ജനം ടീവി റേറ്റിംഗ് : ക്ഷുഭിത വാര്‍ധക്യങ്ങള്‍ക്കും ഒരു എന്റര്‍ടൈന്‍മെന്റ്
Opinion
ജനം ടീവി റേറ്റിംഗ് : ക്ഷുഭിത വാര്‍ധക്യങ്ങള്‍ക്കും ഒരു എന്റര്‍ടൈന്‍മെന്റ്
ഫാറൂഖ്
Friday, 18th January 2019, 3:40 pm

 

“ഒരു കോടി വായനക്കാര്‍!” – മലയാള മനോരമ വാരികയുടെ തൊണ്ണൂറുകളുടെ ആദ്യവര്‍ഷങ്ങളിലെ പരസ്യ വാചകമായിരുന്നു അത്. മൂന്നു കോടിയില്‍ താഴെയായിരുന്നു കേരളത്തിന്റെ ജനസംഖ്യ. അതേസമയം തന്നെ മംഗളം വാരികയുടെ പരസ്യം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വരിക്കാറുള്ള വാരിക എന്നായിരുന്നു. കേരളത്തിലെ മിക്ക കടകളുടെയും മുമ്പില്‍ അക്കാലങ്ങളില്‍ തൂക്കിയിട്ടിരുന്ന നിരവധി വാരികകളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണമായിരുന്നു മനോരമയും മംഗളവും. മുത്തുച്ചിപ്പി, കുമാരി തുടങ്ങിയ വാരികകള്‍ വേറെയുമുണ്ടായിരുന്നു. മാതൃഭൂമിയും കലാകൗമുദിയും ആയിരുന്നു പ്രധാനപ്പെട്ട മറ്റുള്ളവ, പക്ഷെ വായനക്കാരുടെ എണ്ണം അവര്‍ പരസ്യം ചെയ്യാറില്ലായിരുന്നു, വളരെ തുച്ഛമായിരുന്നിരിക്കണം.

അക്കാലത്തു സാംസ്‌കാരിക കേരളത്തിന്റെ ഏറ്റവും വലിയ വേവലാതിയായിരുന്നു പൈങ്കിളി പ്രസിദ്ധീകരണങ്ങള്‍ എന്നറിയപ്പെട്ടിരുന്ന ഇത്തരം വാരികകള്‍. മുട്ടത്തു വര്‍ക്കിയുടെ പാടാത്ത പൈങ്കിളി എന്ന മംഗളം വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഒരു ഒരു നോവലിന്റെ പേരിന്റെ ചുവടു പിടിച്ചു വന്ന ഒരു വാക്കായിരുന്നു അത്. മിക്കവാറും വരികകളുടെ പേരുകള്‍ മ എന്ന അക്ഷരം വച്ച് തുടങ്ങുന്നത് കൊണ്ട് മ-പ്രസിദ്ധീകരണങ്ങള്‍ എന്നും പറയാറുണ്ടായിരുന്നു. ഇത്തരം വാരികകള്‍ക്കെതിരെയുള്ള ബോധവത്കരണങ്ങള്‍, പ്രഭാഷണങ്ങള്‍, വാരികകള്‍ കത്തിച്ചു കൊണ്ടു നടത്തുന്ന പ്രതിഷേധങ്ങള്‍ ഒക്കെ അക്കാലത്തു പതിവായിരുന്നു. ഇത്തരം ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ ചെന്ന ഒരു സാംസ്‌കാരിക സംഘടനയിലെ പ്രവര്‍ത്തകരോട് ഇ.കെ നായനാര്‍ സരസമായി പറഞ്ഞ മറുപടിയാണിത് “എല്ലാവര്‍ക്കും വേണ്ടെടോ എന്തെങ്കിലും ഒരു എന്റര്‍ടൈന്‍മെന്റ്?”

തിരിഞ്ഞു നോക്കുമ്പോള്‍, ടി.വി സീരിയല്‍, മൊബൈല്‍ ഫോണ്‍, ഫേസ്ബുക്ക് , വാട്‌സ്ആപ് തുടങ്ങി യാതൊന്നും ഇല്ലാത്ത കാലം, യാത്ര പോകുക, കുക്കറി ഷോ കണ്ടു പുതിയ വിഭവങ്ങള്‍ ഉണ്ടാക്കുക തുടങ്ങി പ്രത്യേകിച്ച് യാതൊരു എന്റെര്‍റ്റൈന്മെന്റും ഇല്ല. കൊല്ലത്തില്‍ രണ്ടോ മൂന്നോ തവണ സിനിമക്ക് പോകും, അതായിരുന്നു ഒരു ശരാശരി മലയാളി. ഈ വിരസതക്കിടയിലാണ് പൈങ്കിളി വാരികകള്‍ കടന്നു വരുന്നത്. മാതൃഭൂമി, കലാകൗമുദി എന്നിവ വായിക്കുന്ന അപൂര്‍വം ചിലര്‍ക്കൊഴിച്ചു ബാക്കി മുഴുവന്‍ പേര്‍ക്കും ആശ്രയമായിരുന്നു പൈങ്കിളി വാരികകള്‍. 1998 ഇല്‍ ഏഷ്യാനെറ്റ് സ്ത്രീ എന്ന പരമ്പര സംപ്രേക്ഷണം ആരംഭിച്ചതോടെ കേരളം പിന്നെയും മാറി. പൈങ്കിളി വാരികകളിലൂടെ ആനന്ദം കണ്ടെത്തിയ ഭൂരിഭാഗം പേരും ടി.വി പാരമ്പരകളിലേക്ക് മാറി. ഇന്ന് ഇപ്പറഞ്ഞ വാരികകള്‍ ആരെങ്കിലും വായിക്കുന്നുണ്ടോ എന്നറിയില്ല, ഏതയായാലും അത് സാംസ്‌കാരിക കേരളത്തിന്റെ വേവലാതിയല്ല ഇപ്പോള്‍. പൈങ്കിളി പ്രസിദ്ധീകരണങ്ങള്‍ വരുന്നതിനു മുമ്പ്, അതായതു എഴുപതുകള്‍ക്കു മുമ്പേ, കേരളത്തിന്റെ പൊതു വിനോദങ്ങള്‍ പരദൂഷണങ്ങള്‍ പറയുക, ചീട്ടു കളിക്കുക തുടങ്ങിയവയായിരുന്നിരിക്കും എന്ന് തോന്നുന്നു, കൃത്യമായ നിരീക്ഷണമല്ല.

ഇന്ന് പ്രായത്തിനനുസരിച്ച് എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം വിനോദങ്ങളുണ്ട്. കൊച്ചു കുട്ടികള്‍ക്ക് പോഗോ, കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക് തുടങ്ങിയ ചാനലുകള്‍, കൗമാരക്കാര്‍ക്ക് പ്ലെയ്സ്റ്റേഷന്‍, എക്‌സ്-ബോക്‌സ് തുടങ്ങി അനവധി വീഡിയോ ഗെയിമുകള്‍, ടീനേജുകാര്‍ക്ക് സ്‌നാപ്പ്ചാറ്റ് പോലുള്ള നിരവധി ചാറ്റ് ആപ്പുകള്‍, യുവാക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാം, മധ്യ വയസ്‌കര്‍ക്ക് ഫേസ്ബുക്കും വാട്‌സാപ്പും. ഇതൊന്നും കൂടാതെ പ്രായ വ്യത്യാസമില്ലാതെയുള്ള വിനോദ സൗകര്യങ്ങള്‍ വേറെയും, ഉദാഹരണത്തിന്, ഇഷ്ടം പോലെ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യങ്ങള്‍, കൊല്ലത്തില്‍ ഒന്നോ രണ്ടോ തവണ യാത്രകള്‍ പോകാനുള്ള സാമ്പത്തികാവസ്ഥ, നഗരങ്ങളിലുള്ളവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ ഹോട്ടലുകളില്‍ പോയി ഭക്ഷണം, കുക്കറി ഷോ കണ്ട് അതിനനുസരിച്ചു വിഭവങ്ങള്‍ ഉണ്ടാക്കി കഴിക്കാനുള്ള സൗകര്യങ്ങള്‍ മുതലായവ. പക്ഷെ ഇതിലൊന്നും പെടാത്ത വലിയ ഒരു വിഭാഗം നമ്മുടെ ഇടയിലുണ്ട്, റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞവര്‍. നമ്മുടെ വാട്‌സാപ്പ് തമാശകളിലെ ഏറ്റവും പ്രായമുള്ള കേശവ മാമന് പോലും അറുപത് വയസിനു താഴെ മാത്രമാണ് പ്രായം.

ക്ഷുഭിത യൗവനം ( angry young man ) എന്ന വാക്കിന്റെ ചുവടു പിടിച്ചു തൊണ്ണൂറുകളില്‍ സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ ഉപയോഗിച്ച് തുടങ്ങിയ ഒരു വാക്കാണ് ക്ഷുഭിത വാര്‍ധ്യക്യം ( angry old man ). എഴുപതുകളിലും എണ്‍പതുകളിലും വ്യാപകമായി ഉപയോഗിക്കപ്പെട്ട ഒരു വാക്കായിരുന്നു ക്ഷുഭിത യൗവനം. മന്‍മോഹന്‍ സിങ്ങിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വരുന്നതിനു മുമ്പ് അവസരങ്ങള്‍ വളരെ കുറവായിരുന്ന യുവാക്കള്‍ക്ക് പി.എസ്.സി പരീക്ഷ എഴുതി കാത്തിരിക്കുക എന്നതായിരുന്നു ഒരേ ഒരു ഓപ്ഷന്‍. ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ യുവജന സംഘടനകളുടെ പ്രധാന ആവശ്യം തൊഴിലില്ലായ്മ വേതനം നേടിയെടുക്കുക എന്നതായിരുന്നു എന്ന് മാത്രമല്ല കേരളം കണ്ട ഏറ്റവും വലിയ യുവജന സമരം 1986 ല്‍ തൊഴില്‍ നല്‍കൂ എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തിയ മന്ത്രിമാരെ വഴിയില്‍ തടയല്‍ സമരമായിരുന്നു. വ്യവസ്ഥിതിയോടുള്ള അടങ്ങാത്ത ക്ഷോഭമായിരുന്നു യുവാക്കളുടെ മുഖമുദ്ര, മനസ്സ് കൊണ്ടെങ്കിലും വിപ്ലവകാരികളായിരുന്നു എല്ലാവരും. തൊണ്ണൂറുകള്‍ക്ക് ശേഷം പൊടുന്നനെ കൈവന്ന അവസരങ്ങളും വിനോദ ഉപാധികളും കാരണം യുവാക്കളുടെ ക്ഷോഭം ക്ഷമിച്ചു, പക്ഷെ ക്ഷോഭിതരായ പുതിയ വിഭാഗം പൊടുന്നനെ ഉയര്‍ന്നു വന്നു – ക്ഷുഭിത വാര്‍ധക്യം.

1996 ലായിരുന്നു ഓസ്ട്രേലിയയില്‍ നിന്ന് കുടിയേറിയ റുപേര്‍ട് മര്‍ഡോക് അമേരിക്കയില്‍ ഒരു ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നത് – ഫോക്‌സ് ന്യൂസ്. റോജര്‍ അയല്‍സ് ആയിരുന്നു സിഇഒ. 2016 ഇല്‍ ലൈംഗികാരോപണങ്ങളില്‍ കുടുങ്ങി രാജി വയ്ക്കുന്നത് വരെ അദ്ദേഹം തന്നെയായിരുന്നു സിഇഒ. തുച്ഛമായ ബഡ്ജറ്റിലായിരുന്നു തുടക്കം. ഫോക്‌സ് ന്യൂസ് തുടങ്ങി ആദ്യത്തെ മൂന്നു മാസത്തിനുള്ളില്‍ തന്നെ റോജര്‍ ഐയ്ല്‍സിനു ഒരു കാര്യം മനസ്സിലായി, മുഴുവന്‍ നഗരങ്ങളിലും ന്യൂസ് ബ്യുറോകളും റിപോര്‍ട്ടര്‍മാരും എണ്ണം പറഞ്ഞ പത്രപ്രവര്‍ത്തകരും എഡിറ്റര്‍മാരുമുള്ള എബിസി, ബിബിസി, സിബിഎസ് തുടങ്ങിയ വാര്‍ത്താ ചാനലുകളുടെ കൂടെ ഫോക്‌സിന് മത്സരിക്കാന്‍ കഴിയില്ല. വാര്‍ത്തക്ക് വേണ്ടി ചാനല്‍ കാണുന്നവര്‍ ഒരിക്കലും ഫോക്‌സ് കാണില്ല, ഫോക്‌സ് നിലനില്‍ക്കണമെങ്കില്‍ പുതിയ ഒരു വിഭാഗം പ്രേക്ഷകരെ വേണം. അങ്ങനെ റോജര്‍ അയില്‍സ് കണ്ടു പിടിച്ച പ്രേക്ഷക വിഭാഗമാണ് ക്ഷുഭിത വൃദ്ധന്മാര്‍. ഭൂത കാലത്തെ വാഴ്ത്തുക, ഇരുളടഞ്ഞ ഭാവിയെ പറ്റി ഭീതി പരത്തുക, ശാസ്ത്ര നിരാസം, അന്യമത വിദ്വേഷം, കുടിയേറ്റ ഭീതി, സെമിറ്റിക് ഫോബിയ, ഇസ്ലാമോഫോബിയ, ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍, ഫെമിനിസ്റ്റ് ഭീതി, തുടങ്ങി ക്ഷുഭിതനും അസംതൃപ്തനും ആയ വൃദ്ധന്മാര്‍ക്ക് താത്കാലിക ആശ്വാസത്തിന് എന്തൊക്കെ വേണമോ അതൊക്കെ നല്‍കാന്‍ തുടങ്ങി ഫോക്‌സ് ന്യൂസ്. ന്യൂസ് ടെലിവിഷന്‍ എന്നാല്‍ ചര്‍ച്ചകളും തര്‍ക്കങ്ങളും അട്ടഹാസങ്ങളും അലറലുമായി.

റോജര്‍ അയല്‍സിന്റെ ഈ തന്ത്രം ഫലം കണ്ടു. 1996 മുതല്‍ ഇതെഴുതുന്നത് വരെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് (TRP ) ഉള്ള ചാനല്‍ ആണ് ഫോക്‌സ് ന്യൂസ്. ഏറ്റവും വലിയ വിദ്വേഷ പ്രചാരകരായ രണ്ടവതാരകര്‍ രണ്ടു പതിറ്റാണ്ടോളം അമേരിക്കയിലെ ഏറ്റവും കാഴ്ചക്കാരുള്ള അവതാരകരായി തുടര്‍ന്നു, അതിലൊരാള്‍ – ഷോണ്‍ ഹാന്നിട്ടി ഇന്നും തുടരുന്നു, ബില്‍ ഓ റേലി ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് അടുത്ത കാലത്തു റിട്ടയര്‍ ചെയ്തു. ഫോക്‌സ് ന്യൂസ് പ്രേക്ഷകരുടെ ശരാശരി പ്രായം 65. വാര്‍ത്തകള്‍ക്കു വേണ്ടി ഇന്നും അമേരിക്കക്കാര്‍ ആശ്രയിക്കുന്നത് CNN, CBS തുടങ്ങിയ ചാനലുകളാണെങ്കിലും റേറ്റിങ്ങിന്റെ കാര്യത്തില്‍ ഒരിക്കല്‍ പോലും ഫോക്‌സ് ന്യൂസിനെ കടത്തി വെട്ടാന്‍ കഴിഞ്ഞിട്ടില്ല ഇവര്‍ക്കാര്‍ക്കും. റോജര്‍ അയല്‍സിന്റെ കണക്ക് ലളിതമാണ്, ജോലിയുള്ളവര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍ ഒക്കെ വാര്‍ത്താ ചാനല്‍ കാണുന്നത് പരമാവധി അഞ്ചോ പത്തോ മിനിറ്റ് ആണ്. രാവിലെ ജോലിക്കു പോകുന്നതിനു മുമ്പ് അല്ലെങ്കില്‍ ജോലി കഴിഞ്ഞു വന്നാല്‍ അഞ്ചോ പത്തോ മിനിറ്റ്. തിരഞ്ഞെടുപ്പ് ഫലം പോലെയുള്ള പ്രത്യേക പരിപാടികളില്ലാത്ത ദിവസങ്ങളില്‍ റേറ്റിംഗ് സ്വാധീനിക്കാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കില്ല. ജോലിക്ക് പോവാത്ത, മറ്റു വിനോദോപാധികളോ സുഹൃദ് സംഘങ്ങളോ ഇല്ലാത്തവര്‍ മാത്രമാണ് വാര്‍ത്താ ചാനലുകള്‍ ദീര്‍ഘ നേരം കാണുന്നത്. അവരാണ് റേറ്റിംഗ് നിയന്ത്രിക്കുന്നത്.

ഇതേ ഫോര്‍മാറ്റ് അമേരിക്കയിലെ നിരവധി പ്രാദേശിക ചാനലുകളും റേഡിയോകളും അനുകരിച്ചു. അന്താരാഷ്ട്ര തലത്തിലും അനുകരണങ്ങളുണ്ടായി. ഇന്ത്യയില്‍ ആദ്യമായി ഈ ഫോര്‍മാറ്റില്‍ ഒരു ചാനല്‍ ക്രമീകരിച്ചത് അര്‍ണാബ് ഗോസ്വാമിയാണ്. എടുത്തു പറയാന്‍ ഒരു റിപ്പോര്‍ട്ടര്‍ പോലുമില്ലാതെ പത്തു കൊല്ലത്തോളം അര്‍ണാബിന്റെ നേതൃത്വത്തില്‍ ടൈംസ്നൗ റേറ്റിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. മണിക്കൂറിനു 5000 രൂപ കൊടുത്തു ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന റിട്ടയേര്‍ഡ് പാകിസ്താനി മിലിറ്ററി ഉദ്യോഗസ്ഥരെ ചാനലില്‍ കൊണ്ട് വരിക, സഹ ഇന്ത്യന്‍ പാനെലിസ്റ്റുകളും അവതാരകനും ചേര്‍ന്ന് പാകിസ്താന്‍കാരനെ തെറിവിളിക്കുക, ഇതായിരുന്നു ടൈംസ്നൗവിന്റെ ഏറ്റവും വിജയകരമായ ഫോര്‍മുല. ടൈംസ്നൗ വിട്ട് റിപ്പബ്ലിക്ക് ടി.വി തുടങ്ങിയപ്പോള്‍ ചെറിയ ഒരു മാറ്റം ഉണ്ടായി, 5000 രൂപ കൊടുത്തു കൊണ്ട് വരുന്ന പാകിസ്താനി പാനലിസ്റ്റുകള്‍ക്ക് പകരം 2000 രൂപ കൊടുത്തു കൊണ്ട് വരുന്ന ഇന്ത്യന്‍ മുല്ലമാരായി അസഭ്യം കേട്ടിരിക്കേണ്ട പാനലിസ്റ്റുകള്‍. റിപ്പബ്ലിക്ക് ടി.വി യുടെ പ്രേക്ഷകരുടെ ശരാശരി പ്രായത്തിലും വലിയ വ്യത്യാസമുണ്ടാകാന്‍ വഴിയില്ല, കൃത്യമായ കണക്കില്ല, പരസ്യ ഏജന്‍സികളുടെ അനൗദ്യോഗിക സര്‍വേകള്‍ പ്രകാരം 60 നു മുകളിലാണ് മഹാ ഭൂരിഭാഗം പ്രേക്ഷകരുടെയും പ്രായം. കൂടെ ബോണസ് ആയി കിട്ടുന്ന അകാല വൃദ്ധരും ഉണ്ട്. കോളേജ് പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു ഭാവിയെ പറ്റി പ്രത്യേകിച്ച് പ്ലാനിങ്ങോ പ്രയത്നമോ , ചാറ്റ് ചെയ്യാന്‍ കാമുകിമാരോ ഇല്ലാതെ ഭൂതകാലം സംരക്ഷിക്കാന്‍ തേങ്ങയുമായി നടക്കുന്നവര്‍, ചെറുപ്പത്തിലേ വൃദ്ധരായവര്‍.

വര്‍ക്കിംഗ് പോപ്പുലേഷന്‍ ( ജോലിയെടുക്കുന്നവരുടെ ജനസംഖ്യ) അനുദിനം കുറയുന്ന ഒരു സംസ്ഥാനമാണ് കേരളം. ഒരു വിധം പഠനമികവ് പുലര്‍ത്തുന്നവര്‍ മുഴുവന്‍ ബിരുദ ശേഷം വിദേശത്തേക്കോ അല്ലെങ്കില്‍ ഇന്ത്യയില്‍ തന്നെയുള്ള മറ്റ് നഗരങ്ങള്‍ക്കോ കുടിയേറുന്നതാണ് ഇപ്പോള്‍ നടന്നു വരുന്ന രീതി. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ആയിരക്കണക്കിന് വീടുകളില്‍ വൃദ്ധ ദമ്പതികള്‍ മാത്രമാണ് താമസം. തൃശൂര്‍ നഗരത്തില്‍ താമസിക്കുന്ന ഒരു സൂഹൃത്ത് പറഞ്ഞതു അവന്‍ താമസിക്കുന്നതിന്റെ ചുറ്റു വട്ടത്തുള്ള ഏറ്റവും പ്രായം കുറഞ്ഞയാള്‍ക്ക് അമ്പതു വയസ്സായി എന്നാണ്. മലബാറിലെ പല വീടുകളിലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാസങ്ങളിലാണ് ചെറുപ്പക്കാരുണ്ടാകുന്നത്. ആയുര്‍ദൈര്‍ഘ്യം ദേശീയ ശരാശരി 65 ആണെങ്കില്‍ കേരളത്തില്‍ 74 ആണ് എന്ന് മാത്രമല്ല 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ ജനസംഖ്യയിലെ ആനുപാതം 2.3 ശതമാനം വച്ച് കൂടി കൊണ്ടിരിക്കുകയുമാണ് . സദാചാര ഗുണ്ടകള്‍, ആചാര സംക്ഷരകര്‍ തുടങ്ങിയവരിലെ വര്‍ധന കണക്കാക്കിയാല്‍ അകാല വാര്‍ദ്ധക്യം ബാധിച്ചവരിലും ക്രമാതീത വര്‍ദ്ധനവുള്ളതായി കാണാം.

ഈ സാമൂഹ്യ സാഹചര്യം പരിഗണിക്കുമ്പോള്‍, വാര്‍ത്താ ചാനലുകളുടെ റേറ്റിംഗില്‍ ജനം ടി.വി രണ്ടാം സ്ഥാനത്തെത്തിയതില്‍ നിങ്ങള്‍ക്ക് അത്ഭുതമുണ്ടോ? അവര്‍ ഒന്നാം സ്ഥാനത്തെത്താത്തതില്‍ ആണെനിക്കത്ഭുതം.

കഥാസാരം: മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളിലേ അവതാരകര്‍ ജനം ടി.വി യുടെ റേറ്റിംഗ് കണ്ട് അവരെ അനുകരിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ വലിയ വിഡ്ഢിത്തമില്ല. റേറ്റിംങ് കുറവായിരുന്നിട്ടും സി.എന്‍.എന്നിനാണ് ഫോക്‌സ് ന്യൂസിനെക്കാള്‍ പരസ്യംലഭിക്കുന്നത് , NDTV ക്ക് റിപ്പബ്ലിക് ടി.വി യെ അപേക്ഷിച്ചു പകുതി റേറ്റിംഗേ ഉള്ളുവെങ്കിലും പരസ്യ വരുമാനം ഇരട്ടിയോടടുത്താണ്- സര്‍ക്കാര്‍ പരസ്യങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍. കാരണം പരസ്യം നല്‍കുന്നവര്‍ കണക്കിലെടുക്കുന്നത് റേറ്റിംഗ് മാത്രമല്ല പ്രേക്ഷകരുടെ വാങ്ങല്‍ ശേഷി കൂടെയാണ്. അഞ്ചോ പത്തോ മിനിറ്റ് മാത്രം ടി.വീ കാണുന്ന വര്‍ക്കിംഗ് പോപുലേഷന് വാങ്ങല്‍ ശേഷി കൂടുതലാണെന്ന് പരസ്യം നല്കുന്നവര്‍ക്കറിയാം. എന്ന് വച്ച് ജനം ടി.വിക്കും പരസ്യം കിട്ടാതിരിക്കില്ല. ധന ലക്ഷ്മി യന്ത്രം, മുട്ട് വേദനക്കുള്ള തൈലം തുടങ്ങിയവയുടെ പരസ്യം അവര്‍ക്കും കിട്ടും. എല്ലാവരും ജീവിക്കട്ടെ. എല്ലാവര്‍ക്കും വേണ്ടേ എന്തെങ്കിലും ഒരു എന്റര്‍ടൈന്‍മെന്റ്.

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ