വിഷ്ണുക്കെണി
Opinion
വിഷ്ണുക്കെണി
ഫാറൂഖ്
Thursday, 26th April 2018, 11:16 pm

 

കഴിഞ്ഞ ആഴ്ച കൊടക് മഹിന്ദ്ര ബാങ്ക് ഉദ്യോഗസ്ഥന്‍ വിഷ്ണു നന്ദകമാര്‍ ഫേസ്ബുക്കില്‍ ഒരു പ്രസ്താവന നടത്തി, അത്യന്തം മനുഷ്യ വിരുദ്ധവും ജുഗുപ്‌സാവഹവുമായ ഒരു പ്രസ്താവന ആയതു കൊണ്ട് തന്നെ ഇവിടെ ഉദ്ധരിക്കുന്നില്ല, ഒരു പക്ഷെ വിഷ്ണുവിനെ എന്നെങ്കിലും കാണാനിടയായാല്‍ ഹസ്തദാനം ചെയ്യാന്‍ പോലും ഇതെഴുതുന്നയാള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല.

പക്ഷെ അതിനു ശേഷം ലിബറല്‍ എന്ന് സ്വയം വിളിക്കുന്നവരും ഭരണ ഘടന പൗരന്മാര്‍ക്കു നല്‍കിയ മൗലികാവകാശങ്ങള്‍ നില നിര്‍ത്താന്‍ പോരാടുന്നവരുമായ ഒട്ടേറെ പേര്‍ വിഷ്ണു ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് നേരിട്ടും, ഫോണ്‍, സോഷ്യല്‍ മീഡിയ എന്നിവ വഴിയും അയാളെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ സമ്മര്‍ദ്ദം ചെലുത്തി. ഇക്കൂട്ടത്തില്‍ എന്നെ അമ്പരപ്പിച്ചത് വാട്‌സാപ്പ് വഴി ലഭിച്ച ഒരു വീഡിയോ ആണ്. മനുഷ്യാവകാശങ്ങള്‍ക്കും മൗലികാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്നു എന്നവകാശപ്പെടുന്ന ഒരു അഡ്വക്കേറ്റ് പോലീസ് സ്റ്റേഷനില്‍ ഇരുന്നു വിഷ്ണുവിനെതിരെ കേസെടുക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് ആ വീഡിയോ, മറ്റുള്ള പലരെയും കൂടെ ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ ജയിലിലാക്കും എന്ന് അദ്ദേഹം ഭീഷണിപ്പെടുത്തുന്നുമുണ്ട് .

ഇനി ഒരു പഴയ കഥ

“ജൂതന്മാരെ മുഴുവന്‍ നാട് കടത്തണം, കറുത്തവരെ മുഴുവന്‍ ശ്മശാനത്തിലേക്കയക്കണം ” , ഒരു നീണ്ട വിദ്വേഷ പ്രസംഗത്തിലെ ഈ രണ്ടുവരികള്‍ പറഞ്ഞതിന് ബ്രാണ്ടന്‍ബര്‍ഗ് എന്ന ക്ലൂ ക്ലൂ ക്ലാന്‍നേതാവിനെ 10 കൊല്ലത്തെ തടവിനും 1000 ഡോളര്‍ പിഴക്കും ഓഹിയോയിലെ ഒരു കോടതി ശിക്ഷിക്കുന്നിടത്താണ് കഥ തുടങ്ങുന്നത് . അമേരിക്കയിലെ ഓഹിയോ സംസ്ഥാനത്തെ ഹാമില്‍ട്ടണ്‍ കൗണ്ടി കോടതി ജഡ്ജി സൈമണ്‍ലെസിന്റെ 1966 ലെ ഈ വിധിയാണ് അമേരിക്കന്‍ ചരിത്രത്തില്‍ ഇന്നും ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന നിയമ പോരാട്ടത്തിന് വഴി വെച്ചത്. അപ്പീലിനുള്ള അവകാശം അംഗീകരിച്ച കോടതി അപ്പീല്‍ സമയത്തു ബ്രാണ്ടന്‍ബര്‍ഗിന് പരോളും അനുവദിച്ചു .

 

ക്ലൂ ക്ലൂ ക്ലാന്‍ ( KKK ) എന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ അമേരിക്കയില്‍ വളര്‍ന്നു വന്ന വെള്ളക്കാരുടെ അധീശത്വത്തിനു വേണ്ടി വാദിക്കുന്ന സംഘടനയായിരുന്നു. മറ്റെവിടെയുമുള്ള ഭൂരിപക്ഷ വര്‍ഗീയ സംഘടനകളെ പോലെ തന്നെ ഇവരുടെയും പ്രചരണങ്ങള്‍ സര്‍ക്കാര്‍ ഭൂരിപക്ഷത്തെ അവഗണിക്കുന്നു, ന്യൂന പക്ഷങ്ങളായ കറുത്തവരും ജൂതന്മാരും ചേര്‍ന്ന് ഭൂരിപക്ഷത്തെ ഒതുക്കുന്നു, കറുത്ത ആണുങ്ങള്‍ വെളുത്ത പെണ്ണുങ്ങളെ വശീകരിച്ചു കല്യാണം കഴിക്കുന്നു, ജൂതന്മാര്‍ സ്വത്ത് മുഴുവന്‍ വാരി കൂട്ടുന്നു, അവര്‍ക്കു രാജ്യസ്‌നേഹമില്ല, ചോറിങ്ങും കൂറങ്ങും ആണ്, അങ്ങിനെ അങ്ങിനെ.

ശാഖകളില്‍ മുളവടി, തോക്കു, വടിവാള്‍ എന്നിവ കൊണ്ടുള്ള ആയുധ പരിശീലനം, രാത്രിയില്‍ ഒളിഞ്ഞിരുന്നു കറുത്തവരെ വെട്ടിയും വെടി വച്ചും ആക്രമിക്കുക, ജൂതന്മാരെ സാമൂഹ്യമായി ഒറ്റപ്പെടുത്തുക , കിംവദന്തികളും അപവാദങ്ങളും പ്രചരിപ്പിക്കുക തുടങ്ങിയതൊക്കെയായിരുന്നു പ്രധാന പ്രവര്‍ത്തനങ്ങള്‍ ( ഇന്ത്യയിലെ ഏതെങ്കിലും സംഘടനയുമായി ഗഗഗ ക്ക് സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് യാദൃശ്ചികമല്ല )

ആദ്യം അപ്പീല്‍ കോടതിയിലും പിന്നീട് ആവശ്യമെങ്കില്‍ സുപ്രീം കോടതിയിലും അപ്പീല്‍ പോവാന്‍ കോടതി, വക്കീല്‍ ചെലവുകള്‍ക്ക് വിദ്യാഭ്യാസമായ ജോലിയോ ഇല്ലാതിരുന്ന ബ്രാണ്ടന്‍ബര്‍ഗിന് പാങ്ങുണ്ടായിരുന്നില്ല. അങ്ങനെയാണ് ACLU ( അമേരിക്കന്‍ സിവില്‍ ലിബെര്‍ട്ടീസ് യൂണിയന്‍ ) എന്ന സംഘടനയെ സമീപിക്കാന്‍ ബ്രാന്‍ഡന്‍ബര്‍ഗ് ഗത്യന്തരമില്ലാതെ തീരുമാനിക്കുന്നത് . അന്ന് വരെ ACLU വിനെ പുച്ഛത്തോട് കൂടി മാത്രം കണ്ടിരുന്ന ബ്രാണ്ടന്‍ബര്‍ഗ്, ഇത്തരം സംഘടനകളെല്ലാം രാജ്യദ്രോഹികളെ സഹായിക്കുന്നവരാണെന്ന നിലപാടുകാരനായിരുന്നു . ACLU കള്ള കേസുകളില്‍ കുടുക്കപ്പെട്ട പാവപ്പെട്ട കറുത്ത വര്‍ഗക്കാരുടെ കേസുകളാണ് പ്രധാനമായും ഏറ്റെടുത്തിരുന്നത് .

 

ബ്രാണ്ടന്‍ബര്‍ഗിന്റെ കേസ് ഏറ്റെടുക്കണമോ എന്ന കാര്യത്തില്‍ ACLU വില്‍ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായി. കീഴ്‌കോടതി വിധി അഭിപ്രായ സ്വാതന്ത്യം എന്ന മൗലികാവകാശത്തെ ഹനിക്കുന്നതാണെന്നും സുപ്രീം കോടതിയില്‍ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ഒരു കൂട്ടര്‍ നിലപാടെടുത്തപ്പോള്‍ അഭിപ്രായ സ്വാതന്ത്രം വിദ്വേഷ പ്രസംഗത്തിനുള്ള സ്വാതന്ത്ര്യമല്ലെന്നും ബ്രാണ്ടന്‍ബര്‍ഗ് ശിക്ഷ അര്‍ഹിക്കുന്നുവെന്നും മറ്റൊരു കൂട്ടര്‍ പറഞ്ഞു. ഈ ഘട്ടത്തിലാണ് അല്ലന്‍ ബ്രൗണ്‍ എന്ന ഒരു വക്കീല്‍ ബ്രാണ്ടന്‍ബര്‍ഗിന്റെ കേസ് സൗജന്യമായി ഏറ്റെടുക്കാന്‍ മുന്നോട്ടു വരുന്നത് .

അല്ലന്‍ ഒരു ജൂതനായിരുന്നു, മാത്രമല്ല , പോളണ്ടില്‍ നിന്ന് അഭയാര്‍ഥികളായി വന്നവരായിരുന്നു അലന്റെ അച്ഛനമ്മമാര്‍. ഒരേ സമയം ജൂതന്മാക്കെതിരെ അമേരിക്കയില്‍ നിലനിന്നിരുന്ന ആന്റി-സെമിറ്റിക് വികാരത്തിന്റെയും അഭയാര്‍ഥികളെ പുറത്താക്കണമെന്ന വെള്ളക്കാരുടെ പൊതു വികാരത്തിന്റെയും ഇരയായിരുന്നു അല്ലന്‍. ബ്രാണ്ടന്‍ബര്‍ഗിന്റെ കേസ് ഏറ്റെടുക്കുവാനുള്ള അലന്റെ തീരുമാനത്തിന്റെ കാരണവും ഇത് തന്നെയായിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്യുന്നതു ഫലത്തില്‍ കറുത്ത വര്‍ഗക്കാര്‍ക്കും ജൂതന്മാര്‍ക്കും തിരിച്ചടി ആകുമെന്ന് അല്ലന്‍ ഭയന്നു. “ക്ലൂ ക്ലൂ ക്ലാന്‍ വിദ്വേഷ പ്രചാരണം നടത്തുന്നത് ശാഖകളിലൂടെയും കിംവദന്തികളിലൂടെയും ആണ്, അവരെ എതിര്‍ക്കുന്നവര്‍ക്ക് അത്തരം സൗകര്യങ്ങളൊന്നുമില്ല, മൗലികാവകാശങ്ങളും അഭിപ്രായ സ്വാതന്ത്രവുമാണ് നമുക്കുള്ള ആയുധങ്ങള്‍ ” അല്ലന്‍ വാദിച്ചു . ബ്രാണ്ടന്‍ബര്‍ഗ് കെ.കെ.കെ യുടെ ബലി ആണെന്നും അയാളുടെ ശിക്ഷ സുപ്രീം കോടതി ശരിവെക്കുകയാണെങ്കില്‍ പിന്നീട് ഏതൊരു പ്രസംഗവും എഴുത്തും വിദ്വേഷ പ്രസംഗമോ രാജ്യദ്രോഹമോ ആയി വ്യാഖ്യാനിക്കാന്‍ ഗവെര്‍മെന്റിനോ കോടതികള്‍ക്കോ കഴിയുമെന്നും പിന്നീട് അവശേഷിക്കുന്നത് ഗഗഗ യുടെ പ്രചാരണങ്ങള്‍ മാത്രമാവുമെന്നും അല്ലന്‍ കരുതി .

ക്ലൂ ക്ലൂ ക്ലാന്‍ സംഘം

 

അവസാനം ബ്രാണ്ടന്‍ബര്‍ഗിന്റെ കേസ് വാദിക്കാന്‍ ACLU  തീരുമാനിക്കുകയും വാദിക്കാന്‍ അലനെ ഏല്പിക്കുകയും ചെയ്തു .

അങ്ങനെ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സുപ്രധാന കേസുകളില്‍ ഒന്നിന്റെ വാദം ആരംഭിച്ചു ( Brandenburg v. Ohio, 395 U.S. 444 (1969) ). ലിയോന്‍ഡേര്‍ഡ് ക്രിസ്നെര്‍ എന്ന പ്രശസ്ത അഡ്വക്കേറ്റ് ആയിരുന്നു പ്രോസിക്യൂഷന് ( ഓഹിയോ സ്റ്റേറ്റ് ) വേണ്ടി വാദിച്ചത് , അല്ലന്‍ പ്രതിക്ക് വേണ്ടിയും. വാദം തുടങ്ങിയതോടെ അല്ലനെ സ്വന്തം സമുദായം ഒറ്റപ്പെടുത്താന്‍ തുടങ്ങി. ജൂതന്മാരെ നാട് കടത്താന്‍ ആവശ്യപ്പെട്ട ഒരാള്‍ക്ക് വേണ്ടി ഒരു ജൂതന്‍ കേസ് വാദിക്കുന്നു എന്നത് അവരെ പ്രകോപിപ്പിച്ചു. ഭീഷണികളും ഒറ്റപെടുത്തലുകളും വന്നു തുടങ്ങി, സ്വന്തം ഭാര്യ പോലും കുറ്റപ്പെടുത്താന്‍ തുടങ്ങി. അലെന്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്നു.

നീണ്ട വാദങ്ങള്‍ക്ക് ശേഷം 1969 ജൂണ്‍ 9 നു സുപ്രീം കോടതി വിധി പറഞ്ഞു , അലന്‍ ജയിച്ചു , ബ്രാണ്ടന്‍ബെര്‍ഗിനെ കോടതി വെറുതെ വിട്ടു. അന്നത്തെ കോടതി വിധിയിലെ ഈ വരികളാണ് ഇന്നും അമേരിക്കന്‍ കോടതികളില്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെടുന്നത്.

“… These later decisions have fashioned the principle that the constitutional guarantees of free speech and free press do not permit a State to forbid or proscribe advocacy of the use of force or of law violation except where such advocacy is directed to inciting or producing imminent lawless action and is likely to incite or produce such action.”

(ഏകദേശ തര്‍ജമ ) “അഭിപ്രായ സ്വാതന്ത്രത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ഭരണഘടന പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ള അവകാശങ്ങള്‍ അക്രമമോ നിയമ ലംഘനമോ പ്രോത്സാഹിക്കപ്പിക്കുന്നു എന്ന കാരണത്താല്‍ വിലക്കാനോ പരിമിതപ്പെടുത്താനോ സ്റ്റേറ്റിന് അധികാരമില്ല , നേരിട്ടും വ്യക്തമായും ഉടനെയും ഉള്ള അക്രമ ഭീഷണികള്‍ക്കൊഴിച്ചു”

ഈ വരികളാണ് പ്രസംഗങ്ങളിലൂടെയും എഴുതുകളിലൂടെയും രാജ്യദ്രോഹവും , അക്രമവും പടര്‍ത്താന്‍ ശ്രമിച്ചു എന്ന പേരില്‍ കള്ള കേസുകളില്‍ പെടുത്തപ്പെട്ട നൂറ് കണക്കിന് കറുത്ത വര്‍ഗക്കാര്‍ക്കും എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും യുദ്ധ വിരുദ്ധ പ്രക്ഷോഭകര്‍ക്കും തുണയായത്, ഇന്നും തുണയായിക്കൊണ്ടിരിക്കുന്നത്.

ഈ വിധിക്കു ശേഷം അമേരിക്കന്‍ നിയമ വൃത്തങ്ങളില്‍ പുതിയൊരു വാക്കു നിലവില്‍ വന്നു “ബ്രാണ്ടന്‍ബര്‍ഗ് ടെസ്റ്റ് “. ഒരു പ്രസംഗമോ എഴുത്തോ കുറ്റകരമാണോ അല്ലയോ എന്ന് പരിശോധിക്കാനുള്ള ടെസ്റ്റ് ആയി മാറി ഇത് . നേരിട്ടുള്ളതും ഉടനെ നടക്കാനുള്ളതും വ്യക്തവുമായ ഭീഷണികളല്ലാത്തതെല്ലാം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വന്നു. അഭിപ്രായ/ആവിഷ്‌കാര /മാധ്യമ സ്വാതന്ത്രത്തെ ഉയര്‍ത്തി പിടിക്കുന്ന ഒട്ടനവധി വിധികള്‍ പിന്നീട് അമേരിക്കയില്‍ ഉണ്ടായി.

 

ന്യൂയോര്‍ക് ടൈംസിന് പെന്റഗണ്‍ ഫയേലുകള്‍ പ്രസിദ്ധീകരിക്കാനുള്ള അനുമതി, ദേശീയ പതാക കത്തിക്കാനുള്ള അനുമതി , ഇറാഖ് യുദ്ധത്തിനെതിരെ സ്‌കൂളില്‍ പ്രകടനം നടത്തിയതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാനുള്ള വിധി , മുസ്‌ലിം/ഹിന്ദു/ജൂത വിശ്വാസങ്ങള്‍ പ്രകാരം ജീവിക്കാനുള്ള അവകാശങ്ങള്‍ ഉയര്‍ത്തി പിടിച്ചു കൊണ്ടുള്ള ഒട്ടനവധി വിധികള്‍ തുടങ്ങിയവെല്ലാം ഉദാഹരണങ്ങളാണ്.

2004 ഏപ്രില്‍ 1 നു , എണ്‍പത്തി നാലാമത്തെ വയസ്സില്‍ അല്ലന്‍ മരിച്ചു .

ഈ കഥയിലെ ചോദ്യം :
അല്ലന്‍ ബ്രൗണ്‍ നിങ്ങളാണെന്നും , കെ.കെ.കെ ആര്‍.എസ്.എസ് , ബ്രെണ്ടര്‍ബെര്‍ഗ് വിഷ്ണു ആണെന്നും സങ്കല്പിക്കുക. വിഷ്ണുവിനെ ജോലിയില്‍ തിരിച്ചെടുക്കാനും വിഷ്ണുവിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനും വേണ്ടി നിങ്ങള്‍ നിലകൊള്ളുമോ?

കഥാ-ശേഷം
” Mr . വൈസ് പ്രസിഡന്റ് , ഒരു സാധാരണക്കാരന്‍ ഈ വകുപ്പ് വായിച്ചു തുടങ്ങുമ്പോള്‍ വിചാരിക്കും ഇന്ത്യയിലെ ഓരോ പൗരനും സ്വാതന്ത്ര്യം പൂര്‍ണ അര്‍ഥത്തില്‍ തന്നെ കിട്ടി എന്ന് , തുടര്‍ന്ന് വായിക്കുമ്പോള്‍ മനസ്സിലാകും യാഥാര്‍ഥ്യം നേരെ തിരിച്ചാണെന്ന്”

1948 ഡിസംബര്‍ രണ്ടിന്, ഭരണഘടനാ നിര്‍മാണ സമിതിയില്‍ അഭിപ്രായ സ്വാതന്ത്രം മൗലികാവശമാക്കുന്ന വകുപ്പ് ചര്‍ച്ചക്കെടുത്തപ്പോള്‍ എച്ച്.ജെ ഖാണ്ഡേക്കര്‍ പറഞ്ഞ വരികളാണിത്. അന്ന് ചര്‍ച്ച ചെയ്യപ്പെട്ട ആര്‍ട്ടിക്കിള്‍ 13, പിന്നീട് ഭരണഘടനയില്‍ മൗലികാവകാശമായി വന്നു ( ആര്‍ട്ടിക്കിള്‍ 19 ) . ആര്‍ട്ടികള്‍ 19ന്റെ ഉപ വകുപ്പുകള്‍ അനുസരിച്ച് നിലവില്‍ ഇത്രയും കാര്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ട് – രാജ്യ സുരക്ഷാ, സുഹൃത്ത് രാജ്യങ്ങളുമായുള്ള ബന്ധങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍, പബ്ലിക് ഓര്‍ഡര്‍, സദാചാരം, കോടതിയലക്ഷ്യം, അക്രമ പ്രേരണ, രാജ്യത്തിന്റെ അഖണ്ഡത. ( ഇതില്‍ ചിലത് പിന്നീട് കൂട്ടിച്ചേര്‍ത്തവയാണ് )

ഇത്രയും നിബന്ധനകള്‍ പ്രകാരം നമ്മള്‍ എഴുതുന്നതും പറയുന്നതുമായ ഒട്ടു മിക്ക കാര്യങ്ങളും സര്‍ക്കാറിന്റെയോ കോടതികളുടെയോ ഔദാര്യത്തിലാണ്. ഇത് കൂടാതെ സെഡിഷന്‍ , ആര്‍ട്ടിക്കിള്‍ 352 ,356 360 തുടങ്ങിയ വകുപ്പുകളുമുണ്ട്. സിനിമ തിയേറ്ററില്‍ ദേശിയ ഗാനം ചൊല്ലുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാനുള്ള ഉത്തരവിനെ എതിര്‍ത്താല്‍ രാജ്യദ്രോഹത്തിനു അറസ്റ്റ് ചെയ്യുന്ന കാലമാണ്. ഈ കാലത്തിലാണ് ലിബറലുകള്‍ എന്ന് സ്വയം വിളിക്കുന്നവര്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ആളുകളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുക്കുന്നതിന്റെ ഫേസ്ബുക് ലൈവ് ചെയ്യുന്നത്.

വിഷ്ണുവിനെ അറസ്‌റ് ചെയ്യിക്കുകയും ജോലി നഷ്ടപ്പെടുത്തുകയും ചെയ്യുക വഴി സംഘപരിവാറിന്റെ കെണിയില്‍ കുടുങ്ങുകയാണ് എടുത്തു ചട്ടക്കാരായ മോദി വിരുദ്ധര്‍ ചെയ്തത്. ഭരണഘടന ഒരു ലിബറല്‍ ഡോക്യുമെന്റ് ആണ്. ലിബറലുകള്‍ ആണ് അതെഴുതിയുണ്ടാക്കിയത്. സംഘപരിവാര്‍ ഭരണഘടന തുടക്കത്തിലേ എതിര്‍ത്തവരാണ്. അവര്‍ക്കാണത് നശിച്ചു കാണേണ്ടത്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനയുടെ ആധാര ശിലകളിലൊന്നാണ്. കിംവദന്തികള്‍, ഗൂഢ പ്രചാരണങ്ങള്‍ , നുണകള്‍ തുടങ്ങിയവയാണ് വിദ്വേഷ പ്രചാരകരുടെ ആയുധങ്ങള്‍. അഭിപ്രായ സ്വാതന്ത്ര്യം അവര്‍ക്കാവശ്യമില്ല, അതവരുടെ എതിരാളികളുടെ ആയുധമാണ്. അത് തകര്‍ക്കാനുള്ള പോരാട്ടത്തിലെ പ്രതീകാത്മക ബലിദാനിയാണ് വിഷ്ണു.

ശത്രുവിനോട് യുദ്ധം ചെയ്യാന്‍ ശത്രുവിന്റെ രൂപമെടുക്കുന്ന മിത്തോളജിക്കല്‍ കഥാപാത്രം പോലെയാണ് ഫാസിസം. ചരിത്രത്തില്‍ പലപ്പോഴും ഫാസിസ്റ്റുകള്‍ ലിബറലുകളായിട്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലിബറലുകള്‍ ഫാസിസ്റ്റുകളുടെ രൂപമെടുക്കുന്നതിനു ചരിത്രത്തില്‍ സമാനതകളില്ലായിരുന്നു, കഴിഞ്ഞ ആഴ്ച വരെ .

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ