| Friday, 13th January 2023, 12:33 pm

ഇക്കാര്യത്തില്‍ എനിക്ക് ചെറിയൊരു ദുഖമുണ്ട്, ജാനകിയമ്മയോട് നല്ല അസൂയയുമുണ്ട്: യേശുദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യ കണ്ട എക്കാലത്തെയും പ്രതിഭാധനരായ രണ്ട് ഗായകരാണ് കെ.ജെ. യേശുദാസും എസ്. ജാനകിയും. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ പാടിയിട്ടുള്ള ഇരുവരും സമകാലികര്‍ കൂടിയാണ്.

എസ്. ജാനകിയോട് തനിക്ക് അസൂയ തോന്നിയതിനെ കുറിച്ച് രസകരമായി സംസാരിക്കുകയാണ് മലയാളികളുടെ ‘ദാസേട്ടനായ’ യേശുദാസ്. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാട്ട് പാടിയതിന്റെ കാര്യത്തിലല്ല, മറിച്ച് സ്റ്റുഡിയോയിലും ഓരോ സ്‌റ്റേജിലും താന്‍ പാട്ട് പാടിയതും പാടിയതിന്റെ സമയവുമടക്കം ജാനകിയമ്മ നോട്ട് ചെയ്ത് വെക്കുന്ന കാര്യത്തില്‍ തനിക്ക് അസൂയ തോന്നിയിട്ടുണ്ട് എന്നാണ് യേശുദാസ് പറയുന്നത്. താനും ഇത്തരത്തില്‍ എഴുതിവെക്കാന്‍ തുടങ്ങിയിരുന്നെന്നും എന്നാല്‍ ഡയറി കയ്യില്‍ നിന്നും നഷ്ടപ്പെട്ട് പോയെന്നും അദ്ദേഹം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

”എത്ര പാട്ട് പാടിയിട്ടുണ്ടെന്നൊന്നും എനിക്ക് അറിയില്ല. നേരത്തെ ഇത് കേട്ടപ്പോള്‍ ഞാന്‍ കുറച്ച് ഷോക്കായി. അവര്‍ പറഞ്ഞു 70,000 പാട്ടിന് മുകളില്‍ പാടിയിട്ടുണ്ടെന്ന്.

എനിക്കറിയില്ല. ഞാന്‍ ഇതുവരെ കണക്കെടുത്തിട്ടില്ല. 1961 നവംബര്‍ 14 മുതല്‍ ഞാന്‍ പാടുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്കു, കന്നഡ, മറാത്തി, ഗുജറാത്തി എല്ലാ ഭാഷയിലും പാടിയിട്ടുണ്ട്.

പക്ഷെ എന്നിട്ടും എനിക്ക് ചെറിയൊരു ദുഖമുണ്ട്. ഇക്കാര്യത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ജാനകിയമ്മയോട് നല്ല അസൂയ തോന്നാറുണ്ട്. അതൊരിക്കലും പാട്ടിന്റെ കാര്യത്തിലല്ല. അവര്‍ വലിയ പാട്ടുകാരിയല്ലേ.

ജാനകിയമ്മ ഓരോ സ്ഥലത്ത് നിന്ന് പാടുന്നതും, ഓരോ സ്റ്റുഡിയോയില്‍ പാടുന്നതും, എത്ര സമയം പാടുന്നു എന്നുമെല്ലാം ഒരു ചെറിയ പുസ്തകത്തില്‍ നോട്ട് ചെയ്ത് വെച്ചിട്ടുണ്ടാകും.

അത് പോലെ ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഞാനും മനസില്‍ ആഗ്രഹിച്ചിട്ടുണ്ട്. അങ്ങനെ നോട്ട് ചെയ്യാന്‍ തുടങ്ങിയിരുന്നു. പക്ഷെ സംഭവിച്ചതെന്താണെന്ന് വെച്ചാല്‍ രണ്ട് ഡയറിയും കാണാതായി,” യേശുദാസ് പറഞ്ഞു.

രണ്ട് ദിവസം മുമ്പായിരുന്നു യേശുദാസിന്റെ 83ാം ജന്മദിനം. മലയാള സിനിമാ ലോകത്ത് നിന്നടക്കം നിരവധി പേരായിരുന്നു അദ്ദേഹത്തിന് ആശംസ നേര്‍ന്നത്.

Content Highlight: K.J Yesudas about S. Janaki

We use cookies to give you the best possible experience. Learn more