എവിടെനിന്നാണ് ആര്‍.എസ്.എസിനും ബി.ജെ.പിയ്ക്കും ഇന്ത്യന്‍ ഭരണഘടനയോടും ഡോ. അംബേദ്കറോടുമുള്ള പ്രശ്‌നം തുടങ്ങുന്നത്? ‘മനുസ്മൃതി’ അനുസരിച്ച് ഭരിക്കപ്പെടുന്ന പുണ്യഭൂമി’ എന്ന ഹിന്ദുത്വ വാദികളുടെ സങ്കല്‍പ്പത്തെ മാറ്റിവച്ചുതന്നെയാണ് ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടുന്ന സംസ്ഥാനങ്ങളുടെ സങ്കലനമായി ഡോക്ടര്‍ അംബേദ്കറും ഭരണഘടനാ നിര്‍മ്മാണ സമിതിയും ‘ഭാരതം എന്ന ഇന്ത്യ’യെ വിഭാവനം ചെയ്തത്.
അതുകൊണ്ടു അവരുടെ പ്രശ്‌നം തുടങ്ങുന്നത് ഭരണഘടനാ തുടങ്ങുന്നിടത്തുതന്നെയാണ്. ഒന്നാം അനുച്ഛേദത്തില്‍.
വിശദീകരിക്കാം, ‘ഭാരതം എന്ന ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും. (Article 1: India that is Bharat shall be a union of states). ഇതാണ് അനുച്ഛേദം ഒന്ന് പറയുന്നത്
‘ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍’ എന്ന വിഷയത്തെപ്പറ്റി നടന്ന ചര്‍ച്ചയില്‍ ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ പ്രസംഗം കേള്‍ക്കുക. നാക്കെടുത്താല്‍ വര്‍ഗീയതപറയുന്ന ഈ ചങ്ങാതിയ്ക്കു മാത്രമല്ല, സംഘ പരിവാറിനുമൊത്തം ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയനായി നിര്‍വചിക്കുന്ന ഈ ഭരണഘടനാ വ്യവസ്ഥ ഇതുവരെ ദഹിച്ചിട്ടില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, സംഘ പരിവാറിനെ സംബന്ധിച്ചിടത്തോളം, വിഷ്ണു പുരാണത്തില്‍ പറയുന്ന ഭാരതമാണ് ഭാരതം: ‘ഹിമാലയം മുതല്‍ സമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന ഒരു പുണ്യഭൂമി’.
എന്നാല്‍, ‘നിര്‍ഭാഗ്യവശാല്‍, രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി കോണ്‍ഗ്രസിന്റെ പണ്ഡിറ്റ് നെഹ്‌റു തുടങ്ങി കമ്യൂണിസ്റ്റുകള്‍ക്കും മറ്റുള്ളവര്‍ക്കും ഇന്ത്യയെ ഒരു പുണ്യഭൂമിയായി പരിഗണിക്കാന്‍ പറ്റിയിരുന്നില്ല. അവര്‍ക്കിത് വെറും Union of states ആണ്. കാരണം ഇന്ത്യ സഹസ്രാബ്ദം പഴക്കമുള്ള ഒരു സാംസ്‌കാരിക രൂപമെന്നു കാണാനുള്ള സാംസ്‌കാരിക ലോകവീക്ഷണം അവര്‍ക്കുണ്ടായിരുന്നില്ല.’
ഉണ്ടാവില്ല സാര്‍. Glimpses of World History എഴുതിയ, Discovery of India എഴുതിയ നെഹ്റുവിന് സംഘികളുടെ ലോക വീക്ഷണം ഉണ്ടാവില്ല. ഡോ. അംബേദ്കര്‍ക്കും ഉണ്ടാവില്ല. അവരൊക്കെ ഇന്ത്യക്കാരെന്ന നിലയില്‍ അഭിമാനിച്ചിരുന്നു; അത് പക്ഷെ സംഘികള്‍ ഉദ്ദേശിക്കുന്നപോലെ ‘പുണ്യഭൂമിയിലെ ഭക്തപ്രജകള്‍’ എന്ന നിലയിലായിരുന്നില്ല, പിറക്കാനിരിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തിലെ തുല്യ അവകാശമുള്ള പൗരന്മാര്‍ എന്ന നിലയിലായിരുന്നു.
കാലങ്ങളായി ലോകമെങ്ങുമുള്ള മനുഷ്യര്‍ അജ്ഞതയ്ക്കും രോഗത്തിനും ദാരിദ്ര്യത്തിനുമെതിരെ നടത്തിയ പോരാട്ടങ്ങളുടെ അനന്തരാവകാശികളായായിരുന്നു അവര്‍ സ്വയം അടയാളപ്പെടുത്തിയിരുന്നത്.
‘എന്താണ് എനിക്ക് ഒസ്യത്തായി കിട്ടിയത്, ഞാന്‍ എന്തിന്റെ അവകാശിയാണ്? പതിനായിരക്കണക്കിനു വര്‍ഷങ്ങളിലൂടെ മനുഷ്യരാശി നേടിയ എല്ലാ നേട്ടങ്ങളും, ആലോചിച്ചതും അനുഭവിച്ചതും സഹിച്ചതും സന്തോഷിച്ചതുമായ എല്ലാ കാര്യങ്ങളും, വിജയഭേരികളും പരാജയവേദനകളും, എന്നോ തുടങ്ങിയതും ഇപ്പോള്‍ തുടരുന്നതുമായ മനുഷ്യന്റെ അദ്ഭുതകരമായ സാഹസികയാത്ര. എല്ലാ മനുഷ്യര്‍ക്കുമൊപ്പം, ഒട്ടും ഒട്ടും കുറയാതെ.’
എന്ന് ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ ഒരു വിശ്വപൗരനായി നെഹ്റു സ്വയം വിശേഷിപ്പിക്കുന്നു. അതോടൊപ്പം ഒരു ഇന്ത്യക്കാരനായും.
‘പക്ഷെ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഒരു സവിശേഷ പാരമ്പര്യമുണ്ട് (അത് നമ്മുടേതെന്നു മാത്രമെന്ന് പറയുക വയ്യ, എല്ലാം എല്ലാവര്ക്കും അവകാശപ്പെട്ടതാണ്.) എങ്കിലും നമുക്ക് സവിശേഷമായി ഉള്ളത്, നമ്മുടെ മാംസത്തില്‍, രക്തത്തില്‍, അസ്ഥിയില്‍ ഉള്ളത്, നമ്മളെന്താണോ അതാക്കിയത്, നമ്മളെന്താകാന്‍ പോകുന്നുവോ അതാക്കിയത്.’ അങ്ങിനെ ഇന്നോളമുള്ള എല്ലാ മനുഷ്യരുടെയും പിന്തുടര്‍ച്ചക്കാരനായും, അതേസമയം തന്നെ താനാക്കിയ നാടിന്റെ നേരവകാശിയായും നെഹ്റു സ്വയം നിര്‍വ്വചിക്കുകയാണ്.
അതാണ് അവരുടെ ലോകവീക്ഷണം. അതേതായാലും സംഘി വീക്ഷണം ആവുക വയ്യ.
വിചിത്രമായ കാര്യം ഒരു വശത്തു ഭരണഘടനാ നിര്‍മ്മാതാക്കളെ തള്ളിപ്പറയുമ്പോഴും തേജസ്വി സൂര്യ ഒരു കാര്യം സമ്മതിക്കുന്നുണ്ട്. അനുച്ഛേദം ഒന്നില്‍ ഇന്ത്യയെ ഭാരതം എന്ന് കൂടി വിശേഷിപ്പിക്കുന്നത് ഇന്ത്യയുടെ പാരമ്പര്യത്തെ സൂചിപ്പിക്കുന്നു!. ഉപനിഷദ് ദര്‍ശനങ്ങള്‍ ജനാധിപത്യ സങ്കല്‍പ്പത്തെ എങ്ങിനെ ഉള്‍ക്കൊള്ളുന്നു എന്നതിനെക്കുറിച്ചു ഡോക്ടര്‍ അംബേദ്കര്‍ പറയുന്നു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ ഉദ്ധരിക്കുന്നുമുണ്ട്.
എന്നുവച്ചാല്‍ ഇന്ത്യയെ ‘സംസ്ഥാനങ്ങളുടെ സങ്കലമായി’ കണ്ട പണ്ഡിറ്റ് നെഹ്‌റുവിനും ഡോ. അംബേദ്കര്‍ക്കുമൊക്കെ ഇന്ത്യന്‍ പാരമ്പര്യം കാണാനുള്ള കണ്ണില്ല എന്ന് പറഞ്ഞു നാക്ക് വായിലിടുന്നതിനുമുമ്പുതന്നെ ഒന്നാം അനുച്ഛേദത്തില്‍ത്തന്നെ ‘ഭാരതം’ വരുന്നതിനെ ഹിന്ദുത്വ വാദികള്‍ അംഗീകരിക്കുന്നുമുണ്ട്.
ചുരുക്കത്തില്‍ ഇത്രേയുള്ളൂ: ‘ഭാരതം മനുസ്മൃതി അനുസരിച്ചു ഭരിക്കപ്പെടുന്ന ഒരു പുണ്യഭൂമിയാണ്’ എന്ന് ഭരണ ഘടനയില്‍ എഴുതിവയ്ക്കുന്നതിനു പകരം ‘ഭാരതം എന്ന ഇന്ത്യ സംസ്ഥാനങ്ങളുടെ സങ്കലമാണ്’ എന്ന് പണ്ഡിറ്റ് നെഹ്‌റുവും ഡോ. അംബേദ്കറും കൂടി എഴുതിവെച്ചു!
എന്നുവച്ചാല്‍ ഭാരതത്തിന്റെ പാരമ്പര്യത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന ഒരു പുതിയ രാജ്യത്തെക്കുറിച്ചല്ല, അവയില്‍നിന്നും ഉള്‍ക്കൊള്ളാനാവുന്ന അത്രയും നന്മ ഉള്‍ക്കൊള്ളുന്ന ഇന്ത്യയെയാണ് അവര്‍ വിഭാവനം ചെയ്തത്.
അങ്ങിനെയുണ്ടാക്കുന്ന ഇന്ത്യ, പക്ഷെ, ഹിന്ദുത്വ വര്‍ഗീയവാദികള്‍ നിര്‍വചിക്കുന്ന ഇന്ത്യയല്ല, മറിച്ചു ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃത്യമായി നിര്‍വ്വചിക്കപ്പെടുന്ന അതിര്‍ത്തികളോടുകൂടിയ, കൃത്യമായ നിയമസംവിധാനത്തില്‍ ഭരിക്കപ്പെടുന്ന നാടാണ്.
ആവര്‍ത്തിച്ചാല്‍,’മനുസ്മൃതി’ അനുസരിച്ച് ഭരിക്കപ്പെടുന്ന പുണ്യഭൂമി’ എന്ന ഹിന്ദുത്വ വാദികളുടെ സങ്കല്‍പ്പത്തെ മാറ്റിവച്ചുതന്നെയാണ് ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടുന്ന സംസ്ഥാനങ്ങളുടെ സങ്കലനമായി ഡോക്ടര്‍ അംബേദ്കറും ഭരണഘടനാ നിര്‍മ്മാണ സമിതിയും ‘ഭാരതം എന്ന ഇന്ത്യ’യെ വിഭാവനം ചെയ്തത്.
ഭരണഘടന നിര്‍മ്മിച്ച ആ പുണ്യഭൂമിയില്‍ ആ ഭരണഘടനപ്രകാരം തത്വത്തിലെങ്കിലും തുല്യരായിരിക്കാനുള്ള അവകാശം സിദ്ധിച്ച കോടിക്കണക്കിനു മനുഷ്യര്‍ക്ക് ഡോ. അംബേദ്കര്‍ അതുകൊണ്ടുതന്നെ പുണ്യനാമമാകുന്നു.
ഒന്നുകൂടി: ആര്‍ട്ടിക്കിള്‍ ഒന്നിന് പലതരം ഭേദഗതികളുണ്ടായിരുന്നു. അതില്‍ അവസാനം ഭരണഘടനാ നിര്‍മാണ സഭ അംഗീകരിച്ച ഭേദഗതിയാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്: ഭാരതം എന്ന ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണ്.
ആ ഭേദഗതി അവതരിപ്പിച്ചത് സാക്ഷാല്‍ ഡോ അംബേദ്കറാണ്! അപ്പോള്‍ സംഘിക്കലിയ്ക്കു കാരണമുണ്ട്.
CONTENT HIGHLIGHTS: K.J Jacob writes on the attitude of the R.S.S and the B.J.P towards Ambedkar and the Indian Constitution.