| Monday, 26th June 2023, 8:05 am

അടിയന്തരാവസ്ഥ അവസാനിപ്പിക്കാന്‍ ഈ നാടിന് കഴിഞ്ഞു; പക്ഷെ ഈ ഹുങ്കിന് അറുതി വരുത്താന്‍ ആഭ്യന്തര മന്ത്രിക്ക് പോലും കഴിയുന്നില്ല: കെ.ജെ ജേക്കബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസ് വിലങ്ങ് വെച്ച് കൊണ്ടുപോയതിനെതിരെ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ്. പ്രവര്‍ത്തകരെ വിലങ്ങ് വെച്ച് കൊണ്ടുപോകുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

പാലത്തിന് ഡൈനമിറ്റ് വെച്ചതിനോ രാജ്യത്തിനെതിരെ കലാപം നടത്തിയതിനോ അല്ല എം.എസ്.എഫ് നേതാക്കന്മാരായ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് കൈയാമം വെച്ച് നടത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസ് കാണിക്കുന്ന തോന്ന്യാസങ്ങള്‍, പൗരാവകാശ നിയമ-നീതി നിഷേധങ്ങള്‍, അധികാരഹുങ്ക് എന്നിവ ആരും ചോദിക്കാനും പറയാനും ഇല്ലാത്ത കാലത്തോളം അങ്ങനെയൊക്കെ തുടരുമെന്നും കെ.ജെ.ജേക്കബ് പറഞ്ഞു.

ഈ ചിത്രം അടിയന്തിരാവസ്ഥയുടെ ഓര്‍മദിനത്തില്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രിക്ക് സമര്‍പ്പിക്കുന്നുവെന്നും ചിത്രം ആദ്യം കണ്ടപ്പോള്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനെയാണ് ഓര്‍മവന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ഈ ചിത്രം അടിയന്തരാവസ്ഥയുടെ ഓര്‍മദിനത്തില്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രിക്ക് സമര്‍പ്പിക്കുന്നു.
ചിത്രം ആദ്യം കണ്ടപ്പോള്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനെയാണ് ഓര്‍മവന്നത്. പക്ഷെ പാലത്തിനു ഡൈനമിറ്റ് വെച്ചതിനോ രാജ്യത്തിനെതിരെ കലാപം നടത്തിയതിനോ അല്ല എം.എസ്.എഫ് നേതാക്കന്മാരായ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് കൈയാമം വെച്ച് നടത്തിക്കുന്നത്. തെറ്റായ എന്ന് അവര്‍ വിചാരിക്കുന്ന ഒരു സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചു എന്നാണ് കേസ്.

പൊലീസ് കാണിക്കുന്ന തോന്ന്യാസങ്ങള്‍, പൗരാവകാശ നിയമ നീതി നിഷേധങ്ങള്‍, അധികാരഹുങ്ക്, ആരും ചോദിക്കാനും പറയാനും ഇല്ലാത്ത കാലത്തോളം അവയൊക്കെ അങ്ങനെയൊക്കെ തുടരും. അതിന് അടിയന്തിരാവസ്ഥ തന്നെ വേണമെന്നൊന്നുമില്ല,’ കെ.ജെ ജേക്കബ് പറഞ്ഞു.

ഇത്തരം കേസിന് പിള്ളേരുടെ കൈയില്‍ വിലങ്ങുവെച്ചാലും ആരും ചോദിക്കില്ല എന്ന കാലത്തോളം ഏമാന്‍മാര്‍ക്ക് ഹുങ്ക് കാണിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ അവസാനിപ്പിക്കാന്‍ ഈ നാടിന് കഴിഞ്ഞെന്നും പക്ഷെ ഈ ഹുങ്കിന്, നിയമ നിഷേധത്തിന്, അധികാര ദുര്‍വിനിയോഗത്തിന് അവസാനം വരുത്താന്‍ ആഭ്യന്തര മന്ത്രിക്ക് പോലും കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് നേരെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ കരങ്കൊടി പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ ജില്ലാ പ്രസിഡന്റ്, ടി.ടി. അഫ്രിന്‍ മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഈ ചിത്രം അടിയന്തരാവസ്ഥയുടെ ഓര്‍മ്മദിനത്തില്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രിക്ക് സമര്‍പ്പിക്കുന്നു.
ചിത്രം ആദ്യം കണ്ടപ്പോള്‍ ജോര്‍ജ് ഫെര്ണാണ്ടസിനെയാണ് ഓര്‍മ്മവന്നത്. പക്ഷെ പാലത്തിന് ഡൈനമിറ്റ് വെച്ചതിനോ രാജ്യത്തിനെതിരെ കലാപം നടത്തിയതിനോ അല്ല എം.എസ്.എഫ് നേതാക്കന്മാരായ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് കൈയാമം വെച്ച് നടത്തിക്കുന്നത്. തെറ്റായ എന്ന് അവര്‍ വിചാരിക്കുന്ന ഒരു സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചു എന്നാണ് കേസ്. പൊലീസ് കാണിക്കുന്ന തോന്ന്യാസങ്ങള്‍, പൗരാവകാശ-നിയമ-നീതി നിഷേധങ്ങള്‍, അധികാരഹുങ്ക്–ആരും ചോദിക്കാനും പറയാനും ഇല്ലാത്ത കാലത്തോളം അവയൊക്കെ അങ്ങിനെയൊക്കെ തുടരും. അതിന് അടിയന്തിരാവസ്ഥ തന്നെ വേണമെന്നൊന്നുമില്ല.

ഈ ചിത്രം കണ്ടപ്പോള്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ വിളിച്ചു. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തെന്നും ജാമ്യത്തില്‍ വിട്ടുവെന്നും പോലീസുകാരന്‍ അറിയിച്ചു. ഏതൊക്കെയാണ് വകുപ്പുകള്‍ എന്ന് ചോദിച്ചപ്പോള്‍ കൂടിയ ഏതോ ഏമാന്‍ ലൈനില്‍ വന്നു. വകുപ്പുകള്‍ അറിയണമെങ്കില്‍ പോലീസ് സ്റ്റേഷനില്‍ വരണമെന്ന് ഉത്തരവായി, കേസ് മടക്കി.

വകുപ്പുകള്‍ അറിഞ്ഞിട്ട് എനിക്ക് കേസ് വാദിക്കാനല്ല; നിന്ന നില്‍പ്പില്‍ ജാമ്യം കിട്ടാനുള്ള വകുപ്പുകള്‍ എത്ര ഗുരുതരമായിരിക്കും എന്ന് ഏതു പൊലീസുകാരന് പോലും മനസിലാകും, എനിക്കും.
ഇമ്മാതിരി കേസിനു പിള്ളേരുടെ കൈയില്‍ വിലങ്ങുവെച്ചാലും ആരും ചോദിക്കില്ല എന്ന കാലത്തോളം ഏമാന്‍മാര്‍ക്ക് ഹുങ്ക് കാണിക്കാം. അടിയന്തരാവസ്ഥ അവസാനിപ്പിക്കാന്‍ ഈ നാടിന് കഴിഞ്ഞു; പക്ഷെ ഈ ഹുങ്കിന്, നിയമ നിഷേധത്തിന്, അധികാര ദുര്‍വിനിയോഗത്തിന് അവസാനം വരുത്താന്‍ അടിയന്തിരാവസ്ഥയുടെ പ്രത്യാഘാതം സ്വന്തം ശരീരത്തില്‍ കൊണ്ടുനടക്കുന്ന ആഭ്യന്തരമന്ത്രിയ്ക്കു പോലും കഴിയുന്നില്ല എന്നതാണ് നമ്മുടെ മുന്‍പിലെ യാഥാര്‍ഥ്യം.

Content Highlight: K J Jecob criticise police over msf leaders arrest

We use cookies to give you the best possible experience. Learn more