|

ഒടുവിൽ തമിഴ്നാടും കീഴടക്കി കെ. ജി. എഫ്; ബീസ്റ്റിനെ മറികടന്നതിനൊപ്പം പുതിയ റെക്കോർഡും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യഷ് നായകനായെത്തിയ കെ. ജി. എഫ്. ചാപ്റ്റർ 2 ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കുകയാണ്. വിജയ് ചിത്രമായ ബീസ്റ്റും കെ. ജി. എഫും ഒരു ദിവസത്തെ ഇടവേളയിലായിരുന്നു തിയേറ്ററിൽ റിലീസായത്. മറ്റു സംസ്ഥാനങ്ങളിൽ കളക്ഷൻ റെക്കോർഡുകൾ മറികടക്കുമ്പോഴും തമിഴ് നാട്ടിൽ മാത്രമായിരുന്നു കെ. ജി. എഫിനു വെല്ലുവിളി ഉയർന്നത്. എന്നാൽ ഇപ്പോൾ തമിഴ്നാട്ടിൽ ബീസ്റ്റിന്റെ വരുമാനം മറികടന്നിരിക്കുകയാണ് കെ. ജി. എഫ്. തമിഴ്‌നാട് ബോക്സ് ഓഫീസിൽ ഒരു കോളിവുഡ് ചിത്രത്തെ മറികടക്കുന്ന ആദ്യ സാൻഡൽവുഡ് ചിത്രമായി മാറിയിരിക്കുകയാണ് കെ. ജി. എഫ്. ചാപ്റ്റർ 2.

ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. പ്രേക്ഷകരുടെ മികച്ച പിന്തുണ കാരണം ഇനിയും ഒരുപാട് നാൾ കെ. ജി. എഫ് തിയേറ്ററിൽ തുടരാനുള്ള സാധ്യതയുണ്ട്. പാൻ ഇന്ത്യ ലെവലിൽ റിലീസ് ചെയ്യപ്പെട്ട ഈ ചിത്രം ഇന്ത്യയിൽ ഹിന്ദിയിലും പ്രാദേശിക വിപണിയിലും ഒന്നിനു പുറകെ ഒന്നായി റെക്കോർഡുകൾ തകർത്തുകൊണ്ടിരിക്കുകയാണ്.

സാമ്പത്തിക വിജയത്തിന്റെ വിശദാംശങ്ങൾ, ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ വെളിപ്പെടുത്തിയിരിക്കുകയാണ്. ഹിസ്റ്ററി ക്രിയേറ്റഡ്‌ അറ്റ് ടി. എൻ ബോക്സ് ഓഫീസ് എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. കെ. ജി. എഫ് ചാപ്റ്റർ 2 എട്ടു ദിവസം കൊണ്ട് 64.04 കോടി നേടിക്കൊണ്ട് ബീസ്റ്റിന്റെ കളക്ഷൻ റെക്കോർഡ് തകർത്തിരിക്കുകയാണ്. 61.17 കോടിയായിരുന്നു 9 ദിവസം കൊണ്ട് ബീസ്റ്റ് നേടിയ കളക്‌ഷൻ. ഇതോടെ തമിഴ്നാട്ടിൽ ടോളിവുഡ് ചിത്രത്തെ മറികടക്കുന്ന സാൻഡൽവുഡ് ചിത്രമായി മാറിയിരിക്കുകയാണ് കെ. ജി. എഫ്. ചാപ്റ്റർ 2.

അതുപോലെ ട്രേഡ് അനലിസ്റ്റായ തരൺ ആദർശ്, KGF ചാപ്റ്റർ 2-ന്റെ ഇന്ത്യയിലെ ഹിന്ദി പതിപ്പിന്റെ കണക്കുകൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. വെറും 8 ദിവസം കൊണ്ട് വലിയ കളക്ഷൻ തുകയാണ് ചിത്രം നേടിയത്. വ്യാഴം 53.95 കോടി, വെള്ളി 46.79 കോടി, ശനി 42.90 കോടി , ഞായർ 50.35 കോടി, തിങ്കൾ 25.57 കോടി, ചൊവ്വ 19.14 കോടി, ബുധൻ 16.35 കോടി, വ്യാഴം 13.58 കോടി എന്നിങ്ങനെയാണ് കണക്കുകൾ. ആകെ 268.63 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.

ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് പ്രശാന്ത് നീൽ പി. ടി. ഐ. ക്കു നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ‘ഞങ്ങൾ സിനിമ തുടങ്ങുമ്പോൾ, ഇത്രക്ക് വലിയ ചിത്രമായിക്കുമെന്നും ഇന്ന് ഞങ്ങളിവിടെ ഉണ്ടാകുമെന്നും ഒരിക്കലും കരുതിയിരുന്നില്ല. ഇത് ഒരു പാൻ-ഇന്ത്യ സിനിമയാക്കാനോ അല്ലെങ്കിൽ രണ്ട് ഭാഗങ്ങളായി മാറ്റാനോ ശ്രമിച്ചുകൊണ്ടല്ല ആരംഭിച്ചത്. ഞങ്ങൾ ഒരു കന്നഡ സിനിമയായി ആരംഭിച്ചു, ഒടുവിൽ അത് രണ്ട് ഭാഗങ്ങളായി പുറത്തിറക്കാൻ ആലോചിച്ചു. ഈ വിജയത്തിന്റെ ക്രെഡിറ്റ് നിർമാതാവിനും യഷിനും നൽകണം. എന്നെ സംബന്ധിച്ചിടത്തോളം, അമ്മ-മകൻ കഥയുമായി ആളുകളെ ബന്ധപ്പെടുത്തണമെന്നതായിരുന്നു ആശയം.’

Content Highlight: K G F Chapter 2 box office collection surpasses beast’s earnings in tamil nadu

Video Stories