സഖാക്കള്‍ക്ക് ദേശാഭിമാനി പോലെയാണ് വോള്‍സ്ട്രീറ്റിലെ ബൂര്‍ഷ്വാസികള്‍ക്ക് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ – ജേര്‍ണല്‍ എന്നേ പറയൂ. എല്ലാവരുടെയും കോട്ടിന്റെ പോക്കറ്റിലോ സ്യൂട്‌കേസിലോ ചിലപ്പോള്‍ കക്ഷത്തില്‍ തന്നെയോ കാണും ഓരോ കോപ്പി. ഏതു കമ്പനിയില്‍ നിക്ഷേപിക്കണം, ഏതു രാജ്യമാണ് വളര്‍ച്ചയില്‍, എവിടെയൊക്കെയാണ് കലാപങ്ങള്‍ തുടങ്ങിയവയൊക്കെ ഇവര്‍ അറിയുന്നത് ജേര്‍ണല്‍ വായിച്ചാണ്, അത് പ്രകാരമാണ് തീരുമാനങ്ങള്‍.
ഈ അമേരിക്കന്‍ പണക്കാരുടെ ദേശാഭിമാനി കഴിഞ്ഞ രണ്ടു മൂന്നു മാസമായി വായിച്ചാല്‍ രാജ്യസ്‌നേഹമുള്ള ഏതിന്ത്യക്കാരനും കരഞ്ഞു പോകും. അത്രക്ക് ദയനീയമാണ് ഇന്ത്യയെ പറ്റിയുള്ള വാര്‍ത്തകളും ലേഖനങ്ങളും. ഇന്ത്യയിലെ ന്യൂറംബര്‍ഗ് മാതൃകയിലുള്ള നിയമനിര്‍മാണം, അതിനെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍, സാമ്പത്തിക തകര്‍ച്ച, അഞ്ചു പതിറ്റാണ്ടിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ, ബലാല്‍സംഗ വാര്‍ത്തകള്‍, പൊലീസുകാര്‍ കുറ്റാരോപിതരെ വെടിവച്ചു കൊല്ലുന്നത്, ദല്‍ഹിയിലെ ഭീകരമായ അന്തരീക്ഷ മലിനീകരണം, കാശ്മീര്‍, വ്യാജ സ്റ്റാറ്റിറ്റിക്സുകള്‍ – ഇത്രയുമാണ് കഴിഞ്ഞ മൂന്നു മാസത്തെ പ്രധാന വാര്‍ത്തകളും ലേഖനങ്ങളും.
വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്തെഴുതിയാലും ഇന്ത്യക്ക് എന്ത് വരാനാണെന്നു ചിന്തിക്കുന്നവരുണ്ടാകും. ഇന്ത്യയുടെ തൊഴിലില്ലായ്മ നാല്പത്തഞ്ചു വര്‍ഷത്തെ ഏറ്റവും ഉയരത്തിലാണ്. ഏകദേശം പത്തു ലക്ഷം യുവാക്കളാണ് ഓരോ മാസവും തൊഴിലില്ലാ പടയിലേക്ക് പുതുതായി വരുന്നത്. ഇവര്‍ക്ക് തൊഴില്‍ കൊടുക്കുവാന്‍ കാര്‍ഷിക രംഗത്തിനോ നിര്‍മാണ മേഖലക്കോ ഇപ്പോള്‍ ത്രാണിയില്ല. അതിനായി ഒരുപാട് ഫാക്ടറികള്‍ ഉയര്‍ന്നു വരണം. ഒന്നും രണ്ടും പോരാ, ആയിരക്കണക്കിന്. അതിനുള്ള പണം ഇന്ത്യന്‍ വ്യവസായികളുടെയോ ബാങ്കുകളുടെയോ കയ്യിലില്ല, സര്‍ക്കാരിന്റെയടുത്തു തീരെയില്ല. ആ പണം വിദേശ നിക്ഷേപമായി വരണം. അങ്ങനെ വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് പണം നിക്ഷേപിക്കേണ്ടവരാണ് മുകളില്‍ പറഞ്ഞ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ പ്രധാന വായനക്കാര്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ മാത്രം കഥയല്ല. എക്കണോമിസ്‌റ്, ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്സ്, ഫോര്‍ബ്‌സ് തുടങ്ങിയ സാമ്പത്തിക കാര്യങ്ങള്‍ മുഖ്യവിഷയമാകുന്ന പ്രസിദ്ധീകരങ്ങളുടെയൊക്കെ കഥയാണ്. എക്കണോമിസ്റ്റ് മാസിക ഇന്ത്യയെ പറ്റി ഒന്ന് രണ്ടു കവര്‍സ്റ്റോറി പ്രസിദ്ധീകരിച്ചു. അത് രണ്ടും വായിച്ചാല്‍ ഒരു വ്യവസായിയും ഈ വഴിക്ക് വരില്ല. ഇന്ത്യയെ പറ്റി മുമ്പ് നല്ലതു മാത്രം പറഞ്ഞു കൊണ്ടിരുന്ന പ്രസിദ്ധീകരങ്ങളാണിവയൊക്കെ എന്നോര്‍ക്കണം. മാത്രവുമല്ല വലതുപക്ഷ പ്രസിദ്ധീകരണങ്ങളുമാണ്.
വലതുപക്ഷ പ്രസിദ്ധീകരണങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ, ലിബറല്‍ എന്നും ഇടതുപക്ഷം എന്നും പൊതുവെ വിളിക്കപ്പെടുന്ന ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്കര്‍, ഗാര്‍ഡിയന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ കഥയെന്താണ്. എല്ലാ ദിവസവും ഒന്നോ രണ്ടോ വാര്‍ത്തകളും ആഴ്ചയില്‍ ഒന്നോ രണ്ടോ എഡിറ്റോറിയലും ഉണ്ടാകും ഇന്ത്യയുടെ തകര്‍ച്ചയെപ്പറ്റി. കഴിഞ്ഞ കൊല്ലം വരെ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സംശയത്തിന്റെ ആനുകൂല്യം കൊടുത്തിരുന്ന ഇവരൊക്കെ ഇപ്പോള്‍ മോദിയെ ഉപമിക്കുന്നത് ഏറ്റവും കുറഞ്ഞത് എര്‍ദോഗനുമായോ കൂടിയത് ഹിറ്റ്‌ലറുമായോ ആണ്. ന്യൂയോര്‍ക്കര്‍, എക്കണോമോണിസ്റ്റ് വാരികകള്‍ ഇത്തരത്തിലുള്ള കവര്‍ സ്റ്റോറികള്‍ തന്നെ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുകയാണ് .
യുറോപ്പിലെയോ ബ്രിട്ടനിലെയോ പ്രസിദ്ധീകരണങ്ങളുടെ കാര്യം പറയാനില്ല. ജര്‍മന്‍, ഇസ്രായേലി പ്രസിദ്ധീകരണങ്ങള്‍ സ്വാഭാവികമായും അതിതീവ്രമായാണ് പ്രതികരിച്ചത്. വംശീയ വിദ്വേഷ രാഷ്ട്രീയത്തിന് ചരിത്രപരമായി ഏറ്റവും വില കൊടുക്കേണ്ടി വന്നവരാണ് ഇവര്‍. ന്യൂറംബര്‍ഗിനെ ഓര്‍മിപ്പിക്കുന്ന എന്തും സ്വാഭാവികമായും യൂറോപ്പിലും ഇസ്രയേലിലും തീവ്ര പ്രതികരണങ്ങള്‍ക്കിടയാക്കും. അത് കൊണ്ട് തന്നെയാണ് യൂറോപ്യന്‍ പാര്‍ലമെന്റ് ഔദ്യോഗികമായി തന്നെ പൗരത്വ നിയമത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യയെ പാമ്പാട്ടികളുടെയും നഗ്‌ന സന്യാസിമാരുടെയും രാജ്യം എന്ന നിലയില്‍ മാത്രം പാശ്ചാത്യര്‍ കണ്ടിരുന്ന കാലമുണ്ടായിരുന്നു. ദാരിദ്ര്യം, നിരക്ഷരത, കലാപങ്ങള്‍ എന്നിവയുടെയൊക്കെ പര്യായമായി ഇന്ത്യ അറിയപ്പെട്ടിരുന്ന കാലം തൊണ്ണൂറുകളോടെ ഏതാണ്ടവസാനിച്ചതായിരുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങളും, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ വളര്‍ന്നു വന്നു ലോകം കീഴടക്കാന്‍ തുടങ്ങിയ ചെറുപ്പക്കാരുമൊക്കെ ഇന്ത്യക്ക് വളരുന്ന രാജ്യം എന്ന ഇമേജ് ഉണ്ടാക്കി കൊടുത്തു. തൊണ്ണൂറുകള്‍ക്ക് ശേഷം ഇന്ത്യയെ പറ്റിയുള്ള ലോകത്തിന്റെ ധാരണ എന്തൊക്കെ കുഴപ്പങ്ങളുണ്ടെങ്കിലും ഇന്ത്യ മുന്നോട്ടാണ് എന്നതായിരുന്നു, ഇക്കഴിഞ്ഞ കുറച്ചു മാസങ്ങള്‍ കൊണ്ടാണ് എല്ലാം കീഴ്‌മേല്‍ മറിയുന്നത്.
എല്ലാ കൊല്ലവും നടക്കുന്ന ദാവോസ് ഇക്കണോമിക് ഫോറം എന്ന ലോകത്തിലെ പ്രമുഖ ചിന്തകന്മാരും സാമ്പത്തിക വിദഗ്ധരും നേതാക്കളുമൊക്കെ പങ്കെടുക്കുന്ന ചര്‍ച്ചാവേദിയില്‍ വര്‍ഷങ്ങളായി പങ്കെടുക്കുന്നവര്‍ പറയുന്നത് , ഇന്ത്യയെ പറ്റി ഇത്രയും നിരാശയോടും ഭീതിയോടും കൂടി മറ്റുള്ളവര്‍ സംസാരിക്കുന്നത് ഇക്കൊല്ലത്തെ പോലെ ഒരിക്കലും കേട്ടിട്ടില്ല എന്നാണ്. പൗരത്വ വിഷയം മാത്രമല്ല, ഇന്ത്യയുടെ ഇക്കണോമിക് ഡാറ്റ വിശ്വസിക്കാന്‍ കൊള്ളാത്തതായതും, കയറ്റുമതി കുത്തനെ കുറഞ്ഞതും, വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയും, സാമ്പത്തിക രംഗത്ത് വീണ്ടുവിചാരമില്ലാതെ വരുത്തുന്ന പരിഷ്‌കാരങ്ങളും നിക്ഷേപകര്‍ക്ക് ഒട്ടും താല്പര്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യയെ കൊണ്ട് പോയിരിക്കുന്നത്.
ഇതിനിടയിലാണ് ഡെമോക്രസി ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം കുത്തനെ താഴോട്ട് പോയി അന്‍പത്തൊന്നില്‍ എത്തുന്നത്. ഇരുട്ടടി പോലെ ജീനോസൈഡ്-വാച്ച് എന്ന സംഘടന ഇന്ത്യയെ വംശ-ശുദ്ധീകരണം നടത്താന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തുകയും ചെയ്തു. കൂടാതെ മൂഡിയും എസ് ആന്‍ഡ് പീ യും ഇന്ത്യയുടെ ഇക്കണോമിക് റാങ്കിങ് കുറക്കുകയും ചെയ്തു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വെറുതെ വായിച്ചു പോകുന്ന വര്‍ത്തകളാണെങ്കിലും നിക്ഷേപകരും രാഷ്ട്ര നേതാക്കളും തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് പരിഗണിക്കുന്ന ഘടകങ്ങളാണ് ഇവ മുഴുവന്‍.
നയതന്ത്ര രംഗത്തു ഏറ്റവും തലയെടുപ്പുള്ള ഇന്ത്യക്കാരനും, മുന്‍ വിദേശ കാര്യ സെക്രട്ടറിയുമായ ശിവശങ്കര്‍ മേനോന്‍ പറയുന്നത് ഇന്ത്യ സ്വയം വരുത്തി വച്ച വിനയാണിതെന്നതാണ്. ഇന്ത്യക്ക് മുമ്പെങ്ങുമില്ലാത്തത്ര വിമര്‍ശകരാണിപ്പോള്‍, മാത്രമല്ല ഇന്ത്യയെ വന്‍ശക്തികളുമായി താരതമ്യം ചെയ്തിരുന്ന ലോകം ഇപ്പോള്‍ പാകിസ്ഥാനുമായാണ് താരതമ്യപ്പെടുത്തുന്നത് എന്നും അദ്ദേഹം പറയുന്നു. ഓരോ ദിവസം കഴിയുന്തോറും നമ്മള്‍ കൂടുതല്‍ കൂടുതല്‍ ഒറ്റപെടുകയാണ്, അദ്ദേഹം അടുത്തിടെ ഒരു പ്രഭാഷണത്തില്‍ പറഞ്ഞു.
പൗരത്വ സമരങ്ങള്‍ നീണ്ടു പോകുന്നതും, ദല്‍ഹിയില്‍ അടുത്തിടെ തുടര്‍ച്ചയായി നടക്കുന്ന വെടിവെപ്പുകളും രാജ്യം അരാജകത്വത്തിലേക്കാണോ പോകുന്നത് എന്ന ഭീതി വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് നോക്കുന്നവര്‍ക്കിടയിലുണ്ടാക്കുന്നു.
വിദേശ ഇന്ത്യക്കാര്‍ പോലും ഇന്ത്യയിലേക്ക് സേവിങ്ങിനോ നിക്ഷേപങ്ങള്‍ക്കോ പണമയക്കുന്നത് ഒരു പരിധി വരെ നിര്‍ത്തിയ മട്ടാണ്. അതിനിടയ്ക്കാണ് വിദേശ ഇന്ത്യക്കാര്‍ക്ക് ടാക്‌സ് ഏര്‍പ്പെടുത്താന്‍ പോകുന്നു എന്ന് സംശയിക്കാന്‍ തക്ക വിധത്തില്‍ വ്യക്തതയില്ലാത്ത പ്രഖ്യാപനം ധനമന്ത്രി നടത്തുന്നത്. പിന്നീട് വ്യക്തത വരുത്തിയെങ്കിലും ആ പ്രഖ്യാപനം ഡെമോക്ലീസിന്റെ വാള് പോലെ കുറച്ചു നാളെങ്കിലും നിക്ഷേപകരുടെ മുകളില്‍ തൂങ്ങി കിടക്കും.
പ്രധാനമന്ത്രി എന്ന നിലയില്‍ ആദ്യത്തെ അഞ്ചു വര്‍ഷം നരേന്ദ്ര മോദി വിദേശത്തു ഇന്ത്യയുടെ ഇമേജ് വര്‍ധിപ്പിക്കാനാണ് ശ്രമിച്ചത്. അതിന് വേണ്ടി ഒരു പാട് വിദേശ സന്ദര്‍ശനങ്ങള്‍ അദ്ദേഹം നടത്തുകയും ചെയ്തു.
ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയമായിരുന്നുവെങ്കില്‍ കൂടി വിദേശ ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തു എന്ന് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. അമിത്ഷായുടെ വീണ്ടു വിചാരമില്ലാത്ത നടപടികള്‍ കാരണം ഇന്നിപ്പോള്‍ ആ അദ്ധ്വാനമൊക്കെ വെള്ളത്തില്‍ വരച്ച വര പോലെ ആയി എന്നാണ് മനസ്സിലാക്കേണ്ടത്.
ഒന്നാം മോദി മന്ത്രിസഭ ഇന്ത്യയുടെ സാമ്പത്തിക രംഗം തകര്‍ത്തെറിഞ്ഞെങ്കില്‍, രണ്ടാം മോദി മന്ത്രി സഭ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയും വിദേശ ബന്ധങ്ങളും ഒരു പോലെ നശിപ്പിക്കുകയാണ്. സാമ്പത്തിക രംഗം തകര്‍ന്നത് ആദ്യമൊക്കെ ആരും അംഗീകരിച്ചില്ലെങ്കിലും ഇപ്പോള്‍ പൊതുവെ എല്ലാവരും സമ്മതിക്കുന്ന നിലയിലെത്തി. വിദേശ ബന്ധങ്ങള്‍ തകര്‍ന്നതിന്റെ തിക്ത ഫലങ്ങള്‍ സാമ്പത്തിക രംഗത്തു പ്രതിഫലിക്കാന്‍ രണ്ടോ മൂന്നോ കൊല്ലം എടുക്കും, അതിന് മുമ്പ് സര്‍ക്കാര്‍ തിരുത്തലുകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കാം.