[]സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായരും മുന്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാറും തമ്മിലുള്ള ബന്ധം കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാര്‍ത്താ ചര്‍ച്ചയായിരുന്നു.
സരിതാ നായരും ഗണേഷ്‌കുമാറും കോയമ്പത്തൂരില്‍ ഒരേ ഹോട്ടലില്‍ താമസിച്ചുവെന്ന വാര്‍ത്ത വന്നതോടെ ഗണേഷും ആര്‍.ബാലകൃഷ്ണപിള്ളയും മാധ്യമങ്ങളുടെ മുന്നിലെത്തി.[]
ഏഷ്യാനെറ്റ് ന്യൂസിലെ തിരുവനന്തപുരം ലേഖകന്‍ കെ.ജി കമലേഷാണ് കോയമ്പത്തൂരിലെ എന്‍.എസ്സി.എസ്സിന്റെ പരിപാടിക്ക് തന്നെ ക്ഷണിച്ചതെന്ന് വെളിപ്പെടുത്തിയ ഗണേഷ് ഇക്കാരും കമലേഷും ഭാര്യ പ്രജുലയും തുറന്നു പറയണമെന്നും ആവശ്യപ്പെട്ടു.
മിനിറ്റുകള്‍ പിന്നിട്ടില്ല, ഏഷ്യാനെറ്റ് ന്യൂസിലെ ആറ് മണിയ്ക്കുള്ള ന്യൂസ് ടൈമില്‍ കമലേഷ് പ്രത്യക്ഷപ്പെട്ടു. സിന്ധു സൂര്യകുമാറെന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക കമലേഷിനോട് വിശദീകരണം ചോദിച്ചു.
ജാള്യതയേതുമില്ലാതെ കെ.ജി കമലേഷ് വിശദീകരിച്ചു. ഗണേഷ്‌കുമാര്‍ പറഞ്ഞത് സത്യം തന്നെയാണ്. താന്‍ വിളിച്ചിട്ടാണ് കുനിയം പുത്തൂരിലെ എന്‍.എസ്.എസ് പരിപാടിയില്‍ ഗണേഷ് പങ്കെടുത്തത്. എന്‍.എസ്.എസ്സിന്റെ പരിപാടിക്ക് മുന്‍പോ ശേഷമോ മറ്റേതെങ്കിലും പരിപാടിയില്‍ ഗണേഷ് പങ്കെടുത്തോ എവിടെയെങ്കിലും പോയോ എന്ന് തനിക്കറിയില്ലെന്നും കമലേഷ് വ്യക്തമാക്കി.
തുടര്‍ന്നുള്ള സിന്ധുവിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടയില്‍ ഗണേഷ് താമസിച്ച ഹോട്ടല്‍ മുറിയില്‍ താനും ഭാര്യ പ്രജുലയും പോയിരുന്നുവെന്നും കമലേഷ് വ്യക്തമാക്കി. ഒപ്പം സംശയത്തോടെ ഒരു കാര്യം കൂടി പറഞ്ഞു. അത് ഇതാണ്. ഗണേഷിനൊപ്പം കാറില്‍ ലക്ഷ്മി നായര്‍ എന്നോ മറ്റോ പേരുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. കൃത്യമായ ഓര്‍മ്മയില്ല. ഏതോ നായര്‍ വെച്ചുള്ള പേരാണ്, അങ്ങനെ കമലേഷ് വിശദീകരിച്ചു.
മാധ്യമപ്രവര്‍ത്തകന്റെ സ്ഥാനം സമൂഹത്തില്‍ എന്താണെന്ന് മറന്നു പോകുമ്പോള്‍ സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകളാണ് ഇതില്‍ നാം വായിച്ചെടുക്കേണ്ടത്. കെ.ബി ഗണേഷ്‌കുമാര്‍ എന്ന വ്യക്തിയെ ഒരു സാമുദായിക സംഘടനയുടെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ ഇടനിലക്കാരനായതോ അദ്ദേഹത്തെ ഭാര്യാ സമേതം മുറിയില്‍ സന്ദര്‍ശിച്ചതോ ഒന്നും നിയമപരമായി തെറ്റല്ല. എന്നാല്‍ രാഷ്ട്രീയ നേതാക്കളുമായും മന്ത്രിമാരുമായും മാധ്യമ പ്രവര്‍ത്തകന്റെ ബന്ധം ഏതുവരെയാകാം എന്ന കാര്യത്തില്‍ ഗൗരവതരമായ ചര്‍ച്ചക്ക് ഈ പ്രശ്‌നം വഴിവെക്കേണ്ടതുണ്ട്.
തനിക്ക് ഉറപ്പില്ലാത്ത ഒരു കാര്യമെന്ന പോലെയാണ് കമലേഷ് ഇക്കാര്യം വ്യക്തമാക്കിയത്. അത് മാധ്യമപ്രവര്‍ത്തനത്തിന്റെ സീമക്ക് അകത്ത് വരുന്നതല്ല. പ്രത്യേകിച്ച് കേരളം അതീവ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ സാമ്പത്തിക തട്ടിപ്പ് ലൈംഗിക വിവാദവുമായി ബന്ധപ്പെട്ട് ആയതിനാല്‍.
രാഷ്ട്രീയ വിവാദത്തിന്റെ ഒരറ്റത്ത് ഒരു മാധ്യമപ്രവര്‍ത്തകന്‍ നില്‍ക്കേണ്ടി വരികയാണ്. അയാള്‍ ചെയ്ത വാര്‍ത്തകളുമായി ഈ വിവാദങ്ങള്‍ക്ക് ബന്ധമില്ല. മറിച്ച് അയാളുടെ കുടുംബപരവും സാമുദായികവുമായ താല്‍പര്യങ്ങള്‍ മൂലമാണ് ആ മാധ്യമപ്രവര്‍ത്തകന്‍ ഈ വിവാദത്തില്‍ പങ്കാളിയാകേണ്ടി വന്നത്.
നാളിന്നുവരെ ഏതെങ്കിലും ഒരു വാര്‍ത്തയുടെ പേരില്‍ കേരളീയര്‍ കെ.ജി കമലേഷിനെ ശ്രദ്ധിച്ചിട്ടില്ല. അല്ലെങ്കില്‍ അങ്ങനെ ശ്രദ്ധിക്കപ്പെടാന്‍ മാത്രം ഒരു വാര്‍ത്തയും അയാള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെയും മുഹമ്മദ് കമ്മിറ്റിയുടെയും ചില പ്രവസ്താവനകളും ആരോഗ്യമന്ത്രിമാരുടെ ചില ബൈറ്റുകളും ( എല്ലാ വര്‍ത്തമാനങ്ങളും ഒരു ബൈറ്റാണ്) സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചില സംഘടനാ നേതാക്കളുടെ പ്രസ്താവനകളും വാര്‍ത്തകളായി നല്‍കുമ്പോഴാണ് ഇയാളെ പ്രേക്ഷകര്‍ കണ്ടത്.
ഒപ്പം മന്ത്രിമാരുടെ ഓഫീസുകള്‍ പുറത്തിറക്കുന്ന ചില വിവരങ്ങള്‍ ആദ്യം അറിയിക്കാനും ഇദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴാകട്ടെ മാധ്യമപ്രവര്‍ത്തനത്തിന് പുറത്തുള്ള ഒരു കാര്യത്തിന് കേരളം ആ മാധ്യമപ്രവര്‍ത്തകനെ ശ്രദ്ധിച്ചു.
നിയമസഭയില്‍ ഉള്‍പ്പെടെ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും മുഖസ്തുതി പറയുകയും അവരോടൊപ്പം നടക്കാന്‍ മല്‍സരിക്കുകയും ചെയ്യുന്ന നിരവധി മാധ്യമപ്രവര്‍ത്തകരെ നമുക്ക് കാണാനാകും.
വിജു.വി.നായരുടെ ഭാഷയില്‍ പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ കാബിനറ്റ് ബ്രീഫിങ്ങില്‍ തുപ്പല്‍ തെറിക്കും ദൂരത്തില്‍ ഇരിക്കാന്‍ മല്‍സരിക്കുന്ന മാധ്യമ സിംഹങ്ങള്‍ ഉള്ള തലസ്ഥാന ജില്ലയിലാണ് നമുക്ക് ചിന്തിക്കാന്‍ ഹേതു നല്‍കിയ മേല്‍ചൊന്ന സംഭവം കൂടി നടന്നരിക്കുന്നത്.( പി.ആര്‍.ഡി ചേംബറില്‍ നിന്നും പഴയ വട്ടമേശ ഹാളിലേക്ക് കാബിനറ്റ് ബ്രീഫിങ് മാറ്റിച്ച പത്രമുത്തശ്ശ പ്രവര്‍ത്തകര്‍ ഉള്ള നാട് കൂടിയാണ് അനന്തപുരി).
ഗണേഷ്‌കുമാറും സരിതാ നായരും കെ.ജി കമലേഷുമെല്ലാം ചര്‍ച്ച ചെയ്ത് തലസ്ഥാനത്തെ മാധ്യപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മികതയിലേക്ക് അറിയാതെ എത്തുകയായിരുന്നു. വാര്‍ത്തകള്‍ മൂടിവെക്കാന്‍ ആര്‍ക്കുമാകില്ല. ആ ബോധം മാധ്യമപ്രവര്‍ത്തകര്‍ക്കും വേണം. മാധ്യമപ്രവര്‍ത്തകര്‍ തന്നെ വാര്‍ത്താ താരങ്ങളാകുന്ന കാലത്ത് പ്രത്യേകിച്ചും.