| Monday, 21st October 2019, 1:13 pm

ചാരിറ്റികള്‍ അവസാനിക്കട്ടെ !

ഫാറൂഖ്

പണ്ട്, എന്ന് പറഞ്ഞാല്‍ അത്ര പണ്ടൊന്നുമല്ല, തൊണ്ണൂറുകളുടെ തുടക്കം വരെ, സൗദിയിലെ ബാച്ചിലര്‍ റൂമുകളില്‍ സ്ഥിരമായി പിരിവുകാര്‍ വരും. ഇപ്പോള്‍ പിരിവുകാര്‍ വരാറില്ല എന്നല്ല, പക്ഷെ അന്നത്തെ ഒരു പ്രത്യേക പിരിവ് ഇന്നില്ല – ജയിലില്‍ കിടക്കുന്ന ഡ്രൈവര്‍മാരെ പുറത്തിറക്കാനുള്ള പിരിവ്. ഇന്‍ഷുറന്‍സ് എന്നത് ഹറാം അഥവാ നിഷിദ്ധം ആണെന്ന് മുസ്‌ലിം പണ്ഡിതന്മാര്‍ വിചാരിച്ചിരുന്ന കാലമായിരുന്നു അത്. സൗദിയില്‍ വണ്ടികള്‍ക്ക് ഇന്‍ഷുറന്‍സ് അന്നില്ല. വണ്ടി തട്ടുകയോ മുട്ടുകയോ ചെയ്താല്‍ ഓടിച്ചയാള്‍ നഷ്ടപരിഹാരം സ്വന്തം പോക്കറ്റില്‍ നിന്ന് കൊടുക്കണം, മരിച്ചാല്‍ ബ്ലഡ് മണിയും കൊടുക്കണം, ഇല്ലെങ്കില്‍ ജയിലിലാണ്.

ചെറിയ തുകകള്‍ക്ക് ജയിലില്‍ കിടക്കുന്ന നൂറുകണക്കിന് പാവപ്പെട്ട മലയാളി ഡ്രൈവര്‍മാരെ മറ്റുള്ളവര്‍ പിരിവെടുത്തു പുറത്തിറക്കും, അല്ലാത്തവര്‍ ജീവിതം ജയിലില്‍ നരകിച്ചു തീര്‍ക്കും. ഈ ഒരു രീതി സാംഗത്യമല്ല എന്ന തോന്നലില്‍ നിന്നായിരിക്കാം, തൊണ്ണൂറുകളുടെ തുടക്കത്തില്‍ കാര്‍ ഇന്‍ഷുറന്‍സ് എന്നത് ഹലാല്‍ അഥവാ അനുവദനീയമാണ് എന്നും വേണ്ടവര്‍ക്ക് അതെടുക്കാം എന്നും പണ്ഡിതന്മാര്‍ പുതിയ തീരുമാനത്തിലെത്തിയത്. തൊണ്ണൂറുകളുടെ അവസാനത്തില്‍, ഇന്‍ഷുറന്‍സ് ഫര്‍ള് അഥവാ നിര്‍ബന്ധം ആക്കുകയും ചെയ്തു. അതിനു ശേഷം ഡ്രൈവര്‍മാര്‍ ജയിലില്‍ നരകിക്കുന്നില്ല, അതിനോടനുബന്ധിച്ചുള്ള പിരിവുമില്ല.

ശാസ്ത്രീയമായി, വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ ഒരു മാനുഷിക പ്രശ്‌നം പരിഹരിക്കുന്നതിന്നതിന്റെ ഉദാഹരണമാണ് മുകളില്‍ പറഞ്ഞത്. നിര്‍ഭാഗ്യവാന്മാരായ മനുഷ്യരെ മറ്റുള്ളവരുടെ കാരുണ്യത്തിനു വിട്ടു കൊടുത്തു കൊണ്ടല്ല ആധുനിക സമൂഹം മുമ്പോട്ട് പോകേണ്ടത് എന്നതിന്റെ തെളിവ്. ഇന്ന് ഗള്‍ഫ് നാടുകളിലെ പ്രധാന പിരിവ്, ഓണ്‍ലൈനിലും ഓഫ്ലൈനിലും, കേരളത്തില്‍ രോഗാവസ്ഥയിലുള്ള മനുഷ്യര്‍ക്ക് വേണ്ടിയാണ്. ഹൃദയ ശസ്ത്രക്രിയ, കിഡ്നി, ലിവര്‍, മജ്ജ മാറ്റിവക്കല്‍ തുടങ്ങിയവക്ക് വേണ്ടി. നാട്ടില്‍ തന്നെയും നിരവധി പാലിയേറ്റിവ് സംഘടനകളും, നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന നിരവധി വളണ്ടിയര്‍മാരും, മത രാഷ്ട്രീയ സംഘടനകളും ഇതേ ആവശ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊക്കെ അഭിനന്ദനീയമാണെന്ന കാര്യത്തില്‍ സംശയമില്ല, പക്ഷെ ഇങ്ങനെയാണോ ഈ പ്രശ്‌നം നേരിടേണ്ടത് ?

പ്രധാനമായും രണ്ടു രീതിയിലാണ് ആധുനിക സമൂഹം ഈ പ്രശ്‌നത്തെ നേരിടുന്നത്. ആദ്യത്തേത് സര്‍ക്കാര്‍ തന്നെ മുഴുവന്‍ ജനങ്ങള്‍ക്കും ചികിത്സ ഏര്‍പ്പെടുത്തും, അതിനു വേണ്ടുന്ന ചിലവ് ഉയര്‍ന്ന ടാക്‌സ് പിരിവിലൂടെ കണ്ടെത്തും. ബ്രിട്ടന്‍, ക്യൂബ, ചില സ്‌കാന്ഡിനേവിയന്‍ രാജ്യങ്ങള്‍ തുടങ്ങിയവയാണ് ഉദാഹരണങ്ങള്‍. രണ്ടാമത്തേത് ഇന്‍ഷുറന്‍സ്. ജനങ്ങള്‍ മുഴുവന്‍ വാഹനങ്ങള്‍ക്ക് ചെയ്യുന്നത് പോലെ സ്വന്തം ശരീരത്തിനും ഇന്‍ഷുറന്‍സ് പോളിസി വാങ്ങണം. അങ്ങനെ വാങ്ങാന്‍ കഴിവില്ലാത്തവരെ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പോളിസി വാങ്ങാന്‍ സഹായിക്കും, പക്ഷെ സര്‍ക്കാര്‍ നേരിട്ട് ചികിത്സയ്ക്കില്ല. അമേരിയ്ക്ക, യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ ഉദാഹരണങ്ങള്‍. ഈ രണ്ടു രീതികളും സാമാന്യം നന്നായി നടക്കുന്നതാണ് മേല്‍ പറഞ്ഞ രാജ്യങ്ങളില്‍. പരാതികള്‍ ഒരു പാടുണ്ടാക്കാറുണ്ടെങ്കിലും.

ഒരു കണക്കിന് നോക്കിയാല്‍ കേരളത്തിന്റെ ആരോഗ്യ രംഗം ആദ്യം പറഞ്ഞ രീതിയില്‍, പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍, ചികിത്സ നല്‍കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. അതിനു വേണ്ടി ബഡ്ജറ്റില്‍ ഒരു പാട് പണം നീക്കി വയ്ക്കുന്നുമുണ്ട്. പക്ഷെ അത് ഫലപ്രദമാകാത്തതിനും, നാട്ടുകാര്‍ പിരിവെടുക്കേണ്ടി വരുന്നതിനും പല കാരണങ്ങളുണ്ട്. നമ്മള്‍ ഒരു ദരിദ്ര രാഷ്ട്രത്തിന്റെ ഭാഗമാണെന്നതും ജനസംഖ്യയില്‍ ടാക്‌സ് കൊടുക്കാന്‍ കഴിയുന്നവരുടെ ശതമാനം വളരെ കുറവാണ് എന്നതുമാണ് പ്രധാന പ്രശ്‌നങ്ങള്‍. ചികിത്സാ ചെലവ് കൂടി വരുന്നതും, ജനങ്ങള്‍ എല്ലാ രോഗങ്ങള്‍ക്കും ചികിത്സ തേടാന്‍ തുടങ്ങുന്നതും, ഡോക്ടര്‍മാര്‍ രോഗ നിര്‍ണയത്തിന് വേണ്ടി ആധുനിക സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതും, ആയുര്‍ ദൈര്‍ഘ്യം കൂടുന്നതും, പല കാരണങ്ങളില്‍ ചിലതാണ്.

പണ്ട് ചികില്‍സിക്കാതിരുന്ന പല രോഗങ്ങളും ഇന്ന് ആളുകള്‍ ചികിത്സിക്കുന്നുണ്ട്, അല്ലെങ്കില്‍ ചികിത്സ അര്‍ഹിക്കുന്നുണ്ട്, പ്രത്യേകിച്ച് ക്രിട്ടിക്കല്‍ അല്ല എന്ന് സര്‍ക്കാര്‍ കരുതുന്ന വാര്‍ധക്യ സംബന്ധമായ പല രോഗങ്ങള്‍ക്കും. ഉദാഹരണത്തിന് കാല്‍മുട്ട് ശസ്ത്രക്രിയ. രണ്ടു കാല്‍മുട്ടും മാറ്റി വയ്ക്കുന്ന ഒരു ശസ്ത്രക്രിയക്ക് ഏകദേശം മൂന്നു ലക്ഷത്തിനു മുകളിലാണ് ചിലവ്. പണക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ അത് താങ്ങാന്‍ കഴിയുന്നത്, പാവപ്പെട്ടവര്‍ വേദന തിന്ന് നിത്യദുരിതത്തില്‍ ജീവിക്കുകയാണ്. വാര്‍ധക്യത്തില്‍ നല്ലൊരു ശതമാനം പേര്‍ക്കും വേണ്ടി വരുന്ന അത്തരം ശസ്ത്രക്രിയകള്‍ ഇപ്പോഴത്തെ രീതിയില്‍ സര്‍ക്കാരിന് താങ്ങാന്‍ കഴിയില്ല, ചാരിറ്റികള്‍ക്കും.

ശസ്ത്രക്രിയകള്‍ മാത്രമല്ല, സ്ഥിരപരിചണം ആവശ്യമുള്ള മിക്കവാറും രോഗങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്ക് ചികിത്സ ലഭിക്കാന്‍ യാതൊരു മാര്‍ഗവുമില്ല, ഓര്‍മ്മക്കുറവ്, പക്ഷാഘാതം തുടങ്ങിയവ. കുടുംബങ്ങളിലെയോ നാട്ടിലെയോ കാരുണ്യമുള്ളവര്‍ വല്ലപ്പോഴും നല്‍കുന്ന പണമോ മരുന്നുകളോ ആയിരിക്കും മിക്കവാറും അത്തരക്കാരുടെ ആശ്രയം. സ്ഥിരമായ ആശുപത്രി വാസമോ പ്രൊഫഷണല്‍ പരിചരണമോ ഇത്തരക്കാര്‍ക്ക് ലഭിക്കാറില്ല, ഇപ്പോഴുള്ള നമ്മുടെ സര്‍ക്കാരിന്റെ ആരോഗ്യ പരിചരണ സംവിധാനത്തില്‍ ഇത്തരം രോഗികള്‍ക്ക് പരിചരണം നല്‍കണമെങ്കില്‍ ജനങ്ങള്‍ക്ക് താങ്ങാനാവാത്ത വിധത്തിലുള്ള ടാക്‌സ് വര്‍ധന വേണ്ടി വരും.

കേരള സര്‍ക്കാരിന്റെ ഇപ്പോഴുള്ള ടാക്‌സ് വരുമാനം മുഴുവന്‍ നീക്കി വച്ചാലും കാനഡയോ ബ്രിട്ടനോ ജനങ്ങള്‍ക്ക് കൊടുക്കുന്ന ചികിത്സയുടെ ഒരു പത്തു ശതമാനം പോലും കൊടുക്കാന്‍ കഴിയില്ല എന്നുറപ്പാണ്, ടാക്‌സ് പരിധി വിട്ടു വര്‍ധിപ്പിക്കുന്നതും പ്രായോഗികമല്ല. ബ്രിട്ടന്റെയും കാനഡയുടെയും അത്ര ചികിത്സാ സൗകര്യങ്ങള്‍ നമ്മള്‍ അര്‍ഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല, വേദനകള്‍ എല്ലാവര്‍ക്കും ഒരേ പോലെയാണ്, ചികിത്സ ലഭിക്കാനുള്ള അവകാശവും. കൂടെ ജീവിക്കുന്ന മനുഷ്യര്‍ ചികില്‍സിക്കാന്‍ പണമില്ലാതെ വേദനകള്‍ തിന്ന് ജീവിക്കേണ്ടി വരുന്നത് രോഗാതുരമായ സമൂഹത്തിന്റെ ലക്ഷണമാണ്. അത്തരം ഒരു സമൂഹത്തിന് നില നില്‍ക്കാന്‍ അവകാശമില്ല.

സമഗ്രവും നിര്‍ബന്ധിതവുമായ ഒരു ഇന്‍ഷുറന്‍സ് പദ്ധതിയെ പറ്റി നമ്മള്‍ ആലോചിക്കേണ്ട സമയമായി. മോട്ടോര്‍ ബൈക്കിനും കാറിനും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത് പോലെ മനുഷ്യ ശരീരത്തിനും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കണം. ഇന്‍ഷുറന്‍സ് അടക്കാന്‍ കഴിവില്ലാത്ത, കിടപ്പിലായവര്‍, സ്ഥിര ജോലിയില്ലാത്ത വിധവകള്‍, മാനസിക ആരോഗ്യം കുറഞ്ഞവര്‍, അംഗ വൈകല്യമുള്ളവര്‍, തുടങ്ങിയവരുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടക്കണം. അതിനു വേണ്ട തുക ഇപ്പോഴുള്ള ആരോഗ്യ രംഗത്തെ ചെലവ് കുറച്ചും അത്യാവശ്യം ടാക്‌സ് കൂട്ടിയും കണ്ടെത്തണം.

സമഗ്രമായ ഇന്‍ഷുറന്‍സ് എന്നാല്‍, ആരെയും ഒഴിച്ച് നിര്‍ത്താത്ത, ഒരസുഖത്തിനും ചികിത്സ നിഷേധിക്കാത്ത, എല്ലാ ആശുപത്രികളും പങ്കെടുക്കുന്ന, എല്ലാ പൗരന്മാര്‍ക്കും നിര്‍ബന്ധിതമായ രീതിയാണ്. അല്ലാതെ സര്‍ക്കാരുകള്‍ ഇടക്കിടക്ക് അവതരിപ്പിക്കുന്ന കണ്ണില്‍ പൊടിയിടല്‍ ഏര്‍പ്പാടുകളല്ല. എല്ലാവരും അടക്കുന്ന മുറക്ക് പ്രീമിയം തുക കുറഞ്ഞു വരികയും ചെയ്യും. ഇപ്പോഴത്തെ കേരളത്തിലെ അവസ്ഥയില്‍ നാലോ അഞ്ചോ പ്രാവശ്യം ബീവറേജില്‍ പോകുന്ന പണമേ ഒരാള്‍ പ്രീമിയം ആയി അടക്കേണ്ടി വരൂ. എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും, ഉദാഹരണത്തിനു, സ്‌കൂള്‍, കോളേജ് അഡ്മിഷന്‍, വസ്തു റെജിസ്‌ട്രേഷന്‍, പാസ്‌പോര്‍ട്ട് അപേക്ഷ തുടങ്ങിയവ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന നിലയിലാക്കണം. മിക്ക വികസിത രാജ്യങ്ങളും ഇപ്പോള്‍ അത് ചെയ്യുന്നുണ്ട്.

ഇന്ത്യയില്‍ ആദ്യമായി സമഗ്രമായ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കരണവും കൊണ്ട് വന്ന സംസ്ഥാനമാണ് കേരളം. ഇ എം എസിന്റെ നേതൃത്വത്തില്‍ അന്ന് നടത്തിയ പരിഷ്‌കരണങ്ങളുടെ ഗുണഫലം അനുഭവിച്ച തലമുറയാണ് നമ്മുടേത്. ആരോഗ്യ രംഗത്തെ സമഗ്രമായ പരിഷ്‌കരമാവട്ടെ പിണറായി വിജയന്‍ ഭാവി തലമുറക്ക് വേണ്ടി ചെയ്യുന്ന വിപ്ലവം. തുടക്കത്തില്‍ ഒരു പാട് പ്രശ്‌നങ്ങളുണ്ടാവും. അത് കാലങ്ങള്‍ കൊണ്ട് പരിഹരിക്കപ്പെടുകയും ചെയ്യും. ഒരു നൂറ്റാണ്ടോളമായി ഹെല്‍ത്ത് കെയര്‍ സംവിധാനം നിലനില്‍ക്കുന്ന അമേരിക്കയില്‍ പോലും ഇപ്പോഴും തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ച അതിലെ പ്രശ്‌നങ്ങളാണ്. നിരന്തരം പരിഷ്‌കരിക്കപ്പെടുന്ന ഒരു സംവിധാനമാണ് ഹെല്‍ത്ത് കെയര്‍, എന്നാലും എവിടെയെങ്കിലും വച്ച് തുടങ്ങാതെ പറ്റില്ല.

നേരത്തെ പറഞ്ഞത് പോലെ, മനുഷ്യര്‍ ചികില്‍സിക്കാന്‍ പണമില്ലാതെ വേദനകള്‍ തിന്ന് ജീവിക്കേണ്ടി വരുന്നത് രോഗാതുരമായ സമൂഹത്തിന്റെ ലക്ഷണമാണ്. അത്തരം ഒരു സമൂഹത്തിന് നില നില്‍ക്കാന്‍ അവകാശമില്ല. രോഗികളെ ചാരിറ്റിക്കാര്‍ക്കും ഭിക്ഷാടനത്തിനും വിട്ടു കൊടുക്കുന്നതാണ് നമ്മുടെ ഇപ്പോഴത്തെ രീതി, അത് കാലത്തെ അതിജീവിക്കില്ല.

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more