തിരുവനന്തപുരം: ഒഡിഷ ട്രെയിന്‍ അപകടത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്.
നാടുനീളെ തീവണ്ടി ഉദ്ഘാടനം ചെയ്ത് നടക്കുന്ന മോദി രണ്ട് വണ്ടി തമ്മില്‍ കൂട്ടിമുട്ടുന്നത് ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യ ഇപ്പോള്‍ എവിടയെത്തിയെന്ന് റെയില്‍വേ മന്ത്രാലയത്തോട് ചോദിക്കുന്ന കാര്യം മറന്നുപോയെന്ന് ജേക്കബ് വിമര്‍ശിച്ചു.
വണ്ടികള്‍ പാളം തെറ്റാമെന്നും എന്നാല്‍ അതില്‍ മറ്റൊരു വണ്ടി വന്നിടിക്കുക എന്നത് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
‘വണ്ടികള്‍ ഇക്കാലത്തും പാളം തെറ്റാം. പക്ഷെ അതില്‍ മറ്റൊരു വണ്ടി വന്നിടിക്കുക എന്നത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. അതിലേക്ക് മൂന്നാമതൊരു വണ്ടി വന്നിടിക്കുക എന്നാല്‍ റെയില്‍വേ കമ്യൂണിക്കേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയം തോന്നും,’ ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചു.
നീളത്തില്‍ ചില്ലുവെച്ച ബോഗിയുണ്ട് എന്ന പേരില്‍ നാടുനീളെ തീവണ്ടി ഉദ്ഘാടനം ചെയ്തു നടക്കുന്നയാളാണ് പ്രധാനമന്ത്രി. ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഒഡിഷയില്‍ വന്ദേ ഭാരത് ഉദ്ഘാടനം ചെയ്തത് രണ്ടാഴ്ച മുന്‍പാണ്. രണ്ട് വണ്ടി തമ്മില്‍ കൂട്ടിമുട്ടുന്നത് ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യ ഇപ്പോള്‍ എവിടയെത്തി എന്ന് റെയില്‍വേ മന്ത്രാലയത്തോട് ചോദിക്കുന്ന കാര്യം അദ്ദേഹം മറന്നുപോയെന്നും കെ.ജെ ജേക്കബ് പറഞ്ഞു.
ഇപ്പോള്‍ മോദിജി നടത്തുന്ന പല പ്രസ്താവനകളും യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ബജറ്റിനുശേഷം അതിലെ പ്രധാന ഊന്നലുകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ പന്ത്രണ്ടു ദിവസത്തെ പ്രഭാഷണ പരമ്പരയുണ്ടായിരുന്നു. ആ പ്രസംഗങ്ങള്‍ വായിക്കുമ്പോള്‍ മോദി ഓര്‍മ്മിപ്പിച്ചത് രാഷ്ട്രീയക്കാരനായ പ്രധാനമന്ത്രിയെയല്ല, എ.പി.ജെ അബ്ദുല്‍ കലാമിനെപ്പോലെയുള്ള ഒരു സ്വപ്നജീവിയെയാണ്. യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാതെ വായുവില്‍ പ്രശ്‌നപരിഹാരങ്ങള്‍ എഴുതികൂട്ടുന്ന ഒരാള്‍. ഓര്‍ത്തുനോക്കിയാല്‍ ഇപ്പോള്‍ മോദിജി നടത്തുന്ന പല പ്രസ്താവനകളും അതുപോലാണ്. പ്രസിഡന്റുമാര്‍ക്ക് കാല്‍പനികതയാകാം. പ്രധാനമന്ത്രിമാര്‍ നിലത്ത് നിന്ന് വേണം പ്രവര്‍ത്തിക്കാന്‍,’ അദ്ദേഹം പറഞ്ഞു.
ഏറ്റവും എളുപ്പത്തില്‍ ഫലം കാണുന്ന കാര്യങ്ങള്‍ ചെയ്യുകയും ബാക്കി കാര്യങ്ങള്‍ക്ക് നെഹ്റുവിനെ പഴി പറയുകയെന്നതാണ് അംഗീകൃത നയമെന്നും അദ്ദേഹം പറഞ്ഞു. മേനി പറയാന്‍ കാര്യമായൊന്നും ഇല്ലാത്തവ കൂടി പരിഗണിക്കണം എന്ന കാര്യം സര്‍ക്കാര്‍ മറന്നുപോയെന്നും ജേക്കബ് പറഞ്ഞു.
‘പിക്കിങ് ദ ലോ ഹാങ്ങിങ് ഫ്രൂട്ട്’ എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. ഏറ്റവും എളുപ്പത്തില്‍ ഫലം കാണുന്ന കാര്യങ്ങള്‍ ചെയ്യുക. ബാക്കി കാര്യങ്ങള്‍ക്കു നെഹ്റുവിനെ പഴി പറയുക എന്നതാണ് അംഗീകൃത നയം. വന്ദേ ഭാരത്തിന്റെ പുളപ്പു വേണം, പക്ഷെ അത് മാത്രമല്ല കാര്യം. പ്രാഥമിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും കാര്യക്ഷമതയും മുതല്‍മുടക്കും വേണ്ട. എന്നാല്‍ മേനി പറയാന്‍ കാര്യമായൊന്നും ഇല്ലാത്തവ കൂടി പരിഗണിക്കണം എന്ന കാര്യം സര്‍ക്കാര്‍ മറന്നുപോയി. അത് നെഹ്‌റുവിന്റെ ഉത്തരവാദിത്തമാണല്ലോ. മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍,’ അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വണ്ടികള്‍ ഇക്കാലത്തും പാളം തെറ്റാം.പക്ഷെ അതില്‍ മറ്റൊരു വണ്ടി വന്നിടിക്കുക എന്നത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. അതിലേക്കു മൂന്നാമതൊരു വണ്ടി വന്നിടിക്കുക എന്നാല്‍ റെയില്‍വേ കമ്യൂണിക്കേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയം തോന്നും. ബജറ്റിനുശേഷം അതിലെ പ്രധാന ഊന്നലുകളെക്കുറിച്ച് പ്രധാനമന്ത്രിയുടെ പന്ത്രണ്ടു ദിവസത്തെ പ്രഭാഷണ പരമ്പരയുണ്ടായിരുന്നു. ആ പ്രസംഗങ്ങള്‍ വായിക്കുമ്പോള്‍ മോദി ഓര്‍മ്മിപ്പിച്ചത് രാഷ്ട്രീയക്കാരനായ പ്രധാനമന്ത്രിയെയല്ല, എ പി ജെ അബ്ദുല്‍ കലാമിനെപ്പോലെയുള്ള ഒരു സ്വപ്നജീവിയെയാണ്. യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാതെ വായുവില്‍ പ്രശ്‌നപരിഹാരങ്ങള്‍ എഴുതികൂട്ടുന്ന ഒരാള്‍. ഓര്‍ത്തുനോക്കിയാല്‍ ഇപ്പോള്‍ മോദിജി നടത്തുന്ന പല പ്രസ്താവനകളും അതുപോലാണ്. നീളത്തില്‍ ചില്ലുവച്ച ബോഗിയുണ്ട് എന്ന പേരില്‍ നാടുനീളെ തീവണ്ടി ഉദ്ഘാടനം ചെയ്ത് നടക്കുന്നയാളാണ് പ്രധാനമന്ത്രി. ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിന്റെ ഭാഗമാണെന്നു പറഞ്ഞു ഒഡിഷയില്‍ വന്ദേ ഭാരത് ഉദ്ഘാടനം ചെയ്തത് രണ്ടാഴ്ച മുന്‍പാണ്. രണ്ടു വണ്ടി തമ്മില്‍ കൂട്ടിമുട്ടുന്നത് ഒഴിവാക്കാനുള്ള സാങ്കേതിക വിദ്യ ഇപ്പോള്‍ എവിടയെത്തി എന്ന് റെയില്‍വേ മന്ത്രാലയത്തോട് ചോദിക്കുന്ന കാര്യം അദ്ദേഹം മറന്നുപോയി.
പ്രസിഡന്റുമാര്‍ക്കു കാല്പനികതയാകാം. പ്രധാനമന്ത്രിമാര്‍ നിലത്തുനിന്ന് വേണം പ്രവര്‍ത്തിക്കാന്‍. പ്ലക്കിങ് ദ ലോ ഹാങ്ങിങ് ഫ്രൂട്ട് എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. ഏറ്റവും എളുപ്പത്തില്‍ ഫലം കാണുന്ന കാര്യങ്ങള്‍ ചെയ്യുക. ബാക്കി കാര്യങ്ങള്‍ക്കു നെഹ്റുവിനെ പഴി പറയുക എന്നതാണ് അംഗീകൃത നയം. വന്ദേ ഭാരത്തിന്റെ പുളപ്പു വേണം, പക്ഷെ അത് മാത്രമല്ല കാര്യം. പ്രാഥമിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയും കാര്യക്ഷമതയും മുതല്‍മുടക്കും വേണ്ട, എന്നാല്‍ മേനി പറയാന്‍ കാര്യമായൊന്നും ഇല്ലാത്തവ കൂടി പരിഗണിക്കണം എന്ന കാര്യം സര്‍ക്കാര്‍ മറന്നുപോയി. അത് നെഹ് റുവിന്റെ ഉത്തരവാദിത്തമാണല്ലോ. മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍.
Contenthighlight: K J jacob criticise modi on odisha train accident