തിരുവനന്തപുരം: അന്തരിച്ച സംവിധായകൻ കെ.ജി. ജോർജിനെ അനുസ്മരിച്ച് സംവിധായകരായ വിനയനും കമലും.
വ്യവസ്ഥാപിതമായ നായിക, നായക സങ്കൽപത്തെ മാറ്റി എഴുതുകയും കപട സദാചാരവാദികളെ തുറന്നു കാട്ടുകയും ചെയ്ത വിപ്ലവകാരിയായ സംവിധായകനായിരുന്നു കെ.ജി.ജോർജ് എന്ന് സംവിധായകൻ വിനയൻ പറഞ്ഞു.
സിനിമക്കുള്ളിലെ സിനിമയായ “ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് ” എന്ന ചലച്ചിത്രം എടുക്കാൻ എൺപതുകളിൽ അദ്ദേഹം കാണിച്ച ധൈര്യം മറ്റൊരു ഫിലിം മേക്കറിലും നമുക്കു കാണാൻ കഴിയില്ല എന്നും അദ്ദേഹം കെ.ജി. ജോർജിന് ആദരാജ്ഞലികൾ നേർന്നുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു. 2007ൽ വിനയൻ മാക്ടയുടെ ചെയർമാനായിരുന്ന സമയം കെ.ജി. ജോർജ് സംഘടനയുടെ സെക്രട്ടറി ആയിരുന്നു.
മികച്ച സംവിധായകൻ എന്നതുപോലെ മികച്ച തിരക്കഥാകൃത്തുമായിരുന്നു കെ.ജി. ജോർജ് എന്ന് സംവിധായകൻ കമൽ പറഞ്ഞു.
‘സംവിധായകൻ മാത്രമല്ല, മലയാളം കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്ത് കൂടിയായിരുന്നു കെ.ജി. ജോർജ്. എം.ടിയെ പോലെയോ പത്മരാജനെ പോലെയോ പക്ഷേ കെ.ജി. ജോർജിന്റെ പേര് അധികം പറഞ്ഞുകേട്ടിട്ടില്ല. ഇരകൾ, കോലങ്ങൾ പോലെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ തിരക്കഥകൾ പരിശോധിച്ചാൽ അത് മനസിലാക്കാം.
25 വർഷമായി സിനിമ ചെയ്യാതിരുന്നിട്ടും ഇന്നും സിനിമ ചെയ്യുന്ന ഒരാളെ പോലെ മലയാളികളുടെ മനസ്സിൽ അദ്ദേഹം ഉണ്ട് എന്നത് തന്നെയാണ് മലയാള സിനിമക്ക് അദ്ദേഹം നൽകിയ സംഭാവന,’ കമൽ പറഞ്ഞു.
ലോകം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും മികച്ച സംവിധായാകരിലൊരാളായിരുന്നു കെ.ജി. ജോർജ് എന്നും അദ്ദേഹം പറഞ്ഞു. കെ.ജി. ജോർജിന്റെ സിനിമകളിലെ ഓരോ സീനുകളും ഓരോ ടെക്സ്റ്റ്‌ബുക്ക് ആണെന്നും അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സിനിമയുടെ നഷ്ടമാണെന്നും കമൽ പറഞ്ഞു.
രാമു കാര്യാട്ടിന്റെ സഹായിയായി എത്തിയ ആദ്യചിത്രം നെല്ലിൽ പോലും അദ്ദേഹത്തിന്റെ സ്വാധീനം ഉണ്ടെന്ന് മനസ്സിലാക്കാമെന്നും അതുവരെ ഉണ്ടായിരുന്ന രീതികളിൽ നിന്ന് വ്യത്യസ്തമായിരുന്നു ആ ചിത്രമെന്നും കമൽ പറഞ്ഞു.
ഇന്ന് (ഞായറാഴ്ച) കൊച്ചിയിലെ വയോജന കേന്ദ്രത്തിൽ വച്ചായിരുന്നു 77കാരനായ കെ.ജി. ജോർജിന്റെ അന്ത്യം.
CONTENT HIGHLIGHT: K.G George was a revolutionary who exposed hypocrites, says Vinayan and Kamal