള ഏക പ്രസ്ഥാനം സീഡിയ നായിരുന്നിട്ടും. കൂടാതെ പരസ്പരം നിരവധി വേദികള്‍ പങ്കിടുകയും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിറുത്തിക്കൊണ്ട് ആദരവ് പുലര്‍ത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുഖ്യ പ്രവര്‍ത്തനങ്ങളായിരുന്ന, കേരളാ കോണ്‍ഗ്രസ്സിനും കെ.എം.മാണിയ്ക്കും സ്വീകാര്യമല്ലാതിരുന്ന ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കു വേണ്ടിയുള്ള കാല്‍നട ജാഥയിലോ ഗുരുവായൂര്‍ ബ്രാഹ്മണസദ്യക്കെതിരായ 100 പേരുടെ കാല്‍ നടജാഥയിലോ ഏതെങ്കിലും സമ്മേളനങ്ങളിലോ കേരളാ കോണ്‍ഗ്രസ്സുകാര്‍ സഹകരിച്ചിരുന്നില്ല. അതേ സമയം ദലിതരോട് അനുഭാവമുണ്ടായിരുന്ന ചരിത്രകാരനായ എന്‍.കെ.ജോസിനെയും വൈദികരടക്കമുള്ള ക്രൈസ്തവരോടുമദ്ദേഹം സൗഹൃദം പുലര്‍ത്തിയിരുന്നു. ദലിതരെയും ദലിത് ക്രൈസ്തവരെയും അണിനിരത്തി കേരളത്തിലെ ഏറ്റവും വലിയ ദലിത് പ്രസ്ഥാനം രൂപീകരിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ്സിന്റെയോ അരമനകളുടെയോ സഹായം തേടിയിരുന്നില്ല. ഇപ്രകാരം ദലിത് പ്രത്യയശാസ്ത്ര സംഘടനാ പ്രവര്‍ത്തനത്തിന്റെ വാതില്‍ തുറന്നിട്ട് ചരിത്ര പുരുഷനായി മാറിയ കല്ലറ സുകുമാരന്‍ ദലിത്-പിന്നാക്ക ന്യൂനപക്ഷ ഐക്യവും അംഗീകരിച്ചിരുന്നു. അതുകൊണ്ടാണ് ഗ്രോ വാസു, എം.കെ.രാഘവന്‍, വിശ്വകര്‍മ്മ മഹാസഭാ നേതാവ് (പേരോര്‍ക്കുന്നില്ല), മദനി എന്നിവരുള്‍ക്കൊള്ളുന്ന മൂന്നാം മുന്നണിക്കുവേണ്ടി ശ്രമിച്ചിരുന്നത്. ഈ നേതാക്കന്മാരുമായുള്ള അഭിമുഖ സംഭാഷണങ്ങള്‍ സമാഹരിച്ചൊരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ കെ.സുനില്‍കുമാര്‍ മുന്‍കൈ എടുത്തിരുന്നു. ദൗര്‍ഭാഗ്യമെന്നു പറയട്ടെ പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായില്ല.

പ്രത്യയശാസ്ത്ര സംഘടനാ പരിമിതികളെ മുന്‍നിര്‍ത്തി കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇരുവരേയും ചരിത്രത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ ദലിത് സമുദായം തുനിഞ്ഞിട്ടില്ല. മറിച്ച് അദ്ദേഹത്തിന്റെ വിമര്‍ശനത്തിലൂടെ കൂടുതല്‍ ഉള്‍ക്കാഴ്ചയും കരുത്തും നേടാനാണ് ശ്രമിച്ചിട്ടുള്ളത് .അതുകൊണ്ടാണ് കല്ലറ സുകുമാരനെ ദലിതര്‍ നവോത്ഥാനാനന്തര പ്രതിനിധാനമായി കണക്കാക്കുന്നത്.ഇപ്രകാരം ദലിതര്‍ക്കു മാത്രമല്ല പിന്നാക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വഴിവെളിച്ചമായി മാറിയ കല്ലറ സുകുമാരനെയാണ് അപമാനിക്കാനും വ്യക്തിഹത്യ നടത്താനും പ്രഭാകരന്‍ വാരപ്രാത്ത് ശ്രമിക്കുന്നത്. ലക്ഷ്യമാകട്ടെ ദലിതരുടെ സ്വതന്ത്ര സമുദായാസ്തിത്വം നിഷേധിച്ച് ഒരു സംഘം മുസ്ലീം യജമാനന്മാരുടെ വാലാക്കുക എന്നതാണ്. ഈ കപട ദലിത് സ്‌നേഹിയെ സമുദായം ഒറ്റക്കെട്ടായി എതിര്‍ക്കുക തന്നെ വേണം. അല്ലെങ്കില്‍ നവോത്ഥാനാനന്തര കേരളത്തില്‍ നമ്മളെ നമ്മളാക്കിയ കല്ലറ സുകുമാരന്റെ മഹാത്യാഗങ്ങളെ വിലമതിക്കാത്തവരായി ചരിത്രം നമ്മെ വിധിയെഴുതും.