ടിനു യോഹന്നാനും എസ് ശ്രീശാന്തിനും സഞ്ജു സാംസണിനും മുമ്പേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദേശീയ ജേഴ്‌സി അണിയുന്ന ആദ്യ മലയാളി ക്രിക്കറ്റ് താരമാകാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന മുന്‍ രഞ്ജി താരം കെ. ജയരാമന്‍ (67) ലോകത്ത് നിന്ന് വിടവാങ്ങി. രഞ്ജി ട്രോഫിയില്‍ കേരളം കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്നു ‘ജയറാം’. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ശനിയാഴ്ച എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം.
സഞ്ജു സാംസണിനും മുമ്പേ ഇന്ത്യന്‍ ടീമില്‍ തകര്‍ത്തടിക്കേണ്ടിയിരുന്ന, മലയാളികള്‍ ആഘോഷമാക്കേണ്ടിയിരുന്ന അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. ഒരുകാലത്ത് കര്‍ണാടക, ഗോവ, തമിഴ്‌നാട് പോലുള്ള അജയ്യരായ ടീമുകള്‍ക്കെതിരെ, ഒരു രഞ്ജി സീസണില്‍ തുടര്‍ച്ചയായി നാല് സെഞ്ച്വറികള്‍ നേടാന്‍ കെ. ജയരാമന് അല്ലാതെ മറ്റാര്‍ക്ക് സാധിക്കും.
1980കളില്‍ കേരള രഞ്ജി ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാളായിരുന്നു വലംകൈയന്‍ ബാറ്ററായ കെ ജയറാം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 46 മത്സരങ്ങളില്‍ അഞ്ച് സെഞ്ചുറിയും 10 അര്‍ധസെഞ്ചുറിയുമടക്കം 2358 റണ്‍സ് സ്വന്തമാക്കി. 133 ആണ് ഉയര്‍ന്ന സ്‌കോര്‍.
1986-87 സീസണ്‍ രഞ്ജി ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നാല് സെഞ്ച്വറികളാണ് കെ. ജയരാമന്‍ അടിച്ചുകൂട്ടിയത്. തുടര്‍ച്ചയായി നാല് ശതകങ്ങള്‍ അടിച്ച മലയാളി ബാറ്ററുടെ പെരുമ അക്കാലത്ത് ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധയില്‍ വരെ എത്തിരുന്നുവെന്നതാണ് പഴമയുടെ ചരിത്രം. പക്ഷേ, മിന്നുന്ന ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോഴും നിര്‍ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ടീം ഇന്ത്യക്കായി കളിക്കാന്‍ അദ്ദേഹത്തിന് വിളിയെത്താതെ പോയത്.
കേരള സീനിയര്‍ ടീമിന് പുറമെ ജൂനിയര്‍ തലത്തിലും ക്യാപ്റ്റനായിരുന്നു കെ. ജയരാമന്‍. കളി മതിയാക്കിയതിന് ശേഷം ഏറെക്കാലം കേരള രഞ്ജി ടീമിനൊപ്പം അണ്ടര്‍ 22, അണ്ടര്‍ 25 ടീമുകളുടെ മുഖ്യ സെലക്ടറായിരുന്നു അദ്ദേഹം. വര്‍ഷങ്ങളോളം കേരള സീനിയര്‍ ടീമുകളുടെ മുഖ്യ സെലക്ടറായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അപെക്‌സ് കൗണ്‍സില്‍ അംഗവുമായിരുന്നു.
ദേശീയ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി അംഗവുമായിരുന്നു. 2010ല്‍ ബി.സി.സി.ഐ മാച്ച് റഫറിയുമായി. ആറ് ലിസ്റ്റ് എ മത്സരങ്ങളും, രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നിയന്ത്രിച്ചു. 1956 ഏപ്രില്‍ എട്ടിന് എറണാകുളത്തായിരുന്നു കെ. ജയരാമന്‍ ജനിച്ചത്. രമ ജയരാമനാണ് ജീവിത പങ്കാളി. ദമ്പതികള്‍ക്ക് അഭയ് ജയരാമന്‍ എന്നൊരു മകനുണ്ട്.