| Monday, 22nd November 2021, 8:48 pm

സുരേന്ദ്രന്റെ വിദ്വേഷ കച്ചവടം

ഫാറൂഖ്

ബോബനും മോളിയും കാര്‍ട്ടൂണിലെ പട്ടിക്കുട്ടിയെ പോലെ കോഴിക്കോട്ടെ മുസ്‌ലിം പണക്കാരുടെ കല്യാണ ആല്‍ബങ്ങളില്‍ മിക്ക ഫ്രെയിമിലും കാണും സുരേന്ദ്രന്‍. ഒരു കാലത്ത് ജമാഅത്തുകാരും ലീഗുകാരും സുന്നികളുമൊക്കെ സംഘടിപ്പിച്ചിരുന്ന സെമിനാറുകളില്‍ പി.എസ്. ശ്രീധരന്‍ പിള്ള നിറഞ്ഞാടിയപ്പോള്‍, അദ്ദേഹത്തെ പോലെ വായനയോ സംസാരിക്കാനുള്ള കഴിവോ ഇല്ലാത്തതു കൊണ്ടാവും സുരേന്ദ്രന്‍ മുസ്‌ലിം കല്യാണങ്ങളില്‍ ശ്രദ്ധിച്ചിരുന്നത്.

സുന്നിയോ സുഡാപ്പിയോ ലീഗോ എന്തായാലും മുസ്‌ലിമാണോ പണക്കാരാണോ ബിരിയാണി ചെമ്പ് തുറക്കുമ്പോള്‍ സുരേന്ദ്രന്‍ ഹാജര്‍.

കല്യാണ വീടുകളില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് സുരേന്ദ്രന്‍ ഉള്ളി ബിരിയാണി കഴിക്കുന്നതിന്റെ വീഡിയോകള്‍ ഒരുപാട് മുസ്‌ലിം വീടുകളില്‍ കാണും. അതെ, കൊല്ലപ്പെട്ട പ്രവര്‍ത്തകന് അനുശോചനം രേഖപ്പെടുത്തി കൊണ്ട് ചിരിച്ച അതേ ചിരി. ഓഡിയോ ചിലപ്പോള്‍ കണ്ടെന്നുവരില്ല.

കല്യാണ വീഡിയോഗ്രാഫര്‍മാര്‍ ഒറിജിനല്‍ ഓഡിയോ മാറ്റി ലങ്കി മറിയുന്നോളെ എന്ന പാട്ടു കേറ്റും, എന്തിനോ എന്തോ. ചിലപ്പോള്‍ കല്യാണ കാസറ്റ് കാണുന്നവര്‍ ബോറടിച്ചു മരിക്കുന്നത് ഒഴിവാക്കാനായിരിക്കും. ഇങ്ങനെ ആയിരക്കണക്കിന് മുസ്‌ലിം വീടുകളില്‍ ഉള്ളി ബിരിയാണി കഴിച്ചു നടന്ന സുരേന്ദ്രനാണ് പെട്ടെന്നൊരു ദിവസം കഴിച്ച ബിരിയാണിയിലൊക്കെ തുപ്പലായിരുന്നു എന്ന തോന്നലുണ്ടായത്.

ഒരു മുസ്‌ലിയാര്‍ ബിരിയാണിയില്‍ മന്ത്രിച്ചൂതുന്നതിന്റെ വീഡിയോ കണ്ടാണ് സുരേന്ദ്രന്‍ ഞെട്ടിയത്.

സുരേന്ദ്രന്‍ ജനിച്ചത് അറുപതുകളിലെ കേരളത്തിലാണ്, സ്‌കാന്‍ഡിനേവിയയിലല്ല. മന്ത്രിച്ചൂതല്‍ കാണാത്ത മലയാളികളൊന്നും ആ ജനറേഷനിലില്ല. മന്ത്രിച്ചൂതല്‍ മാത്രമല്ല, എല്ലാ തരം അന്ധവിശ്വസങ്ങളുടെയും ഹെഡ് ഓഫീസ് ആണ് കേരളം എന്നറിയാത്ത ആളല്ല സുരേന്ദ്രന്‍.

മന്ത്രിച്ചൂതല്‍, ഒരു പ്ലേറ്റില്‍ എന്തൊക്കെയോ എഴുതി ആ മഷി കലക്കി കുടിക്കല്‍, വടികൊണ്ടടിച്ചു ബാധയൊഴിപ്പിക്കല്‍, കൃപാസനം പത്രം കത്തിച്ചു ചാരം ഉപ്പുവെള്ളത്തില്‍ കലക്കി കുടിക്കല്‍, പശു മൂത്രം ഒഴിക്കുന്നത് കൈക്കുമ്പിളിലാക്കിയുള്ള ഗോമൂത്ര പാനം, ശുദ്ധമായ ആട്ടിന്‍ കാട്ടം തേനില്‍ ചാലിച്ചു കുടിക്കല്‍, ചാണക കേക്ക് കഴിക്കല്‍ തുടങ്ങിവയൊന്നും കാണാതെയല്ല സുരേന്ദ്രന്‍ വളര്‍ന്നത്.

ഇതൊക്കെ പോട്ടെ, സ്വന്തം മൂത്രം അതിരാവിലെ ഗ്ലാസിലാക്കി ഭക്ഷണത്തിന് മുമ്പേ കുടിക്കുന്ന ആയിരക്കണക്കിനാളുകളുണ്ട് കേരളത്തില്‍, അവര്‍ക്ക് സംഘടനയുമുണ്ട്.

ഇതൊക്കെ കണ്ടു വളര്‍ന്ന സുരേന്ദ്രന് ഇപ്പൊ പെട്ടെന്ന് അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രതികരിച്ചു കളയാം എന്ന് തോന്നിയതിന് എന്തായിരിക്കും കാരണം? എല്ലാവരും പറയും വര്‍ഗീയ സ്പര്‍ധയുണ്ടാക്കി പാര്‍ട്ടി വളര്‍ത്താനാണ് എന്നൊക്കെ. പാര്‍ട്ടി വളര്‍ത്താലൊന്നും സുരേന്ദ്രന്റെ പ്രയോറിറ്റി അല്ല. മിക്ക ബി.ജെ.പി നേതാക്കളുടെയും പ്രയോറിറ്റി അതല്ല.

കൈവിട്ടു പോകാനിരുന്ന സ്ഥാനം ഉറപ്പിക്കല്‍, സ്ഥാനം ഇല്ലെങ്കില്‍ കൈവിട്ടു പോകാനിടയുള്ള കര്‍ണാടകയില്‍ നിന്ന് വന്നു കൊണ്ടിരിക്കുന്ന ചാക്ക് കെട്ടുകളുടെ കാര്യസ്ഥന്‍ പദവി നിലനിര്‍ത്തല്‍ ഇതൊക്കെയാണ് അടിയന്തിരമായി ചെയ്യേണ്ടത്.

നൂല്‍പ്പാലത്തിലൂടെ കടന്നു പോകുകയാണ് സുരേന്ദ്രന്റെ പ്രസിഡന്റ് സ്ഥാനം. അങ്ങോട്ടോ ഇങ്ങോട്ടോ വീഴാം. ശോഭ മുതല്‍ രമേശന്‍ വരെയുള്ള നേതാക്കള്‍, കുമ്മനം മുതല്‍ മുകുന്ദന്‍ വരെയുള്ള സീനിയേര്‍സ് ഒക്കെ സുരേന്ദ്രന്റെ രക്തം ദാഹിച്ചു നടപ്പാണ്. മുരളീധരന്റെ താങ്ങിലാണ് സുരേന്ദ്രന്‍ മുമ്പോട്ട് പോകുന്നത്.

ആ മുരളീധരന് തന്റെ സ്ഥാനത്തില്‍ തന്നെ ഒരുറപ്പുമില്ല. കേന്ദ്രമന്ത്രിമാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാണോ എന്ന് പോലും അറിയില്ല പാവത്തിന്. ഈയാവസ്ഥയില്‍ സുരേന്ദന് സ്ഥാനമുറപ്പിക്കണമെങ്കില്‍ ഒരേയൊരു മാര്‍ഗമേയുള്ളു, ഫേസ്ബുക്ക് സങ്കികളെ സുഖിപ്പിക്കുക.

കേരളത്തിലെ ബി.ജെ.പിക്ക് രണ്ടുതരം പ്രവര്‍ത്തകരുണ്ട്. കള്ളപ്പണത്തിന്റെ പങ്ക് കിട്ടുന്നവരും കിട്ടാത്തവരും. കിട്ടുന്നവര്‍ ഗ്രൗണ്ടില്‍, കിട്ടാത്തവര്‍ ഫേസ്ബുക്കില്‍. സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെയൊക്കെ കാശു കൊടുത്ത് അടിമുടി അഴിമതിക്കാരാക്കിയിട്ടുണ്ട് നേതൃത്വം. മുകളില്‍ നിന്ന് താഴേക്ക് പണം വിതറിയാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നത്.

മറ്റുള്ള പാര്‍ട്ടികളില്‍ അഴിമതി ചുരുക്കം നേതാക്കളിലൊതുങ്ങുമ്പോള്‍ ബി.ജെ.പി അത് പൂര്‍ണമായി ജനാധിപത്യവല്‍ക്കരിച്ചിട്ടുണ്ട്. ഓരോ നേതാക്കളും ഓരോ ചാക്ക് പണവുമായി സ്വന്തം ഗ്രൂപ്പുകള്‍ക്ക് താഴെത്തട്ട് വരെ വിതരണം ചെയ്യുന്നതാണ് രീതി. പാര്‍ട്ടി മീറ്റിങ്ങുകളിലെ പ്രധാന ചര്‍ച്ച ആര്‍ക്കെത്ര കിട്ടി എന്നതാണ്.

മത്സരിക്കാന്‍ സീറ്റിന് തല്ലു കൂടുന്നത് ഒരു ചാക്കെങ്കില്‍ ഒരു ചാക്ക് സ്വന്തം കയ്യിലെത്താനാണ്. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ എത്ര വോട്ടു കിട്ടുമെന്നല്ല എത്ര കാശു കിട്ടുമെന്നാണ് ചര്‍ച്ച. താഴെത്തട്ടിലുള്ള സ്ഥാനങ്ങള്‍ക്ക് വരെ ലേലം വിളിയാണ്.

കുളിമുറിയില്‍ എല്ലാവരും നഗ്നരായത് കൊണ്ട് തന്നെ ആര്‍ക്കും ആരെയും ഒരു വിലയുമില്ല. സാധാരണ പ്രവര്‍ത്തകന്‍ വിചാരിച്ചാല്‍ സുരേന്ദ്രന്റെ സ്ഥാനം നിലനിര്‍ത്താനോ ഇല്ലാതാക്കാനോ കഴിയില്ല. കേന്ദ്രനേതൃത്വം കെട്ടിയിറക്കുന്നതാണ് സംസ്ഥാന നേതൃത്വത്തെ. ചാക്കുകെട്ടുകള്‍ കൊടുത്തയക്കുന്നതും അവരാണ്.

കേന്ദ്ര നേതൃത്വം കേള്‍ക്കുന്ന ശബ്ദം സാമൂഹ്യ മാധ്യമങ്ങളിലെ സങ്കികളുടേതാണ്, പ്രധാനമായും ഫേസ്ബുക്കുകാരുടെ. ചുരുക്കം ചിലരൊഴിച്ചു മിക്ക ഫേസ്ബുക്ക് സങ്കികള്‍ക്കും പണമൊന്നും കിട്ടുന്നില്ല. സൗജന്യ സേവനമാണവരുടേത്.

പണമല്ലെങ്കില്‍ പിന്നെ എന്താണ് ഫേസ്ബുക്ക് സങ്കികള്‍ക്ക് വേണ്ടത്. പരദൂഷണം പറയുമ്പോള്‍ കിട്ടുന്ന ചുമ്മാ സുഖം, മിഡ് ലൈഫ് ക്രൈസിസില്‍ നിന്നുള്ള ചെറിയ ഡിസ്ട്രാക്ഷന്‍, കല്യാണ വീടുകളില്‍ ചെറുപ്പക്കാരെ വെറുപ്പിച്ചു കൊണ്ടിരുന്ന കേശവ മാമന്മാര്‍ക്ക് കുറച്ചു കൂടെ വലിയ ഓഡിയന്‍സ്, നാട്ടിലും വീട്ടിലും ഒരു വിലയുമില്ലാതെ ഹാന്‍സും തംബാഖും വച്ച് ബോറടിക്കുമ്പോള്‍ കുറച്ചു വര്‍ഗീയത, മുപ്പത്തഞ്ചും നാല്പതും വയസായിട്ടും കാമുകിയോ ഭാര്യയോ ഇല്ലാതെ ജീവിക്കുമ്പോഴുള്ള ഫ്രസ്റ്റുവഷന്‍ കുറക്കാന്‍ കുറച്ചു ലൈക്കുകള്‍, ഇത്രയൊക്കെയെ അവര്‍ക്ക് വേണ്ടൂ.

വിദേശ പൗരത്വം കിട്ടിയെങ്കിലും അവിടുത്തെ സമൂഹത്തിലോ രാഷ്ട്രീയത്തിലോ ഒരു പ്രാതിനിധ്യവും ഇല്ലാതെ ജീവിക്കുന്നവര്‍ക്ക് ഫേസ്ബുക്കിലൂടെ നാട്ടില്‍ കുനുഷ്ടും കുത്തിത്തിരിപ്പുണ്ടാക്കി നാല് ഷെയറും ലൈക്കും കിട്ടുമ്പോള്‍ കിട്ടുന്ന ആശ്വാസം നാട്ടില്‍ ജീവിക്കുന്നവര്‍ക്ക് മനസ്സിലാകില്ല.

ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദുമൊക്കെ പറഞ്ഞു ബോറടിച്ച് വേറെ വിഷയമൊന്നുമില്ലാതെ ഹെലികോപ്റ്ററില്‍ പറന്നു നടന്നു എല്ലാ സീറ്റിലും തോല്‍പ്പച്ച സുരേന്ദ്രന്റെ നെഞ്ചത്തേക്ക് കയറാന്‍ തുടങ്ങിയ ഫേസ്ബുക്ക് സങ്കികള്‍ക്ക് സുരേന്ദ്രന്‍ എറിഞ്ഞു കൊടുത്ത എല്ലിന്‍ കഷ്ണമാണ് തുപ്പല്‍ വിവാദം.

ഇനി അവന്മാര്‍ കുറച്ചു കാലം അതും കടിച്ചു പിടിച്ചു കൊണ്ട് നടന്നോളും എന്ന് അരിഭക്ഷണം കഴിച്ചു വളര്‍ന്ന സുരേന്ദ്രനറിയാം, വെറും അരിയല്ല, ഖൈമ ബിരിയാണി റൈസ്.

ഇത് കൊണ്ടൊന്നും പാര്‍ട്ടി വളരില്ലെന്നും സുരേന്ദ്രനറിയാം. മുസ്‌ലിങ്ങള്‍ സംഘടിതമായി വോട്ട് ചെയ്തു ബി.ജെ.പിയെ തോല്‍പ്പിച്ചത് കൊണ്ടാണ് സംപൂജ്യരായത് എന്ന് സുരേന്ദ്രന്‍ തന്നെ കണ്ടുപിടിച്ചതാണ്. ചാന്‍സ് കിട്ടിയാല്‍ മുസ്‌ലിങ്ങള്‍ക്ക് പണി കൊടുക്കാന്‍ നടക്കുന്ന പാര്‍ട്ടിയെ സംഘടിച്ചു തോല്‍പ്പിക്കാതിരിക്കാന്‍ മുസ്‌ലിങ്ങള്‍ കഴിക്കുന്ന ബിരിയാണിയൊക്കെ അരിയിലല്ലാതെ ഗോതമ്പിലുണ്ടാക്കിയതായിരിക്കണം.

ഇനിയിപ്പം വര്‍ഗീയത കുറച്ചു കൂടെ മൂപ്പിച്ചാല്‍ ബി.ജെ.പിയുടെ ചാന്‍സ് ഇനിയും കുറയുകയേ ഉള്ളൂവെന്നും സുരേന്ദ്രനറിയാം, അതേ ബിരിയാണി തന്നെയാണല്ലോ സുരേന്ദ്രനും കഴിക്കുന്നത്. പാര്‍ട്ടി വളര്‍ന്നില്ലെങ്കിലും തുപ്പല്‍ വിവാദം സുരേന്ദ്രന്റെ സ്ഥാനം ഉറപ്പിച്ചു, അത് വഴി ചാക്ക് കെട്ടുകളും.

ഈ അരിയിലൊന്നും ബിരിയാണി വേവില്ല എന്ന് കേരളം പല പ്രാവശ്യം തെളിയിച്ചതാണ്. എന്തെങ്കിലും ഒരു ചാന്‍സ് ഉണ്ടായിരുന്നെങ്കില്‍ പി.സി. ജോര്‍ജ് ഇപ്പോള്‍ നിയമസഭയിലിരുന്നേനെ. അമ്മാതിരി വര്‍ഗീയതയും സോഷ്യല്‍ എഞ്ചിനീറിംഗുമാണ് പി.സി. കളിച്ചത്. അമേരിക്കയിലും ആസ്‌ട്രേലിയയിലും ഇരുന്ന് ഫേസ്ബുക്കിലൂടെ വര്‍ഗീയത പറഞ്ഞവര്‍ നാട്ടില്‍ വന്നു വോട്ടു ചെയ്യില്ല എന്ന് പി.സിക്ക് മനസ്സിലായില്ല.

ഏതെങ്കിലും ഒരു വിഭാഗത്തെ ഒറ്റപ്പെടുത്തി നടത്തുന്ന സോഷ്യല്‍ എഞ്ചിനീയറിംഗ് കേരളം പോലുള്ള ഒരു സ്ഥലത്തു എല്ലാവരെയും തകര്‍ക്കും എന്ന് പി.സിക്കറിയില്ലെങ്കിലും നാട്ടുകാര്‍ക്കറിയാം. നിയമസഭയിലിരുന്നിരുന്ന പി.സി. ജോര്‍ജ് ഇപ്പോള്‍ തല്ലിപ്പൊളി യൂട്യൂബ് ചാനലുകാര്‍ക്ക് വ്യൂവര്‍ഷിപ്പും അതുവഴി കാശും ഉണ്ടാക്കി കൊടുത്തു ജീവിക്കേണ്ടി വന്നത് കേരളീയരുടെ ആ തിരിച്ചറിവ് കൊണ്ടാണ്

അത് തന്നെയാണ് ലവ് ജിഹാദ് വിവാദത്തിന്റെയും കഥ. മുസ്‌ലിം കുട്ടികളും ഹിന്ദു കുട്ടികളും തമ്മില്‍ അകല്‍ച്ച വരാനായി പതിറ്റാണ്ടുകള്‍ ക്യാമ്പയിന്‍ നടത്തിയിട്ട് കാമ്പസുകളില്‍ കുട്ടികള്‍ ഇപ്പോഴും ഒരകല്‍ച്ചയും ഇല്ലാതെയാണ് ജീവിക്കുന്നത്. മിശ്ര പ്രണയങ്ങളും വിവാഹങ്ങളും മറ്റേന്നേക്കാളും കൂടുതലാണ്.

വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ വിദ്വേഷം നിറഞ്ഞ മനസുമായി സ്വന്തം ആയുസ് നശിപ്പിച്ചത് മിച്ചം. ആരെയും സ്‌നേഹിക്കാതെയും ആരാലും സ്‌നേഹിക്കപ്പെടാതെയും ജീവിച്ചു മരിക്കുന്നവര്‍ ഫേസ്ബുക്കിലുള്ളത്ര നാട്ടിലില്ല.

ഫേസ്ബുക്ക് സങ്കികളെ സുരേന്ദ്രന് മനസിലായത് പോലെ മനസിലാക്കാന്‍ പറ്റാഞ്ഞതാണ് വാര്യര്‍ക്ക് പറ്റിയത്. വായനാശീലമുള്ള വാര്യര്‍ ഈയടുത്ത് പുറത്തു വന്ന ഫേസ്ബുക്കിന്റെ ഇന്റെര്‍ണല്‍ ഡോക്യൂമെന്റെങ്കിലും വായിച്ചു നോക്കേണ്ടതായിരുന്നു. അന്യവിദ്വേഷം, വര്‍ഗീയത, റേസിസം, തുടങ്ങിയവക്കൊക്കെയേ ലൈക്കും ഷെയറുമൊക്കെ കിട്ടൂ എന്നും അതിനനുസരിച്ചാണ് അല്‍ഗോരിതം സെറ്റ് ചെയ്യുന്നതെന്നും ആ ഡോക്യൂമെന്റുകളിലുണ്ട്.

സങ്കികള്‍ മാത്രം ഫോളോവെഴ്സുള്ള വാര്യര്‍ സമത്വത്തെയും സഹോദര്യത്തെയും പറ്റി പോസ്റ്റിടുന്നത് ട്രെയിന്‍ ടോയ്ലെറ്റില്‍ സുഗതകുമാരി ടീച്ചറുടെ കവിത എഴുതിവെക്കുന്നത് പോലെയാണ്. അവിടെ ആഭാസമേ പാടുള്ളൂ. തിരുത്തിയത് ഏതായാലും നന്നായി. ഇല്ലെങ്കില്‍ വാര്യരുടെ കഞ്ഞികുടി മുട്ടിയേനെ.

ഹോട്ടലുകളൊന്നും പൂട്ടാന്‍ പോവുന്നില്ല. മനുഷ്യര്‍ രുചിയുള്ള ഭക്ഷണം തേടി നടക്കുകയാണ്. മതവും ജാതിയുമൊന്നും നോക്കിയല്ല ആള്‍ക്കാര്‍ ഹോട്ടലില്‍ കയറുന്നത്. കേരളത്തില്‍ മരുന്നിനു പോലുമില്ലാത്ത ഉഡുപ്പി ബ്രാഹ്‌മണറുടെ റസ്റ്റോറന്റുകള്‍ കേരളത്തിലെ എല്ലാ നഗരങ്ങളിലുമുണ്ട്. അവിടെയൊക്കെ കയറി മുസ്‌ലിങ്ങളും ഹിന്ദുക്കളുമൊക്കെ ഇഡ്ഡലിയും മസാലദോശയുമൊക്കെ കഴിക്കുന്നുണ്ട്.

ശരവണാഭവനും കെ.എഫ്.സിയും പിസഹട്ടും ഒരേ ഫുഡ് കോര്‍ട്ടിലുണ്ട്. അതിന്റെ കൂടെ ബിരിയാണിയും കബാബും കുഴിമന്തിയും പൊറാട്ടയും ബീഫ് ഫ്രൈയുമൊക്കെയുണ്ട്.

ആളുകള്‍ വൈവിധ്യവും രുചിയുമുള്ള ഭക്ഷണം തപ്പി നടക്കുകയാണ്. എല്ലാ ദിവസവും ഒരേ ഭക്ഷണം കഴിക്കാന്‍ മനുഷ്യര്‍ ബ്രോയ്‌ലര്‍ കോഴികളല്ല. അതുകൊണ്ട് തന്നെ എല്ലാ തരം ഹോട്ടലുകള്‍ക്കും അവസരമുണ്ട്. മനുഷ്യന്റെ അടിസ്ഥാന സ്വഭാവം ആക്രാന്തമാണെന്ന് ഫ്രോയ്ഡ് പറഞ്ഞിട്ടില്ലെങ്കിലും നല്ല ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കറിയാം.

നല്ല ഭക്ഷണം കൊടുത്താല്‍ നാട്ടുകാര്‍ വാങ്ങി തിന്നോളും. ഹോട്ടല്‍ ബിസിനെസ്സില്‍ വൈവിധ്യവും മോഡെര്‍നിറ്റിയും ഇന്വേസ്‌റ്‌മെന്റും പ്രൊഫെഷണലിസവും കൊണ്ട് വരുന്നവര്‍ വിജയിക്കും. അല്ലാത്തവര്‍ പരാജയപ്പെടും. ഇതിനു മുമ്പ് ഇവിടെ പറഞ്ഞതായത് കൊണ്ട് ഇനിയും എഴുതുന്നില്ല  (https://www.doolnews.com/farook-writes-about-christian-muslim-conflict-698.html )

ഈ കാലവും കഴിവും. തുപ്പല്‍ വിവാദവും അവസാനിക്കും. മുസ്‌ലിം കല്യാണ വീടുകളില്‍ ബിരിയാണി ചെമ്പ് തുറക്കുമ്പോള്‍ സുരേന്ദ്രന്‍ ഇനിയും ഹാജരുണ്ടാകും, ഉറപ്പ്.

ഫാറൂഖിന്റെ മറ്റ് ലേഖനങ്ങള്‍ വായിക്കാം

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Farooq on Halal Food and K Surendran’s Hate Campaign

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more