| Thursday, 17th October 2019, 1:17 pm

പൂക്കോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട്, സി.പി.ഐ.എം ഏരിയാ കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങളില്‍ നിന്ന് കെ. ജയദേവന്‍ രാജിക്കൊരുങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീകൃഷ്ണപുരം: പൂക്കോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ.എം ഏരിയാകമ്മറ്റി അംഗവുമായ കെ. ജയദേവന്‍ രാജിക്കൊരുങ്ങി. പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും പാര്‍ട്ടി ഏരിയാ കമ്മറ്റി അംഗമെന്ന സ്ഥാനവും രാജിവെച്ചു കൊണ്ടുള്ള കത്ത് സി.പി.ഐ.എം ഏരിയാ കമ്മറ്റി സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയിട്ടില്ല.

കടമ്പഴിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ടി. രാജേഷിനെ പിരിച്ചു വിട്ടതുമായുള്ള പ്രശ്‌നങ്ങളാണ് ജയദേവന്റെ രാജിക്കുള്ള കാരണമായി പറയുന്നത്. ഡി.വൈ.എഫ്.ഐ പൂക്കോട്ടുകാവ് മേഖല സെക്രട്ടറിയായ രാജേഷ് കഴിഞ്ഞ 12 വര്‍ഷമായി കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു.

രാജേഷിനെയും മറ്റ് മൂന്നുപേരെയും താത്കാലിക ജീവനക്കാരെയും കഴിഞ്ഞ ജനുവരിയിലാണ് പിരിച്ചു വിട്ടത്. ഇവര്‍ക്ക് തൊഴില്‍ നിഷേധത്തിനെതിരെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനും രാജേഷ് നേരിട്ട് തന്നെ പരാതി നല്‍കിയിരുന്നു. പത്ത് മാസത്തോളം കഴിഞ്ഞിട്ടും ഈ പ്രശ്‌നം പരിഹരിക്കാത്തതാണ് ജയദേവനെ രാജിവെക്കാന്‍ പ്രേരിപ്പിച്ച ഘടകം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പരാതി നല്‍കിയ രാജേഷിനെ മാത്രം തിരിച്ചെടുക്കാതെ മറ്റ് മൂന്നുപേരെ തിരിച്ചെടുക്കാനും സി.പി.ഐ.എം ഏരിയ സെക്രട്ടറിയുടെ മകന്‍ പുതിയതായി നാല് പേര്‍ക്ക് ജോലി കൊടുക്കാനും പാര്‍ട്ടി തീരുമാനിച്ചതായി പൂക്കോട്ടുകടവിലെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ പറയുന്നു.

എന്നാല്‍ തനിക്ക് ജയദേവന്‍ രാജികത്ത് നല്‍കിയിട്ടില്ലെന്നും കടമ്പഴിപ്പുറം സഹകരണ ബാങ്കിലെ നിയമന കാര്യങ്ങള്‍ ഏരിയാ കമ്മറ്റിയില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്നുമാണ് സി.പി.ഐ.എം ഏരിയ സെക്രട്ടറി എന്‍.ഹരിദാസന്റെ പ്രതികരണം.

സമകാലിക വിഷയങ്ങളിലുള്ള പ്രതികരണങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് കെ. ജയദേവന്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more