| Monday, 1st November 2021, 10:33 pm

മീശക്കും ഷാരൂഖ് ഖാനും ശേഷം - ഇനി ബാംബൂ-ബോയ്‌സ് കാലം

ഫാറൂഖ്

ലോകത്താകമാനം ഏറ്റവും പ്രശസ്തിയുള്ള മലയാളി ആരായിരിക്കും. ഈ ചോദ്യം കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ പിണറായി മുതല്‍ ചെറിയാന്‍ ഫിലിപ്പ് വരെയുള്ള ആളുകളുടെ ചിത്രം തെളിയും. മറ്റൊരു രീതിയില്‍ ഒന്ന് ചിന്തിച്ചു നോക്കൂ.

സൗത്ത് ആഫ്രിക്കയിലെ ഒരു ഗ്രാമത്തിലെ, ഹോളണ്ടിലെ ഒരു പട്ടണത്തിലെ, സിംഗപ്പൂരിലെ ഒരു യൂണിവേഴ്‌സിറ്റിയിലെ, ഒരാള്‍ ഒരു പ്രാവശ്യമെങ്കിലും കേട്ടിട്ടുള്ള ഒരു മലയാളി പേര് – അരുന്ധതി റോയ്.

ലോകത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികളും ലൈബ്രറികളിലും അരുന്ധതി റോയിയുടെ പുസ്തകങ്ങളുണ്ട്, ആരെങ്കിലുമൊക്കെ അത് വായിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. അതിലൂടെ അവര്‍ കേരളത്തെ അറിയുന്നുണ്ട്.

ഇക്കഴിഞ്ഞ ബഹളമൊക്കെ കഴിഞ്ഞിട്ടും, അഫ്ഗാനില്‍ ജനിച്ച ഏതെങ്കിലുമൊരു നേതാവിന്റെ പേര് യൂറോപ്പിലെയോ ആഫ്രിക്കയിലെയോ അമേരിക്കയിലെയോ ഒരു വിദ്യാര്‍ത്ഥിയോട് ചോദിച്ചു നോക്കൂ. ഒരാള്‍ക്കും അറിയില്ല.

പക്ഷെ ഖാലിദ് ഹുസൈനി എന്ന എഴുത്തുകാരനെ അറിയുന്ന ഏതെങ്കിലുമൊരാളെ ലോകത്തെ ഏതു ഗ്രാമത്തിലും കാണാന്‍ കഴിയും. അതിലൂടെ അഫ്ഗാനെ അറിഞ്ഞവരെയും.

അരുന്ധതി റോയ്

എവിടെയും ഇതാണ് സ്ഥിതി. ബംഗാള്‍ അറിയപ്പെടുക സത്യജിത് റോയിയിലൂടെയും രബീന്ദ്രനാഥ ടാഗോറിലൂടെയുമായിരിക്കും. ഇംഗ്ലണ്ട് ഓര്‍മിക്കപെടുക ഷേക്സ്പിയറിലൂടെയും ഷെര്‍ലക്ക് ഹോംസ് എഴുതിയ ആര്‍തര്‍ കോനാല്‍ ഡോയലിലൂടെയും, ജെ.കെ. റൗളിങ്ങിലൂടെയും ഒക്കെ ആയിരിക്കും.

കൊളംബിയക്ക് മാര്‍ക്വേസ്, ലെബനന് ഖലീല്‍ ജിബ്രാന്‍, ഇന്ത്യക്ക് റഷ്ദിയും നെയ്‌പ്പോളും, തുര്‍കിക്ക് എലിഫ് ഷഫാക്. എഴുത്തുകാര്‍ മാത്രമല്ല, വാന്‍ഗോഗിനെയും പിക്കാസോയെയും പോലുള്ള ചിത്രകാരന്മാര്‍, മറഡോണയെയും ഉസൈന്‍ ബോള്‍ട്ടിനെയും പോലുള്ള കായികതാരങ്ങള്‍, മൈക്കിള്‍ ജാക്സനെയും യാനിയെയും പോലുള്ള മ്യൂസിഷ്യന്‍സ്, അസംഖ്യം സിനിമാക്കാര്‍ – ഇവരൊക്കെയാണ് ഏത് രാജ്യത്തിന്റെയും ബ്രാന്‍ഡ് അംബാസ്സിഡര്‍മാര്‍.

ഗാന്ധിജിയെയും മണ്ടേലയെയും പോലുള്ള അപൂര്‍വം രാഷ്ട്രീയ നേതാക്കള്‍ മാത്രം കാലത്തെയും ദേശത്തെയും അതിജീവിക്കും.

മഹാത്മാ ഗാന്ധി, നെല്‍സണ്‍ മണ്ടേല

ഇക്കൂട്ടത്തില്‍ ഏതെങ്കിലും ചൈനക്കാരെ നിങ്ങള്‍ കാണുന്നുണ്ടോ, അല്ലെങ്കില്‍ നോര്‍ത്ത് കൊറിയക്കാര്‍, അതുമല്ലെങ്കില്‍ സൗദി അറേബ്യക്കാര്‍. അതിനൊരു കാരണമുണ്ട്, അതിലേക്കാണ് നമ്മള്‍ വരുന്നത്.

ക്രിയേറ്റിവിറ്റി അഥവാ സര്‍ഗാത്മകത എന്ന എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും സിനിമക്കാരുടേയുമൊക്കെ പ്രധാന ഉപകരണം പണിയെടുക്കണമെങ്കില്‍ അനിവാര്യമായ ഒരു ഘടകമുണ്ട് – സ്വാതന്ത്ര്യം. ഒരെഴുത്തുകാരനെ ഒരു മുറിയിലിട്ടടച്ചു കുറെ പേപ്പറും ഒരു പേനയും കൊടുത്തു എഴുതിക്കോളാന്‍ പറഞ്ഞാല്‍ അയാള്‍ എഴുതില്ല.

എടുത്തെറിഞ്ഞാല്‍ പൂച്ച എലിയെ പിടിക്കില്ല. നൂറു നൂറു നിയന്ത്രണങ്ങള്‍, ഭീഷണികള്‍, നിയമങ്ങള്‍ ഒക്കെ കാണിച്ചു എഴുത്തുകാരനോട് എഴുതാന്‍ പറയരുത്, സിനിമാക്കാരോട് സിനിമയെടുക്കാന്‍ പറയരുത്, ചിത്രകാരന്മാരോട് വരയ്ക്കാന്‍ പറയരുത്, അവര്‍ക്കതിന് കഴിയില്ല.

അത് കൊണ്ടാണ് ലാറ്റിന്‍ അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമൊക്കെ അസംഖ്യം എഴുത്തുകാരുണ്ടാകുന്നതും ചൈനയില്‍ നിന്നും നോര്‍ത്ത് കൊറിയയില്‍ നിന്നും കുടിയേറ്റക്കാരല്ലാത്ത എഴുത്തുകാര്‍ ഉണ്ടാകാത്തതും. എര്‍ദോഗാന്‍ വരുമ്പോള്‍ എലിക് ഷഫാക് ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നതും താലിബാന്‍ ഭരിക്കുന്ന രാജ്യത്ത് ജീവിക്കാതെ ഖാലിദ് ഹുസൈനി അമേരിക്കയില്‍ ജീവിക്കുന്നതും അതേ കാരണം കൊണ്ടാണ്.

ഭയവും സര്ഗാത്മകയും ഒന്നിച്ചു പോവില്ല.

മലയാളത്തില്‍ അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും നല്ല പുസ്തകങ്ങളില്‍ ഒന്നായിരുന്നു എസ്. ഹരീഷിന്റെ മീശ. ഓരോ വരിയിലും ഒരു കാലത്തെയും ദേശത്തെയും അടുക്കിവച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്ന്. ആ നോവലിന്റെ പ്രസിദ്ധീകരണമാണ് കുറേപ്പേരുടെ ഭീഷണി മൂലം നിര്‍ത്തി വെക്കേണ്ടി വന്നത്, ഹരീഷ് വ്യക്തിപരമായി നേരിട്ട ഭീഷണികളും ആക്രമണങ്ങളും വേറെ.

ഇക്കാലത്ത് എം.ടി. രണ്ടാമൂഴം എഴുതുന്നതിനെ പറ്റി ആലോചിച്ചു നോക്കൂ, അല്ലെങ്കില്‍ ബഷീര്‍ ഒരു ഭഗവത് ഗീതയും കുറെ മുലകളും എഴുതുന്നതിനെ പറ്റി, അതുമല്ലെങ്കില്‍ ഒ.വി. വിജയന്‍ ധര്‍മപുരാണം എഴുതുന്നതിനെ പറ്റി. ഇതൊന്നുമല്ലെങ്കില്‍ നിര്‍മാല്യം പോലുള്ള ഒരു സിനിമയെ പറ്റി.

ഒരു പക്ഷെ, മലയാള സാഹിത്യ ചരിത്രത്തെ മീശക്ക് മുന്‍പും ശേഷവും എന്ന് വേര്‍തിരിക്കാം. മീശക്ക് മുന്‍പേ ഉണ്ടായിരുന്നത് സര്‍ഗാത്മകത, മീശക്ക് ശേഷമുള്ളത് ഭയം. സെന്‍സര്‍ഷിപ്പിന്റെ ഒട്ടനവധി അടരുകളിലൂടെ കടന്നു പോയിട്ടാണ് ഇപ്പോള്‍ ഓരോ സൃഷ്ടിയും പുറത്തു വരുന്നത്.

ആദ്യം സ്വയം സെന്‍സര്‍ഷിപ്പ്. ഓരോ വാക്കും വാചകവും ആരുടെയെങ്കിലും വികാരത്തെ വൃണപ്പെടുത്തമോ എന്ന് ശങ്കിച്ച് വീണ്ടും വീണ്ടും എഴുത്തുകാരന്‍ സ്വയം വെട്ടി തിരുത്തുന്നത്. പിന്നെ കുടുംബത്തിന്റെ സെന്‍സര്‍ഷിപ്പ്, അത് കഴിഞ്ഞു പ്രസാധകന്റെ സെന്‍സര്‍ഷിപ്പ്. പരസ്യക്കാരുടെ, സര്‍ക്കാരിന്റെ, കോടതികളുടെ, സദാചാരക്കാരുടെ, ഇങ്ങനെ പോവുന്നു സെന്‍സര്‍ഷിപ്പിന്റെ അടരുകള്‍.

അടുത്തിടെ, ധീരരെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഒരു സംവിധായകനും നടനും ഒരു സിനിമ പ്രഖ്യാപിക്കുന്നു. സൈബര്‍ ആക്രമണങ്ങള്‍ എന്ന് പത്രങ്ങള്‍ ഓമനപ്പേരിട്ടു വിളിക്കുന്ന തെറിവിളികള്‍ തുടങ്ങുന്നു. കുറെ ബഹിഷ്‌കരണാഹ്വാനങ്ങള്‍. കുറച്ചു ഫോണ്‍ ഭീഷണികള്‍. ഇന്‍കം ടാക്‌സ് റൈഡുകളുടെ സാധ്യതകള്‍. ധീരന്മാര്‍ പിന്മാറുന്നു.

എഴുത്തുകാരെയും സിനിമക്കാരെയും പറഞ്ഞിട്ട് കാര്യമില്ല. മറ്റെല്ലാ ജീവികളുടെയും പോലെ തന്നെ ഭയം മനുഷ്യന്റെയും കൂടെപ്പിറപ്പാണ്. അതിജീവനത്തിന് പ്രകൃതി തന്ന വികാരങ്ങളില്‍ ഒന്നാണ് ഭയം. ലക്ഷത്തിലൊന്നൊക്കെയേ ധീരരായി ഉണ്ടാകൂ. അവര്‍ മിക്കവാറും ക്വട്ടേഷന്‍ സംഘങ്ങളിലായിരിക്കും എത്തിപ്പെടുക.

സര്‍ഗാത്മകത പൊതുവെ മൃദുവായ മനസ്സുള്ളവര്‍ക്കേ ഉണ്ടാകൂ. സ്വതന്ത്രമായ ഒരന്തരീക്ഷമുണ്ടെങ്കില്‍ അവര്‍ എഴുതുകയും സിനിമ പിടിക്കുകയുമൊക്കെ ചെയ്യും, ഇല്ലെങ്കില്‍ അവര്‍ വേറെ ജോലി നോക്കി പോകും. കുറേപേര്‍ കൊട്ടാരത്തിലെ ആസ്ഥാന കവികളും എഴുത്തുകാരുമൊക്കെയായി ‘മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെ പോലെ നിന്‍ മുഖം’ എന്നൊക്കെ എഴുതി കാശുണ്ടാക്കും.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഇന്ത്യയൊട്ടാകെ കലാകാരന്മാര്‍ക്കെതിരായ ആക്രമണങ്ങളില്‍ ഉണ്ടായത്. ഒരാഴ്ച മുമ്പാണ് സംവിധായകന്‍ പ്രകാശ് ഝായുടെ സെറ്റില്‍ ബജ്രംഗ്ദള്‍ ഗുണ്ടകള്‍ ആക്രമിച്ചു കയറി അദ്ദേഹത്തെ ആക്രമിക്കുകയും മുഖത്തു കപരി ഓയില്‍ ഒഴിക്കുകയും ചെയ്തത്.

രണ്ടു ദിവസം മുമ്പ് സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി പരിപാടി അവതരിപ്പിക്കാനിരുന്ന മുംബൈയിലെ ഓഡിറ്റോറിയങ്ങള്‍ കത്തിച്ചു കളയുമെന്ന ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് ഷോ റദ്ദാക്കി.

ഫാബ്-ഇന്ത്യയുടെ പരസ്യത്തില്‍ ഉറുദു വാക്കുകള്‍ ഉപയോഗിച്ചു എന്ന പേരില്‍ ബെംഗളൂരു എം.പി. തേജസ്വി സൂര്യയുടെ ബഹിഷ്‌കരണ ആഹ്വാനത്തെ തുടര്‍ന്ന് അവര്‍ക്ക് പരസ്യം പിന്‍വലിക്കേണ്ടി വന്നു. മംഗല്യസൂത്രം പരസ്യത്തില്‍ കാണിച്ചു എന്ന പേരില്‍ സബ്യസചിക്കെതിരെയാണ് പുതിയ ആക്രമണം.

സ്വവര്‍ഗ ദമ്പതികളെ പരസ്യത്തില്‍ കാണിച്ചതിന്റെ പേരില്‍ ഡാബറും ആക്രമണത്തിന് വിധേയമായി. മധ്യപ്രദേശിലെ ഒരു മന്ത്രി തന്നെയായിരുന്നു ഇതിന് മുന്നിട്ടിറങ്ങിയത്. ടൈറ്റാന്‍ പരസ്യത്തിനും ഇത് തന്നെ സംഭവിച്ചു. ഭീരുത്വത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ലാത്തത് കൊണ്ട് ഇന്ത്യയിലെ വ്യവസായികള്‍ ഒന്നൊന്നായി പരസ്യങ്ങള്‍ പിന്‍വലിച്ചു മാപ്പു പറഞ്ഞു കൊണ്ടിരുന്നു. മാപ്പുപറച്ചില്‍ നമ്മുടെ രക്തത്തിലുള്ളതാണല്ലോ.

ഇതൊക്കെ പ്രാദേശിക ഗുണ്ടാ സംഘങ്ങളോ, സോഷ്യല്‍ മീഡിയയില്‍ ആളാകാന്‍ നടക്കുന്ന അലവലാതികളൊ നടത്തുന്ന പരിപാടികള്‍ ആണെന്ന് കരുതാന്‍ വയ്യ, കാരണം ഇവര്‍ക്ക് പിന്തുണ നല്‍കുന്നത് സംഘപരിവാറിന്റെ പണം പറ്റുന്ന ഐ.ടി സെല്‍ മെമ്പര്‍മാരും, അവര്‍ നടത്തുന്ന ഓപ്ഇന്ത്യ, തുടങ്ങിയ പോര്‍ട്ടലുകളും, വിനീത വിധേയരായ സീ ടി.വി, റിപ്പബ്ലിക്ക് തുടങ്ങിയ ചാനലുകളുമാണ്.

ഭരിക്കുന്ന സര്‍ക്കാരുകള്‍ ഈ ഗുണ്ടാ സംഘങ്ങള്‍ക്ക് പരമാവധി സംരക്ഷണം കൊടുക്കുകയും ചെയ്യുന്നുണ്ട്.

ഇതിനൊക്കെ പുറമെയാണ് ഭരിക്കുന്നവരെ തുറന്ന് പിന്തുണക്കാത്തവര്‍ക്ക് നേരെയുള്ള ഐ.ടി, നാര്‍ക്കോട്ടിക് റൈഡുകള്‍. മിണ്ടാതിരിക്കുന്നവരെ വെറുതെ വിടുന്ന കാലം കഴിഞ്ഞു. ഭരിക്കുന്നവരോടുള്ള തുറന്ന വിധേയത്വം പ്രഖ്യാപിച്ചു കൊണ്ടേയിരിക്കണം,
അല്ലെങ്കില്‍ അനുഭവിക്കണം.

ഏഷ്യയിലെയും ആഫ്രിക്കയിലെയും ജനങ്ങള്‍ മിക്കവരും മുഖം കണ്ടാല്‍ തിരിച്ചറിയുന്ന ഒരിന്ത്യക്കാരനായി ഷാരൂഖ് ഖാനെയുള്ളൂ ഇപ്പോള്‍, ഇന്ത്യയുടെ ശരിക്കുള്ള ബ്രാന്‍ഡ് അംബാസിഡര്‍. അദ്ദേഹതിനാണ് ഈ അനുഭവം.

ഷാരൂഖ് ഖാന്‍

ഇതിനൊക്കെ ഒരു ഫലമേ ഉണ്ടാകൂ. സര്‍ഗാത്മകത ഉള്ളവര്‍ ഒതുങ്ങും, അല്ലെങ്കില്‍ നാട് വിടും. അലി അക്ബറിനെ പോലെയും അക്ഷയ്കുമാറിനെ പോലെയുമൊക്കെ ഉള്ളവര്‍ ബാംബൂ ബോയ്‌സ് പോലെയുള്ള സിനിമകളെടുക്കും, ബാലന്‍ പുത്തേരിക്ക് പദ്മശ്രീ ലഭിക്കും.

മുമ്പാണെങ്കില്‍ വേറെ ഗതിയില്ലാത്തത് കൊണ്ട് ബാംബൂ ബോയ്‌സ് എങ്കില്‍ ബാംബൂ ബോയ്‌സ് എന്നും പറഞ്ഞു അതും കണ്ടിരുന്നേനെ. ഇന്നതല്ല. ഇന്റര്‍നെറ്റ് പ്രേക്ഷകര്‍ക്കും വായനക്കാര്‍ക്കും മുമ്പില്‍ ഒരുപാട് വാതിലുകള്‍ തുറന്നിടുന്നുണ്ട്.

കുട്ടികളും ടീനേജര്‍സും ഒന്നും ഇപ്പോള്‍ സ്വന്തം ഭാഷയിലെയോ നാട്ടിലെയോ സിനിമകളും സീരിയലുകളുമൊന്നും കാത്തു നില്‍ക്കുന്നില്ല. ഇക്കഴിഞ്ഞ മാസങ്ങളില്‍ കുട്ടികള്‍ ഏറ്റവും കണ്ടത് സ്പാനിഷ് സീരിയലായ മണി-ഹെസ്റ്റും സൗത്ത് കൊറിയന്‍ സീരിയലായ സ്‌ക്വിഡ്-ഗെയിമും ഒക്കെയാണ്.

മോഹല്‍ലാലിന്റെ മരക്കാറും രജനികാന്തിന്റെ അണ്ണാത്തെയുമൊക്കെ കാത്തിരിക്കുന്നത് കുട്ടികളും ടീനേജര്‍സും ഒന്നുമല്ല, പ്രായം ചെന്നവരാണ്. അവരൊക്കെ അകന്നകന്നു പോവുകയാണ്. ലോകത്തെ മറ്റേതൊരു രാജ്യത്തെയും സിനിമയും സീരീസും ഒക്കെപോലെ തന്നെയേ അവര്‍ ഇന്ത്യയുടേയും പരിഗണിക്കുകയുള്ളൂ. പുസ്തകങ്ങളും അതേ പോലെ. നല്ലതാണെങ്കില്‍ ഓക്കേ, ഇല്ലെങ്കില്‍ വേണ്ട, അത്രയേയുള്ളൂ.

മറ്റുള്ള രാജ്യക്കാര്‍ അവരുടെ സിനിമകളും സീരീസുകളും പുസ്തകങ്ങളുമായി നമ്മുടെ വീടുകളിലേക്ക് വരികയാണ്. ആ സമയത്ത് നമ്മള്‍ ചെയ്യേണ്ട രണ്ടു കാര്യങ്ങളുണ്ട്, ഒന്ന്, അവരോട് മത്സരിക്കാന്‍ നമ്മുടെ കലാകാരന്മാര്‍ക്ക് പിന്തുണയും ആത്മ വിശ്വാസവും നല്‍കുക, രണ്ട്, മറ്റു രാജ്യങ്ങളിലുള്ളവര്‍ക്ക് ആസ്വദിക്കാനുള്ള മികവ് നമ്മുടെ സിനിമകള്‍ക്കും പുസ്തകങ്ങള്‍ക്കും ഉണ്ട് എന്നുറപ്പ് വരുത്തുക.

ഇല്ലെങ്കില്‍ ആഗോളവല്‍ക്കരണക്കാലത്ത് നമ്മുടെ നിര്‍മാണ യൂണിറ്റുകള്‍ മുഴുവന്‍ പൂട്ടികെട്ടി പകരം ചൈനീസ് സാധനങ്ങള്‍ ഇറക്കുമതി തുടങ്ങിയ അവസ്ഥയുണ്ടാകും. നിര്‍മാണ യൂണിറ്റുകള്‍ പോലെത്തന്നെ സിനിമയും ഒരുപാട് പേരുടെ ജോലിയാണ്.

പകരം നമ്മളെന്താണ് ചെയ്തത്. നമ്മുടെ കുട്ടികള്‍ സ്പാനിഷ്, സൗത്ത് കൊറിയന്‍, മെക്‌സിക്കന്‍, തുര്‍ക്കിഷ് സീരീസുകള്‍ കാണുമ്പോള്‍ തിരിച്ച് അന്നാട്ടിലെ കുട്ടികള്‍ നമ്മളുണ്ടാക്കിയ ഏതെങ്കിലും സിനിമയോ സീരീസോ കാണുന്നുണ്ടോ. അല്പമെങ്കിലും മികവ് പുലര്‍ത്തിയിരുന്ന സീരീസുകളുടെ ലൊക്കേഷനുകളിലാണ് ബജ്രംഗ്ദളുകാര്‍ അഴിഞ്ഞാടുന്നത്.

മുനവ്വര്‍ ഫാറൂഖി

സ്റ്റാന്‍ഡ്-അപ്പ് കോമഡിക്കും ഇപ്പോള്‍ ആഗോള തലത്തില്‍ തന്നെ പ്രേക്ഷകരും മാര്‍ക്കറ്റും ഉണ്ട്, കോടികള്‍ ഒഴുകുന്ന ബിസിനസ് ആണ്. നമ്മുടെ കുട്ടികള്‍ കാണുന്നത് മുഴുവന്‍ വിദേശ കോമഡി പരിപാടികളാണ്. മികവ് പുലര്‍ത്താന്‍ തുടങ്ങിയ മുനവ്വര്‍ ഫാറൂഖിയെയും കുനാല്‍ കമ്രയെയുമൊക്കെ നമ്മള്‍ പീഡിപ്പിച്ചു മുരടിപ്പിച്ചു. ആത്മവിശ്വാസത്തോടെ തമാശ പറയുന്നത് കേരളത്തിലെ മിമിക്രിക്കാര്‍ പോലും നിര്‍ത്തി.

ഹിറ്റ്‌ലറുടെ പ്രതാപ കാലത്ത് ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും എഴുത്തുകാരും ചാര്‍ളി ചാപ്ലിനെ പോലുള്ള സിനിമക്കാരുമൊക്കെ ലോകത്തിന്റെ സ്വീകാര്യത നേടുന്നത് കണ്ട് വിളറിയോ അസൂയയോ ഒക്കെ പൂണ്ട ഗീബല്‍സ് ജര്‍മനിയിലെ എഴുത്തുകാരെയും സിനിമക്കാരെയും വിളിച്ചു മികച്ച സിനിമകളും പുസ്തകങ്ങളും ഉണ്ടാക്കിയില്ലെങ്കില്‍ തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്നത് ചരിത്രം.

ഹിറ്റ്‌ലറെ പുകഴ്ത്തുന്ന കുറെ ഡോക്യൂമെന്ററികളും കുട്ടികള്‍ക്ക് തോണിയുണ്ടാക്കി കളിക്കാനുള്ള കുറെ ചെറു പുസ്തകങ്ങളും ഉണ്ടായത് മിച്ചം.

സംസ്‌കാര സംരക്ഷകര്‍ എന്നും പറഞ്ഞു അഴിഞ്ഞാടുന്ന ഗുണ്ടകളെയും റൈഡുകള്‍ നടത്തി കലാകാരന്മാരെ വിരട്ടാന്‍ അഴിച്ചു വിട്ടിരിക്കുന്ന ഉദ്യോഗസ്ഥരെയും നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യക്ക് ഇനി വരാനുള്ളത് ബാംബൂ-ബോയ്‌സ് കാലം.

ഫാറൂഖിന്റെ മറ്റ് ലേഖനങ്ങള്‍ വായിക്കാം

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Farooq writes about Freedom of Expression in India

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more