| Saturday, 12th October 2013, 10:26 am

അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.ജി ബാലകൃഷ്ണനെതിരെ തെളിവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍  സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ്  കെ.ജി ബാലകൃഷ്ണനെതിരെ തെളിവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

സുപ്രീം കോടതിയില്‍ ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെ തെളിവില്ലെന്ന് അറിയിച്ചത്.

അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനസ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.  സത്യവാങ്മൂലം ഈ മാസം 17 ന് കോടതി പരിഗണിക്കും.

കെ.ജി ബാലകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള സംഘടന നല്‍കിയ ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ അനുകൂല തീരുമാനമെടുക്കുന്നതിനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് ജസ്റ്റിസ് ബാലകൃഷ്ണനും കുടുംബങ്ങളും പണം കൈപറ്റിയെന്നായിരുന്നു ആരോപണം.

എന്നാല്‍ ആരോപണം ആദായ വകുപ്പ് നേരത്തെ തന്നെ അന്വേഷിച്ചതാണെന്നും കെ.ജി ബാലകൃഷ്ണന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്താനായില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ആരോപണവിധേയനായ അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പ്രശാന്ത് ഭൂഷന്റെ ഹരജിയില്‍ നിലപാട് വ്യക്തമാക്കാന്‍ ഓഗസ്റ്റില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

കേസ് പരിഗണിക്കുമ്പോള്‍ സോളിസിറ്റ് ജനറല്‍ നേരിട്ട് ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി.

അതേസമയം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ പ്രതികരിക്കാനില്ലെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍  പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more